സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി പിരിഞ്ഞ കരിം ബെന്‍സിമ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഈ സീസണിന്റെ അവസാനത്തോടെ റയലുമായുള്ള കരാര്‍ അവസാനിച്ച ബെന്‍സിമയെ ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അറേബ്യന്‍ മണ്ണിലേക്ക് നീങ്ങാനായിരുന്നു താരത്തിന്റെ തീരുമാനം.
റയല്‍ മാഡ്രിഡ് വിട്ടതിന് പിന്നാലെ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ക്ലബ്ബിനെ അണ്‍ഫോളോ ചെയ്തത് ശ്രദ്ധ നേടിയിരിക്കുകയാണ്. താരത്തെ വിമര്‍ശിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘വഞ്ചകനാണയാള്‍, ഒരു പതിറ്റാണ്ടിലധികം കാലം റയലിനായി കളിച്ച് ഒടുവില്‍ അദ്ദേഹം ക്ലബ്ബിനെ അണ്‍ഫോളോ ചെയ്തിരിക്കുന്നു’ എന്നു തുടങ്ങി ബെന്‍സിമയെ വിമര്‍ശിച്ച് നിരവധിയാളുകളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയും റയല്‍ മാഡ്രിഡ് വിട്ടപ്പോള്‍ ഇതുതന്നെ ചെയ്തിരുന്നെന്നും അത് ബെന്‍സിമ അനുകരിച്ചിരിക്കുകയാണെന്നും ട്വീറ്റുകളുണ്ട്. പണം കണ്ടപ്പോള്‍ പഴയ ക്ലബ്ബിനോട് അനാദരവ് കാട്ടിരിക്കുകയാണെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.
അതേസമയം, 2009ല്‍ ലിയോണില്‍ നിന്നുമാണ് ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ലോസ് ബ്ലാങ്കോസിന്റെ ഭാഗമാകുന്നത്. റയലിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് ടൈറ്റിലുകള്‍ സ്വന്തമാക്കിയ ബെന്‍സിമ നാല് തവണ റയലിനെ സ്പാനിഷ് ചാമ്പ്യന്‍മാരാക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
റയലിനായി കളിച്ച 647 മത്സരങ്ങളില്‍ നിന്നും 353 ഗോളുകളാണ് ബെന്‍സിമ അടിച്ചുകൂട്ടിയത്. 2022-23 സീസണില്‍ മാത്രം 42 മത്സരങ്ങളില്‍ നിന്ന് 30 ഗോളും ആറ് അസിസ്റ്റുകളും സ്വന്തമാക്കാന്‍ ബെന്‍സെമക്ക് സാധിച്ചു.
റെക്കോഡ് പ്രതിഫലത്തില്‍ മൂന്ന് വര്‍ഷത്തെ കരാറില്‍ അല്‍ ഇത്തിഹാദിലെത്തിയ ബെന്‍സിമ 2026 വരെയാണ് സൗദി ക്ലബ്ബിനൊപ്പം കളിക്കുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന അല്‍ നസറിനെ പിന്നിലാക്കി സൗദി പ്രോ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ടീമാണ് അല്‍ ഇത്തിഹാദ്.