തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡ് പൂര്‍ത്തിയായി. 29 അനധികൃത വായ്പ രേഖകളാണ് റെയ്ഡില്‍ കണ്ടെത്തിയത്.
29 വായ്പകളില്‍ നിന്നായി 14.5 കോടി രൂപ വകമാറ്റിയതായും കണ്ടെത്തി. ബിനാമി രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തി എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികളെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തു. പ്രതികളുടെ മൊഴി പ്രകാരമാണ് കൂടുതല്‍ രേഖകള്‍ കണ്ടെടുത്തത്.
ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ ആറ് പ്രതികളായ റെജി അനില്‍ കുമാര്‍, കിരണ്‍, ബിജു കരീം, ബിജോയ് എ.കെ., ടി.ആര്‍. സുനില്‍ കുമാര്‍, സി.കെ. ജില്‍സ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി, കൊരുമ്പിശ്ശേരി എന്നിവിടങ്ങളിലായിരുന്നു പരിശോധന നടന്നത്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ സംഘത്തിന്റെ പരിശോധന.
അതിനിടെ കേസില്‍ നാല് പ്രധാന പ്രതികളെ പൊലീസ് പിടികൂടി. ഒളിവില്‍ കഴിയുകയായിരുന്ന ബിജു കരീം, ബിജോയ്, സുനില്‍ കുമാര്‍, ജില്‍സ് എന്നിവരാണ് പിടിയിലായത്. ബിജു കരീം ബാങ്കിന്റെ മാനേജരും സുനില്‍ കുമാര്‍ സെക്രട്ടറിയും ആയിരുന്നു.
ജില്‍സ് ആയിരുന്നു ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റ്, ബിജോയ് കമ്മീഷന്‍ ഏജന്റായിരുന്നു. തൃശ്ശൂര്‍ നഗരത്തിലെ ഫ്‌ളാറ്റില്‍ ഒഴിവില്‍ കഴിയുകയായിരുന്നു ഇവര്‍.
സി.പി.ഐ.എമ്മിന്റെ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ് ബിജു കരീം. സെക്രട്ടറി ടി ആര്‍ സുനില്‍കുമാര്‍ കരുവന്നൂര്‍ ലോക്കല്‍കമ്മിറ്റി അംഗമാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Karivannur Bank loan accused house raided by crime branch