ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…
കിസാന്‍: വികാസ് .പി.എ.
ശുദ്ധജലാശയങ്ങളിലും ഒരല്‍പം ശ്രദ്ധിച്ചാല്‍ വീടുകളിലെ ഒഴിഞ്ഞ കുളങ്ങള്‍, പാറമടകള്‍ തുടങ്ങി തീരപ്രദേശത്തുള്ള ഓരുജലസ്രോതസ്സുകളിലും കരിമീനിനെ വ്യാപകമായി വളര്‍ത്താം. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കരിമീന്‍ 750 ഗ്രാം വരെ വരുമെങ്കിലും 150 മുതല്‍ 250 ഗ്രാം വരെ വലുപ്പമുള്ള മത്സ്യങ്ങള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ പ്രിയം.
“കരിമീന്‍” എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളിയുടെ നാവില്‍ വെള്ളമൂറും. രുചിയും അതോടൊപ്പം ഭംഗിയും ഒത്തിണങ്ങിയതുകൊണ്ടാകാം മത്സ്യവിഭവങ്ങളില്‍ കരിമീനിനോട് മലയാളിക്കിത്ര പ്രിയം. കേരള സംസ്ഥാന സര്‍ക്കാര്‍ കരിമീനിനെ “സംസ്ഥാന മത്‌സ്യമായി”” പ്രഖ്യാപിക്കുകയും 2010-2011 വര്‍ഷം കരിമീന്‍ വര്‍ഷമായി ആചരിക്കുകയും ചെയ്തു. കേരളത്തില്‍ കിട്ടുന്ന കരിമീനിന്റെ പ്രശസ്തി കടല്‍ കടന്ന് വിദേശനാടുകളില്‍ വരെ എത്തിയത് പുതിയ കഥയല്ല. കേരളത്തില്‍ വരുന്ന വിദേശ സഞ്ചാരികള്‍ക്ക് എരിവു കുറഞ്ഞ രീതിയില്‍ തയാറാക്കുന്ന “”കരിമീന്‍ പൊള്ളിച്ചത്”” ഇഷ്ടവിഭവമാണ്. എന്നാല്‍ വിരോധാഭാസമെന്ന് പറയട്ടെ, മറ്റ് സംസ്ഥാനങ്ങളില്‍ കരിമീനിന് ആവശ്യക്കാര്‍ കുറവാണ്. അതുകൊണ്ട്തന്നെ അവിടെ നിന്ന് ധാരാളം കരിമീന്‍ കുറഞ്ഞ വിലയ്ക്ക് നമ്മുടെ മത്സ്യം വിപണിയില്‍ എത്തുന്നു. പക്ഷേ രുചി കുറവായതിനാല്‍ ഇവ വ്യാജന്‍മാരായാണ് പരക്കെ അറിയപ്പെടുന്നത്. []
“എട്രോപ്‌ളസ് സുറേറ്റന്‍സിസ്” എന്നാണ് കരിമീനിന്റെ ശാസ്ത്രീയ നാമം. ശുദ്ധജലാശയങ്ങളിലും ഈ കായല്‍മത്സ്യം വളര്‍ത്താം. ഒരല്‍പം ശ്രദ്ധിച്ചാല്‍ വീടുകളിലെ ഒഴിഞ്ഞ കുളങ്ങള്‍, പാറമടകള്‍ തുടങ്ങി തീരപ്രദേശത്തുള്ള ഓരുജലസ്രോതസ്സുകളിലും ഇതിനെ വ്യാപകമായി വളര്‍ത്താം. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കരിമീന്‍ 750 ഗ്രാം വരെ വരുമെങ്കിലും 150 മുതല്‍ 250 ഗ്രാം വരെ വലുപ്പമുള്ള മത്സ്യങ്ങള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ പ്രിയം.
മറ്റ് നാടന്‍ മത്സ്യ ഇനങ്ങളായ പൂമീന്‍, തിരുത, ചെമ്മീന്‍, വരാല്‍, കാളാഞ്ചി എന്നിവയ്‌ക്കൊപ്പമോ, ഒറ്റയായോ കരിമീന്‍ കൃഷി ചെയ്യാം. കേരളത്തില്‍ ചുരുക്കം ചില ചെമ്മീന്‍ കെട്ടുകളിലും മറ്റ് ജലസ്രോതസ്സുകളിലും വ്യാവസായിക അടിസ്ഥാനത്തില്‍ കരിമീന്‍ കൃഷി ചെയ്യുന്നുണ്ട്. ഈ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ ഒരു ഹെക്ടര്‍സ്ഥലത്ത് ഏകദേശം 30,000 കുഞ്ഞുങ്ങളെവരെ വളര്‍ത്താം. വില്‍പനയ്ക്ക് പാകമാകുന്ന വലുപ്പം എത്താന്‍ ഏകദേശം 10-12 മാസം വരെ വേണം.
