കോഴിക്കോട്: കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ.
ഒരു അപകടമുണ്ടാകുമ്പോള്‍ കഴിയുന്നത്ര ജീവന്‍ രക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ ചിലരൊക്കെ പിപിഇ ധരിച്ചായിരുന്നു എത്തിയത്. എന്നാല്‍ എല്ലാവര്‍ക്കും അതൊന്നും സാധിക്കില്ല. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നെന്നും മന്ത്രി പറഞ്ഞു.
ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ ജനങ്ങളുടെ നല്ല മനസ് ഒന്നുകൊണ്ട് മാത്രമാണ്. നാട്ടുകാര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്സ്, സുരക്ഷാ ജീവനക്കാര്‍, ആംബുലന്‍സ് പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്ത മുഖത്ത് പ്രവര്‍ത്തിച്ചത്.
പെട്ടന്നുണ്ടായ ദുരന്തത്തിന്റെ നടുക്കത്തില്‍ പലരും കൊവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാന്‍ സാധിക്കാതെയാണ് ദുരന്തമുഖത്തേയ്ക്ക് ഇറങ്ങിയത്. പരമാവധി ആള്‍ക്കാരെ രക്ഷിക്കാനും സാധിച്ചു. അതേസമയം കണ്ടൈന്‍മെന്റ് സോണായ എയര്‍പോര്‍ട്ട് പരിസരത്ത് രക്ഷാദൗത്യവുമായിറങ്ങിയ എല്ലാവരും സ്വരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കും വേണ്ടി ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായഅപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയവരെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചിരുന്നു. അപകടം ഉണ്ടായപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കിയത് വലിയൊരു ദുരന്താണ് ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവരെ രക്ഷിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അധികൃതരോടൊപ്പം കൊവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
രാത്രി വളരെ വൈകി രക്തദാനത്തിനായി എത്തി ഓരോ ജീവന്‍ രക്ഷിക്കാന്‍ തുനിഞ്ഞവരെയും അദ്ദേഹം അഭിനന്ദിച്ചു.ദുബായില്‍ നിന്നും കോഴിക്കോടേയ്ക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് (കത1344) അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.41ഓടെയാണ് അപകടമുണ്ടായത്.
പൈലറ്റ് അടക്കം 19 പേര്‍ മരിച്ചു. 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലായി 13 പേരാണ് ഇതുവരെ മരിച്ചത്. മലപ്പുറം ജില്ലയിലെ ആശുപത്രികളിലായി ആറ് പേരും മരിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക