|

കപ്പോ? ഇവിടെ അതൊന്നും പരിചയമില്ല, ഭാഗ്യതാരം ഉണ്ടായിട്ടും ആര്‍.സി.ബി പ്ലേ ഓഫില്‍ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ നിര്‍ഭാഗ്യത്തിന്റെ കണക്കെടുത്താല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ മറികടക്കാന്‍ ഒരു ടീമും കാണില്ല. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ആര്‍.സി.ബി പ്ലേ ഓഫില്‍ കയറിയത്. എന്നാല്‍ ഈ വര്‍ഷവും ഫൈനല്‍ കളിക്കാന്‍ പോലും സാധിക്കാതെ ആര്‍.സി.ബി പുറത്തായിരിക്കുകയാണ്.

ഏറ്റവും കൂടുതല്‍ തവണ പ്ലേ ഓഫില്‍ കയറിയിട്ട് കപ്പ് നേടാന്‍ സാധിക്കാത്ത ടീം ആര്‍.സി.ബി യാണ്. ഐ.പി.എല്‍ കിരീടമെന്ന ആര്‍.സി.ബി ടീമിന്റെയും ആരാധകരുടേയും കാത്തിരിപ്പ് ഇനിയും നീളും.

ഐ.പി.എല്ലിലെ ലക്കി ചാം എന്ന് വിളിപ്പേരുള്ള കളിക്കാരനാണ് കരണ്‍ ശര്‍മ. മൂന്ന് വ്യത്യസ്ഥ ടീമുകളില്‍ നിന്നുമായി നാല് തവണയാണ് താരം ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടത്.

ആര്‍.സി.ബി ടീമിന്റെ അംഗമായിരുന്നു ഇത്തവണ കരണ്‍ ശര്‍മ. താരത്തിന്റെ സാന്നിധ്യം ആര്‍.സി.ബിയിലും ഭാഗ്യം കൊണ്ട് വരുമെന്ന് ആരാധകര്‍ വിശ്വസിച്ചുരുന്നു. എന്നാല്‍ ആര്‍.സി.ബിയുടെ നിര്‍ഭാഗ്യം തടുക്കാന്‍ കരണിനും സാധിച്ചില്ല.

2009ലാണ് താരം ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്, എന്നാല്‍ ഒറ്റ കളി മാത്രമായിരുന്നു അന്ന് കരണിന് കളിക്കാനായത്. ശേഷം 2013ലായിരുന്നു താരത്തിന്റെ മടങ്ങിവരവ്. ഇതിന് ശേഷം നാല് കിരീടമാണ് താരം നേടിയത്.

2016ലായിരുന്നു കരണിന്റെ ആദ്യ കിരീടനേട്ടം. 2016ല്‍ ഡേവിഡ് വാര്‍ണറിന്റെ കീഴില്‍ ഹൈദരാബാദ് കപ്പുയര്‍ത്തുമ്പോള്‍ സണ്‍റൈസേഴ്സിനൊപ്പമായിരുന്നു കരണ്‍ ശര്‍മ. ഫൈനലില്‍ ആര്‍.സി.ബിയായിരുന്നു ഹൈദരാബാദിന്റെ എതിരാളികള്‍.

പിന്നീട് 2017ല്‍ കരണ്‍ ശര്‍മയെ മുംബൈ ഇന്ത്യന്‍സ് റാഞ്ചുകയായിരുന്നു. ഫൈനലില്‍ പൂനെ സൂപ്പര്‍ജയന്റ്സിനെ തകര്‍ത്ത് മുംബൈ കപ്പുയര്‍ത്തുകയായിരുന്നു. ഇതോടെ ടീമിന്റെ ലക്കി ചാമായി കരണിനെ ആരാധകര്‍ വാഴ്ത്തിയിരുന്നു.

എന്നാല്‍ കഥ ഇവിടെയും അവസാനിക്കുന്നില്ല. 2018ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്കായിരുന്നു കരണ്‍ തന്റെ തട്ടകം മാറ്റിയത്. 2015ന് ശേഷം രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം തിരിച്ചെത്തിയ സി.എസ്.കെ ആ വര്‍ഷം ചാമ്പ്യന്മാരാകുകയായിരുന്നു.

ഇതോടെ ഐ.പി.എല്ലില്‍ ഹാട്രിക്ക് കിരീടം നേടുന്ന ആദ്യ കളിക്കാരാനായി കരണ്‍ മാറുകയായിരുന്നു. പിന്നീട് സി.എസ്.കെ 2021ല്‍ കപ്പടിച്ചപ്പോഴും കരണ്‍ ടീമിലുണ്ടായിരുന്നു.

50 ലക്ഷത്തിനായിരുന്നു ആര്‍.സി.ബി. കരണിനെ സ്വന്തമാക്കിയത്. നിര്‍ഭാഗ്യരെന്ന് മുദ്രകുത്തപ്പെട്ട ആര്‍.സി.ബിയുടെ ഭാഗ്യമാകാന്‍ ലക്കി ചാം എന്നറിയപ്പെട്ട കരണിനും സാധിക്കാതെ പോയി.

എലിമിനേറ്റര്‍ മത്സരത്തില്‍ കെ.എല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത ആര്‍.സി.ബി ക്വാളിഫയര്‍ രണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് പുറത്താകുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി യുവതാരം രജത് പാടിദാറിന്റെ അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍
157 റണ്‍ നേടിയിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ ഓറഞ്ച് ക്യാപിന് ഉടമയായ ജോസ് ബട്ലറിന്റെ സെഞ്ച്വറി മികവില്‍ അനായാസം ജയിക്കുകയായിരുന്നു. നാളെ നടക്കുന്ന ഫൈനലില്‍ രാജസ്ഥാന്‍ ഗുജറാത്തിനെ നേരിടും.

Content Highlights: karan sharma couldn’t bring luck to royal challengers banglore

Latest Stories

Video Stories