കുളം ഒരുക്കല്‍
കരിമീന്‍ മത്സ്യകൃഷി ആരംഭിക്കുന്നതിനായി തെരഞ്ഞെടുത്ത കുളങ്ങള്‍, തോടുകള്‍, പാറമടകള്‍ എന്നിവയിലെ പായലും ജലസസ്യങ്ങളും പൂര്‍ണ്ണമായും മാറ്റി ഉപദ്രവകാരികളായ മത്സ്യങ്ങളും മറ്റും പൂര്‍ണ്ണമായും നശിപ്പിച്ചു കൃഷിയിടം വൃത്തിയാക്കുകയെന്നതാണ്. തുടര്‍ന്ന് കുളത്തിലെ പി.എച്ച് മൂല്യത്തിന് ആനുപാതികമായി കുമ്മായം ചേര്‍ക്കണം. പി.എച്ച്. മൂല്യം 7.5 ല്‍ താഴെയുള്ള ജലാശയങ്ങളില്‍ ഏക്കറിന് 500 കി.ഗ്രാം എന്ന തോതിലും, 7.5 ല്‍ അധികം ഉള്ള ജലാശയങ്ങളില്‍ 100 കി.ഗ്രാം എന്ന തോതിലും ചേര്‍ക്കാം. തുടര്‍ന്ന് പ്ലവകങ്ങള്‍ വളരാന്‍ വളപ്രയോഗം നടത്താം. ഒരു ഏക്കര്‍ ജലാശയത്തില്‍ ഒരു ടണ്‍ വരെ ചാണകമോ 300 കിലോഗ്രാം വരെ കോഴി, താറാവ് എന്നിവയുടെ കാഷ്ഠമോ ഉപയോഗിക്കാം. ഈ വളപ്രയോഗം നടത്തുന്നതുവഴി ജലാശയങ്ങളില്‍ ഉള്ള പ്ലവകങ്ങളുടെ എണ്ണവും വളര്‍ച്ചയും ഇത്തരത്തിലുള്ള സൂക്ഷ്മപ്ലവകങ്ങളും വര്‍ധിക്കും.
ജന്തുക്കളും മത്സ്യകുഞ്ഞുങ്ങളുടെ ഇഷ്ട ഭക്ഷ്യപദാര്‍ത്ഥങ്ങളാണ്.
കരിമീന്‍ കുഞ്ഞുങ്ങളുടെ ലഭ്യതകായലുകളിലും മറ്റ് ജലാശയങ്ങളിലും നിന്ന് പ്രകൃത്യാലഭിക്കുന്ന കരിമീന്‍ കുഞ്ഞുങ്ങളെ വളര്‍ത്തി വില്‍ക്കുന്ന രീതിയാണ് പ്രധാനമായും നിലവിലുള്ളത്. ഹാച്ചറികളില്‍ ആവശ്യാനുസരണം പ്രജനനം നടത്തി കുഞ്ഞുങ്ങളെ ലഭ്യമാക്കുന്ന സാങ്കേതിക വിദ്യ അനുവര്‍ത്തിച്ചാല്‍ ഈ രംഗത്ത് നേരിടുന്ന കരിമീന്‍ കുഞ്ഞുങ്ങളുടെ ക്ഷാമം ഒരുപരിധിവരെ നേരിടുവാന്‍ സാധിക്കും. കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (ഇ ങ എ ഞക ) ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്യത്തോടടുക്കുന്നു എന്നത് ആശാവഹമാണ്. മത്സ്യകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പും അനുബന്ധ സ്ഥാപനങ്ങളും കരിമീന്‍ വിത്തുത്പാദനത്തിന് പ്രത്യേകം പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. ഞാറയ്ക്കല്‍ പ്രവര്‍ത്തിച്ചുവരുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ശാസ്ത്രീയ കരിമീന്‍ കൃഷിയില്‍ പരിശീലന ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. ഫോണ്‍ : 0484 2492450 |
കരിമീന്‍ കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കല്‍
കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനുമുമ്പ് വൃത്തിയാക്കിയ കുളങ്ങളില്‍ 2-3 ആഴ്ചവരെ വെള്ളം നിറച്ച് ഇടണം. ഈ കാലയളവില്‍ കുളങ്ങളില്‍ ആവശ്യത്തിന് പ്ലവകങ്ങളുടെ ഉത്പാദനം നടക്കും. വേണ്ടത്ര ഓക്‌സിജന്‍ നിറച്ച പോളിത്തീന്‍ കവറുകളില്‍ വേണം കരിമീന്‍ കുഞ്ഞുങ്ങളെ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍. ഇത്തരത്തില്‍ കൊണ്ടുവരുന്ന കുഞ്ഞുങ്ങളെ കൃഷിയിടങ്ങളില്‍ നിക്ഷേപിക്കുന്നതിനുമുമ്പ് കുഞ്ഞുങ്ങള്‍ അടങ്ങിയ ബാഗുകള്‍/കവറുകള്‍ കുളത്തിലെ വെള്ളത്തില്‍ 20 മുതല്‍ 30 മിനിറ്റ് വരെ വയ്ക്കണം. തുടര്‍ന്ന് സാവകാശം കവറുകള്‍ തുറന്ന് കുറേശ്ശെയായി കുളത്തിലെ ജലം മത്സ്യകുഞ്ഞുങ്ങള്‍ അടങ്ങിയ പോളിത്തീന്‍ കവറുകളില്‍ ഒഴിക്കുക. ഈ പ്രക്രിയ 10 മുതല്‍ 20 മിനിറ്റ് വരെ തുടര്‍ന്നതിനുശേഷം കുഞ്ഞുങ്ങളെ കുറേശ്ശെ കുളങ്ങളിലേക്ക് തുറന്നു വിടാം.
തീറ്റയും പരിപാലനവും
മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു കഴിഞ്ഞാല്‍ 24 മണിക്കൂറിനുശേഷം തീറ്റകൊടുത്ത് തുടങ്ങാം. തീറ്റ നല്‍കാന്‍ കുളത്തിന് പല ദിശകളിലായി നിശ്ചിത അകലത്തില്‍ തീറ്റപാത്രങ്ങള്‍ സ്ഥാപിച്ച് തീറ്റ ഇതില്‍ നല്‍കണം. തിരി രൂപത്തിലുള്ള ഫാക്ടറി തീറ്റ കരിമീന്‍ മത്സ്യങ്ങള്‍ക്ക് മാത്രമായിട്ടുള്ളത് വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ കപ്പലണ്ടി പിണ്ണാക്ക്, തവിട് എന്നിവ 1:1 എന്ന അനുപാതത്തില്‍ കലര്‍ത്തി തീറ്റ തയ്യാറാക്കാം. ഇത്തരത്തില്‍ തീറ്റ തയ്യാറാക്കുമ്പോള്‍ കുറഞ്ഞ അളവില്‍ മീന്‍പൊടി, ചെമ്മീന്‍പൊടി, സോയാബീന്‍പൊടി, കക്കയിറച്ചി എന്നിവയും ചേര്‍ക്കണം.
മത്സ്യത്തിന്റെ ശരീര തൂക്കത്തിന്റെ 4 മുതല്‍ 5 ശതമാനം വരെ അളവില്‍ ഇതുപോലെ തയ്യാറാക്കിയ തീറ്റ ആദ്യദിവസങ്ങളില്‍ തന്നെ നല്‍കാം. മത്സ്യം വളരുന്നതിനനുസരിച്ച് അനുപാതം 2 മുതല്‍ 3 ശതമാനം വരെ ആക്കി കുറക്കാം. ഇത്തരത്തില്‍ തയ്യാറാക്കുന്ന തീറ്റയില്‍ ആഴ്ചയില്‍ ഒരിക്കല്‍ 1 ശതമാനം എന്ന തോതില്‍ വിറ്റാമിന്‍ ധാതുലവണ മിശ്രിതം ചേര്‍ത്ത് നല്‍കുന്നത് മത്സ്യങ്ങള്‍ക്ക് വളര്‍ച്ച ത്വരിതപ്പെടുന്നതിനും പ്രതിരോധ ശക്തിവര്‍ദ്ധിക്കുന്നതിനും വഴിയൊരുക്കും.
ഞാറയ്ക്കല്‍ കൃഷി വിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റാണ് ലേഖകന്‍.
കടപ്പാട്: കേരള കര്‍ഷകന്‍, 2011 ജൂണ്‍ ലക്കം
കിസാനിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കൂ..