അമ്മമാര്‍ക്കായി കരിഷ്മയുടെ പുസ്തകം; മൈ യമ്മി മമ്മി ഗൈഡ്'
Movie Day
അമ്മമാര്‍ക്കായി കരിഷ്മയുടെ പുസ്തകം; മൈ യമ്മി മമ്മി ഗൈഡ്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2013, 12:52 pm

[]മുംബൈ: ബോളിവുഡില്‍ താരറാണിയായിരുന്നതിനേക്കാള്‍ സന്തോഷത്തിലാണ് രണ്ട് കുട്ടികളുടെ അമ്മ എന്ന നിലയില്‍ താനെന്ന് ബോളിവുഡ് താരം കരിഷ്മ കപൂര്‍. താരപദവി തന്നെ ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ലെന്നും കരിഷ്മ കപൂര്‍ പറയുന്നു.

അഭിനയരംഗത്ത് നിന്ന് വിട്ടിട്ടും താരപദവി തനിക്ക് നഷ്ടപ്പെട്ടില്ല. പൊതുയിടങ്ങളില്‍ താന്‍ ഇന്നും ഒരു താരം തന്നെയാണ്. പക്ഷേ, ഒരു അമ്മ എന്ന നിലയിലാണ് താന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും തൃപ്തയാകുന്നതും.[]

കുടുംബത്തെ നോക്കുന്നതും വീട് നല്ല രീതിയില്‍ കൊണ്ടുപോകുന്നതും ശരിക്കും ആസ്വദിക്കുന്നുണ്ട്. കുടുംബം കഴിഞ്ഞിട്ടേ തനിക്ക് മറ്റെന്തുമുള്ളൂ. ലോകത്ത് മറ്റൊന്നും തനിക്ക് ഇത്ര സന്തോഷം തന്നിട്ടില്ല. കരിഷ്മ പറയുന്നു.

അഭിനയത്തില്‍ നിന്ന് മാറി ഇപ്പോള്‍ പുസ്തകമെഴുതുന്നതിന്റെ തിരക്കിലാണ് കരിഷ്മ ഇപ്പോള്‍. മാതൃത്വത്തെ കുറിച്ചുള്ള കരിഷ്മയുടെ പുസ്തകം “മൈ യമ്മി മമ്മി ഗൈഡ്” പുറത്തിറങ്ങാനിരിക്കുകയാണ്.

ആദ്യമായി അമ്മയാകാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് കരിഷ്മ തന്റെ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. മാതൃത്വത്തെ കുറിച്ച് തനിക്ക് പറയാന്‍ ഇനിയും ഒരുപാട് കാര്യങ്ങളുണ്ടെന്നും കരിഷ്മ പറയുന്നു.

മാതൃത്വമെന്നാല്‍ എനിക്ക് ഈ ലോകം തന്നെയാണ്. അത് കഴിഞ്ഞേ മറ്റെന്തുമുള്ളൂ. അതിനാല്‍ തന്നെ പുസ്തകത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷയുണ്ട്. മാതൃത്വത്തെ കുറിച്ചുള്ള എന്റെ മുഴുവന്‍ കാര്യങ്ങളും പുസ്തകത്തില്‍ പറയാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്.

താന്‍ എന്താണെന്നും അമ്മയെന്ന നിലയിലെ ആനന്ദങ്ങളുമാണ് ഞാന്‍ പുസ്തകത്തിലൂടെ പറയാന്‍ ശ്രമിച്ചത്. കരിഷ്മ പറയുന്നു. എട്ടുവയസ്സുകാരി സമൈറയും മൂന്ന് വയസ്സുകാരന്‍ കിയാനുമാണ് കരിഷ്മയുടെ മക്കള്‍.