| Saturday, 7th May 2022, 1:04 pm

നിരവധി പേര്‍ക്ക് ശബ്ദമാകാന്‍ കഴിയും; ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കറുത്ത വര്‍ഗക്കാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംങ്ടണ്‍: ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കറുത്ത വര്‍ഗക്കാരിയെ നിയമിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. കരീന്‍ ജീന്‍ പിയറിയാണ് ചരിത്ര സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ലെസ്ബിയന്‍ ലൈംഗികാഭിമുഖ്യം തുറന്നുപ്രഖ്യാപിച്ച വ്യക്തി അധികാരത്തിലെത്തുന്നതും ആദ്യത്തെ സംഭവമാണ്. മെയ് 13നായിരിക്കും കരീന്‍ ചുമതലയേല്‍ക്കുക.

വൈറ്റ് ഹൗസ് ചരിത്രത്തില്‍ ഉയര്‍ന്ന പദവിയിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് ഇവര്‍. കരീന്‍ പിയറിനെ പ്രസ് സെക്രട്ടറിയായി പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അനുഭവപരിചയം, കഴിവ്, സമഗ്രത എന്നിവ കണക്കിലെടുത്താണ് കരീനിനെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബൈഡന്‍ അധികാരത്തിലേറിയ കാലം മുതല്‍ കരീന്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുരോഗമന അഭിഭാഷക ഗ്രൂപ്പായ moveon.org ന്റെ ചീഫ് പബ്ലിക് അഫയേഴ്സ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വൈറ്റ് ഹൗസില്‍ പൊതുജനങ്ങളെ അഭിമുഖീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്റ്റാഫ് ജോലിയാണ് പ്രസ് സെക്രട്ടറി. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ കീഴിലായിരുന്നു തസ്തികയിലേക്ക് ആദ്യ സ്ത്രീയായി ഡീ ഡീ മേയേഴ്‌സ് ചുമതലയേല്‍ക്കുന്നത്.

സാക്കിയായിരുന്നു ബൈഡന്റെ കീഴിലെ മുന്‍ പ്രസ് സെക്രട്ടറി. റിപ്പബ്ലിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള മാധ്യമങ്ങളുമായുള്ള ക്രമക്കേടുകളെ തുടര്‍ന്നാണ് ബൈഡന്‍ സാക്കിയെ നിര്‍ദേശിച്ചത്. നര്‍മ്മത്തിലൂടെ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതില്‍ പ്രഗത്ഭയായിരുന്നു സാക്കി.

കരീന്‍ പിയറി അധികാരമേല്‍ക്കുന്നതിലൂടെനിരവിധി പേര്‍ക്ക് ശബ്ദമാകാന്‍ കഴിയുമെന്നും, ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ സ്വപ്നങ്ങള്‍ കീഴടക്കാമെന്നതിന്റെ ഉത്തമ ഉദാഹരണാണ് കരീനെന്നും സാക്കി പ്രതികരിച്ചു.

Content Highlights: Karine Jean-Pierre named first Black White House press secretary

We use cookies to give you the best possible experience. Learn more