| Monday, 21st November 2016, 11:10 am

നോട്ട് ആസാധുവാക്കലിലൂടെ മോദി നടപ്പിലാക്കിയത് കാള്‍ മാര്‍ക്‌സിന്റെ അജണ്ട: എങ്ങനെയെന്ന് ഉമാഭാരതി വിശദീകരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ലോകമെമ്പാടുമുള്ള ഇടതുസംഘടനകള്‍ മോദിജിയെ അഭിനന്ദിക്കണമെന്നും അവര്‍ പറഞ്ഞു.


ന്യൂദല്‍ഹി: കള്ളപ്പണം തടയാന്‍ നോട്ടുപിന്‍വലിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത് മാര്‍ക്‌സിന്റെ അജണ്ടയാണെന്ന് ബി.ജെ.പി നേതാവ് ഉമാഭാരതി. മാക്‌സ് മുന്നോട്ടുവെച്ച കാര്യങ്ങളാണ് മോദിയിപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നതെന്നും ഉമാഭാരതി അഭിപ്രായപ്പെട്ടു. ഇക്‌ണോമിക്‌സ് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

“ഇത് ശരിക്കും മാക്‌സിന്റെ അജണ്ടയാണ്. അത് പിന്നീട് ലോഹ്യയും പിന്നെ കാന്‍ഷി റാമും പറഞ്ഞു. മാര്‍ക്‌സ് ആവശ്യപ്പെട്ട കാര്യങ്ങളാണ് പ്രധാനമന്ത്രി നടപ്പിലാക്കിയത് എന്നതാണ് വാസ്തവം.” ഉമാഭാരതി പറയുന്നു.


Also Read: കാണ്‍പൂര്‍ അപകടം: പരിക്കേറ്റവര്‍ക്ക് ധനസഹായമായി മോദി സര്‍ക്കാര്‍ നല്‍കിയത് അസാധുവാക്കിയ നോട്ടുകള്‍


എങ്ങനെയാണ് മോദിയുടെ നയം മാര്‍ക്‌സിന്റേതാവുന്നതെന്ന് ചോദിച്ചപ്പോള്‍ ഉമാഭാരതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ” ഇവിടെ സമത്വം വേണമെന്നാണ് മാര്‍ക്‌സ് എല്ലായ്‌പ്പോഴും പറഞ്ഞത്. യാതൊരു വിവേചനവും പാടില്ല. ഒരു വ്യക്തിക്ക് 12 മുറികളുള്ള വീടുണ്ടെങ്കില് മറ്റൊരിടത്ത് ഒരു മുറിയില്‍ 12 പേര്‍ ഉറങ്ങുന്നുണ്ടാവും. അത്തരം വിവേചനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. അതാണ് സത്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുകൊണ്ടിരിക്കുന്നത്. സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും ഇടയിലുള്ള അകലം ഇല്ലാതാക്കുക.”

ജന്‍ ധന്‍ അക്കൗണ്ടുകളിലൂടെയും മുദ്ര യോജനയിലൂടെയും കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിലൂടെയുമൊക്കെയേ ഇതു നടക്കൂവെന്നും ഉമാഭാരതി പറയുന്നു. ലോകമെമ്പാടുമുള്ള ഇടതുസംഘടനകള്‍ മോദിജിയെ അഭിനന്ദിക്കണമെന്നും അവര്‍ പറഞ്ഞു.

വ്യക്തിയെന്ന നിലയില്‍ മോദിജി സൂപ്പര്‍ ഹീറോ ആണെന്നും ഉമാ ഭാരതി പറഞ്ഞു. “ഒരു സൂപ്പര്‍ഹീറോ ആകാന്‍ കഴിയുന്ന സന്യാസിയാണ് അദ്ദേഹമെന്നും എനിക്കു പറയാന്‍ കഴിയും. ഈ ഘട്ടത്തില്‍ മോദിയെപ്പോലുള്ളവരാണ് ഇന്ത്യയ്ക്ക് ആവശ്യം.” മോദിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ ഉമാ ഭാരിതിയുടെ മറുപടി ഇതായിരുന്നു.

We use cookies to give you the best possible experience. Learn more