| Tuesday, 30th May 2023, 4:53 pm

കരിം ബെന്‍സെമ റയല്‍ വിടുന്നു; ഇനി കളിയങ്ങ് സൗദിയില്‍ ക്രിസ്റ്റ്യാനോക്കെതിരെ; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സെമ ക്ലബ്ബ് വിടുന്നുവെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേതിന് സമാനമായ വേതനം നല്‍കി ബെന്‍സെമയെ സ്വന്തമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം 214 മില്യണ്‍ യൂറോക്ക് രണ്ട് വര്‍ഷത്തെ കരാറിലാണ് താരത്തെ ഇത്തിഹാദ് സ്വന്തമാക്കുക.

റയല്‍ മാഡ്രിഡില്‍ ബെന്‍സെമയുടെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ടെങ്കിലും അടുത്ത സീസണിലേക്കുള്ള ക്ലബ്ബിന്റെ സ്റ്റാറ്റസ് സംബന്ധ വിവരങ്ങള്‍ ബെന്‍സമയെ അറിയിച്ചിട്ടില്ലെന്നും തുടര്‍ന്ന് താരം റയല്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അല്‍ ഇത്തിഹാദിന്റെ ഓഫര്‍ ആദ്യം നിരസിച്ച ബെന്‍സെമ പിന്നീട് ക്ലബ്ബ് മോഹവില വാഗ്ദാനം ചെയ്തപ്പോള്‍ ക്ലബ്ബുമായി സൈനിങ് നടത്താന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബെന്‍സെമ റയലിന്റെ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ ക്രിസ്റ്റ്യാനോക്ക് ശേഷം ഉയര്‍ന്ന വേതനത്തില്‍ മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുന്ന ലോകത്തെ രണ്ടാമത്തെ താരമായി ബെന്‍സെമ മാറും. അതേസമയം, ക്രിസ്റ്റ്യാനോയുടെ അല്‍ നസറിന്റെ ചിര വൈരികളായ അല്‍ ഇത്തിഹാദ് ആണ് സൗദി പ്രോ ലീഗില്‍ ഒന്നാം സ്ഥാനത്ത്.

2009ല്‍ റയല്‍ മാഡ്രിഡിലെത്തിയ ബെന്‍സെമ 647 മത്സരങ്ങളില്‍ നിന്ന് 353 ഗോളും 165 അസിസ്റ്റുകളുമാണ് അക്കൗണ്ടിലാക്കിയിരിക്കുന്നത്. 2022-23 സീസണില്‍ മാത്രം 42 മത്സരങ്ങളില്‍ നിന്ന് 30 ഗോളും ആറ് അസിസ്റ്റുകളും സ്വന്തമാക്കാന്‍ ബെന്‍സെമക്ക് സാധിച്ചിരുന്നു.

Content Highlights: Karim Benzema will move to Saudi Arabia in the end of the season, report

We use cookies to give you the best possible experience. Learn more