ദാരികനെ വധിക്കുന്ന കാളീസങ്കല്പനമാണ് കരിങ്കാളി തെയ്യത്തിന്റെ ഉല്പത്തികഥ.
കാലിഡോസ്‌കോപ്പ് / പ്രകാശ് മഹാദേവഗ്രാമം
ആരവങ്ങളുടെയും വെള്ളിവെളിച്ചത്തിന്റെ തിളക്കത്തിന്റെയും ആയുസ്സേയുള്ളൂ തെയ്യത്തിനും തെയ്യക്കാരനും ആള്‍ക്കൂട്ടത്തിന്റെ മനസ്സില്‍. അതുകൊണ്ടുതന്നെയാണ് ഈ രംഗത്തെ അതികായകരായ പലരുടെയും ജീവിതം എവിടെയും അടയാളപ്പെടുത്താതെ പോയത്. തെക്കുംകര കരണമൂര്‍ത്തിയുടെയും കൃഷ്ണന്‍ അഞ്ഞൂറ്റാന്റെയും മാന്ത്രിക സ്പര്‍ശത്തിന് മുന്നില്‍ കൈകൂപ്പി നിന്ന ആയിരങ്ങളുണ്ട് വടക്കേമലബാറില്‍. പക്ഷെ, ഒരു ഇല പൊഴിയുന്ന നിശബ്ദതയോടെയാണ് ഇവര്‍ കടന്നുപോയത്.[]
മുടി മുറുക്കിക്കെട്ടുന്നതിന്റെയും ഉറക്കമൊഴിയുന്നതിന്റെയും വലിയ മുടികള്‍ പേറുന്നതിന്റെയും അനുബന്ധമായുള്ള രോഗദുരിതങ്ങള്‍ പേറേണ്ടി വരുന്നതാണ് ഇവരുടെ ജീവിത ഘട്ടങ്ങള്‍. തെക്കുംകര കരണമൂര്‍ത്തിയുടെ വൈരജാതന്‍ തെയ്യം പ്രേക്ഷകന്റെ മനസ്സില്‍ നിന്ന് മായില്ല. പക്ഷെ, ഈ മനുഷ്യന്റെ ദുരിതയാത്രകള്‍ ആരും അറിഞ്ഞില്ല. ഒടുവില്‍ ഞരമ്പുകള്‍ തളരുന്ന അസുഖം വന്ന് മംഗലാപുരത്തെ ആശുപത്രിയില്‍വെച്ച് ആയുസ്സെത്തുന്നതിന് മുമ്പെ നിശബ്ദമായ ഒരു യാത്രപറച്ചില്‍.
ഇങ്ങനെ കുറേ ഓര്‍മകളുമായാണ് ഉഷ്ണം കുത്തിയാളുന്ന ഒരു വൈകുന്നേരം ഗാന്ധിപാര്‍ക്കിലേക്ക് സി.ടി.പി.സിയുടെ ആഭിമുഖ്യത്തിലുള്ള ഉത്സവ പരിപാടിയില്‍ കരിങ്കാളി തെയ്യത്തിന്റെ ഫോട്ടോ എടുക്കാന്‍ പോയത്. അരങ്ങില്‍ ആടിതിമിര്‍ക്കുന്ന കരിങ്കാളി തെയ്യം. വളരെ അപൂര്‍വ്വമായി മാത്രമേ കരിങ്കാളി തെയ്യം കെട്ടിയാടാറുള്ളൂ.
ഒരു റെയര്‍ സ്‌നാപ്പ്.. ക്യാമറ രണ്ട് വട്ടം ക്ലിക്ക് ചെയ്തു.. തെയ്യം അണിയറയിലേക്ക് മടങ്ങി. ദാരികനെ വധിക്കുന്ന കാളീസങ്കല്പനമാണ് കരിങ്കാളി തെയ്യത്തിന്റെ ഉല്പത്തികഥ.
Phone: +91 9895 238 108
പ്രകാശ് മഹാദേവഗ്രാമത്തിന്റെ മറ്റു കാലിഡോസ്‌കോപ്പികള്‍:
ഒറ്റസ്‌നാപ്പിലൊതുങ്ങുന്നതല്ല ഈ ജീവിതം
തെയ്യമായാലും മനുഷ്യനായാലും പുലയന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനാണ്