1969 ല്‍ ചേളാരിയിലെ വയലിലും വിമാനം ഇടിച്ചിറങ്ങി, കരിപ്പൂരിനും മുമ്പ് മലപ്പുറത്ത് മറ്റൊരു വിമാനത്താവളമുണ്ടായിരുന്നു
Discourse
1969 ല്‍ ചേളാരിയിലെ വയലിലും വിമാനം ഇടിച്ചിറങ്ങി, കരിപ്പൂരിനും മുമ്പ് മലപ്പുറത്ത് മറ്റൊരു വിമാനത്താവളമുണ്ടായിരുന്നു
റിയാസ് അബൂബക്കര്‍
Saturday, 8th August 2020, 3:58 pm

കരിപ്പൂരില്‍ എയര്‍ഇന്ത്യ വിമാനം അപകടത്തില്‍പെട്ട വാര്‍ത്ത കേട്ടതിന്റെയും ദൃശ്യങ്ങള്‍ കണ്ടതിന്റെയും നടുക്കത്തിലാണ് കേരളം. എന്നാല്‍ ചേളാരിക്കാര്‍ക്കിത് മറ്റൊരു നടുക്കുന്ന വിമാനാപകടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. 1969 ജനുവരി 17 നു മറ്റൊരു വെള്ളിയാഴ്ച ചേളാരിയിലെ പഴയ എയര്‍സ്ട്രിപ്പില്‍ ദി ഹിന്ദു പത്രത്തിന്റെ ഡെക്കോട്ട വിമാനം തകര്‍ന്ന് വീണ് പൈലറ്റും സഹപൈലറ്റും മരിച്ചത് പഴയ തലമുറയിലെ ചിലര്‍ക്കെങ്കിലും ഓര്‍മ്മയില്ലാതിരിക്കില്ല!

1969 ജനുവരി 17 നാണ് ഹിന്ദു പത്രത്തിന്റെ ഡെക്കോട്ട വിമാനം (Douglas C-47A-50-DL) രാവിലെ 6.45 ന് ചേളാരിയിലെ എയര്‍ സ്ട്രിപ്പിന് സമീപത്തെ വയലിലേക്ക് തകര്‍ന്ന് വീണത്. പത്രക്കെട്ടുകള്‍ ഇറക്കി തിരിച്ചു പറക്കുന്നതിനിടയില്‍ വിമാനം ഒരു വശത്തേക്ക് ചിറകുകുത്തിവീണു. എഞ്ചിന്‍ തകരായായിരുന്നത്രെ കാരണം. വിമാനം വീണ് ഒരു മണിക്കൂറോളം കാഴ്ച മറക്കുന്ന പൊടിയായിരുന്നു. പൈലറ്റ് മെഹ്ത്തയും സഹപൈലറ്റ് റെഡ്ഢിയും വിമാനത്തില്‍ നിന്നും വയലിലേക്ക് തെറിച്ചുവീണു.

സഹപൈലറ്റ് റെഡ്ഢി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാലുകള്‍ വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. മെഹ്തയില്‍ ജീവന്റെ തുടിപ്പ് ബാക്കിയുണ്ടായിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അപകടത്തിന് ദൃസാക്ഷിയായിരുന്ന ഹിന്ദു പത്രത്തിന്റെ അന്നത്തെ സബ് ഏജന്റ് ചേളാരിക്കാന്‍ ബാവാക്ക. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നും ഡോക്ടര്‍മാരെത്തി പൈലറ്റുമാരുടെ മൃതദേഹം സംഭവസ്ഥലത്ത് തന്നെ ടെന്റ് കെട്ടി പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നുവെത്രെ.

തകര്‍ന്ന വിമാനം ഒരുമാസത്തോളം സംഭവസ്ഥലത്ത് കിടന്നു. പിന്നീട് യന്ത്രഭാഗങ്ങള്‍ അഴിച്ച് വേര്‍പെടുത്തിയാണ് ചേളാരിയില്‍ നിന്നും കൊണ്ടുപോയത്.

ചേളാരിയില്‍ വിമാനത്താവളമോ?

ചേളാരിയില്‍ അങ്ങിനെയൊരു എയര്‍സ്ട്രിപ്പ് ഉണ്ടായിരുന്നോ എന്നതായിരിക്കും പലരുടെയും സംശയം. എന്നാല്‍ സംശയിക്കേണ്ട. അങ്ങിനെയൊന്ന് ഉണ്ടായിരുന്നു ചേളാരിയില്‍. മാവൂരിലെ ഗ്രാസിം അഥവാ ഗ്വാളിയോര്‍ റയോണ്‍സിലേക്കുള്ള യാത്ര എളുപ്പമാക്കാന്‍ 1962 ല്‍ ബിര്‍ളാ കമ്പനിയാണ് ചേളാരിയില്‍ ഒരു സ്വകാര്യ മിനി വിമാനത്താവളം നിര്‍മിച്ചത്. അന്നത്തെ ബിര്‍ളാ മാനേജര്‍ ആയിരുന്ന കേണല്‍ രാജന്‍ ആണ് ചേളാരിക്കാരനായ ആലിക്കുട്ടിഹാജിയുടെ 92 ഏക്കര്‍ സ്ഥലം വിലക്കെടുത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ആലിക്കുട്ടി ഹാജിക്ക് തന്നെയായിരുന്നു നിര്‍മ്മാണകരാര്‍. എട്ട് കിലോമീറ്റര്‍ നീളത്തിലുള്ള റണ്‍വേയുമായി ഒന്നര വര്‍ഷം കൊണ്ട് എയര്‍ സ്ട്രിപ്പ് പ്രവര്‍ത്തനസജ്ജമായി.

ദേശീയപാതയുടെ കിഴക്ക് ഭാഗത്തായി ഇറങ്ങുന്ന വിമാനം പാത മുറിച്ച കടന്ന് പടിഞ്ഞാറോട്ട് കുതിച്ച് ലാന്റ് ചെയ്യുന്ന രീതിയിലായിരുന്നു റണ്‍വേയുടെ നിര്‍മ്മാണം. വിമാനം ലാന്റ് ചെയ്യുന്ന സമയം ഇരുപത് മിനിറ്റോളം ദേശീയപാതയുടെ ഇരുവശവും ചങ്ങലയിട്ട് പൂട്ടി ഗതാതം നിയന്ത്രിക്കും.

ബിര്‍ളയുടെ സ്വകാര്യാവശ്യത്തിനു നിര്‍മ്മിച്ചതായിരുന്നെങ്കിലും ദി ഹിന്ദുവിന്റെ പത്രമിറക്കാനായും ചേളാരി എയര്‍സ്ട്രിപ്പ് ഉപയോഗിച്ചിരുന്നു. ദിവസവും രാവിലെ ആറേകാലോടെ പത്രവുമായി ഹിന്ദുവിന്റെ ഡെക്കോട്ട വിമാനം ചേളാരിയിലെത്തും. കോഴിക്കോട്, കണ്ണൂര്‍, തലശ്ശേരി, വടകര എന്നിവിടങ്ങളിലേക്കുള്ള 3250 ഓളം കോപ്പികളുമായാണ് വിമാനം ദിവസേന ചേളാരിയുടെ മണ്ണില്‍ പറന്നിറങ്ങിയിരുന്നത്.

അപകടത്തിനുശേഷം ഹിന്ദുവിന്റെ വിമാനം ചേളാരിയില്‍ വന്നിട്ടില്ലെങ്കിലും കരിപ്പൂര്‍ വിമാനത്താവളം വരുന്നതുവരെ ചേളാരിയിലെ എയര്‍സ്ട്രിപ്പ് പ്രവര്‍ത്തിച്ചിരുന്നു (കരിപ്പൂര്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിനുമുന്‍പ് ബിര്‍ളയുടെ ഈ സ്വകാര്യ വിമാനത്താവളം ഏറ്റെടുത്ത് കോഴിക്കോട് വിമാനത്താവളമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ഉയര്‍ത്തി ഇന്ത്യന്‍ എയര്‍ലൈന്‍സ് ഇതിനെ എതിര്‍ക്കുകയായിരുന്നു).

ചേളാരി വിമാനത്താവളം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ബോട്ടിലിംഗ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. യൂണിറ്റിന്റെ എതിര്‍വശം ദേശീയപാതയ്ക്ക് അപ്പുറം തകര്‍ന്ന എയര്‍സ്ട്രിപ്പിന്റെ ഭാഗങ്ങള്‍ ഇപ്പോഴും കാണാനാകും.

(വിവരങ്ങള്‍ക്ക് കടപ്പാട്: കാലിക്കറ്റ് യൂണിവേസിറ്റിയില്‍ എം.സി.ജെക്ക് പഠിക്കുമ്പോള്‍ ഞങ്ങളുടെ ലാബ് ജേര്‍ണലായിരുന്ന ക്രോണിക്കിളില്‍ സുഹൃത്തുക്കളായ മുഹമ്മദ് നൗഫലും പ്രവീണും എഴുതിയ ‘കരിപ്പൂരിനുമുമ്പ് യന്ത്രപക്ഷികളിറങ്ങിയ ചേളാരി’ എന്ന ഫീച്ചര്‍.)

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക