| Tuesday, 23rd July 2024, 3:42 pm

ഈ വർഷത്തെ ബാലൺ ഡി ഓർ അവാർഡ് അവന് അർഹതപ്പെട്ടതാണ്: ബെൻസിമ

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ അവാർഡ് നേടാന്‍ ഏറ്റവും അര്‍ഹനായ താരം ആരാണെന്ന് പറഞ്ഞിരിക്കുകയാണ് ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സിമ. റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറാണ് ബാലണ്‍ ഡി ഓര്‍ നേടാന്‍ അര്‍ഹനെന്നാണ് ബെന്‍സിമ പറഞ്ഞത്.

‘ഞാന്‍ വിനിയുടെ പേരാണ് പറയാന്‍ പോകുന്നത്. കാരണം അവന്‍ ഈ സീസണില്‍ ഇത് അര്‍ഹിക്കുന്നുണ്ട്. ഈ വര്‍ഷത്തെ അവന്റെ മികച്ച പ്രകടനങ്ങള്‍ മാത്രമല്ല കഴിഞ്ഞ വര്‍ഷത്തിലെ മികച്ച പ്രകടനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ അവന്‍ മറ്റുള്ള താരങ്ങളെക്കാള്‍ മുകളില്‍ നില്‍ക്കുന്നു. അവന്‍ സമ്പൂര്‍ണനായ ഒരു ഫുട്‌ബോള്‍ താരമാണ് അവന്‍.

ടീമംഗങ്ങളുടെ സഹായത്തോടെ അവനു മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ സാധിക്കും. റയല്‍ മാഡ്രിഡിന് ആവശ്യമുള്ള സമയത്ത് എല്ലാം അവന്‍ മികച്ച രീതിയില്‍ ആണ് കളിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവന്‍ ഈ അവാര്‍ഡ് അര്‍ഹിക്കുന്നത് എന്ന് ഞാന്‍ കരുതുന്നത്. അവന്‍ എപ്പോഴും റയലില്‍ ഉണ്ട്. എല്ലായിപ്പോഴും എന്റെ പ്രിയപ്പെട്ട താരം വിനിയാണ്,’ കരിം ബെന്‍സിമ മാര്‍ക്കയിലൂടെ പറഞ്ഞു.

ഈ സീസണില്‍ റയല്‍ മാഡ്രിനൊപ്പം ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയ കിരീട നേട്ടത്തില്‍ ബ്രസീലിയന്‍ താരം പങ്കാളിയായിരുന്നു. 25 ഗോളുകളാണ് വിനീഷ്യസ് ലോസ് ബ്ലാങ്കോസിന് വേണ്ടി ഈ സീസണില്‍ അടിച്ചുകൂട്ടിയത്. എന്നാല്‍ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടാനുള്ള പോരാട്ടത്തില്‍ തന്റെ സഹതാരമായ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമും വിനീഷ്യസിന്റെ പുറകിലുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ഇരുവരുടെയും പ്രകടനങ്ങള്‍ നോക്കുകയാണെങ്കില്‍ കോപ്പ അമേരിക്കയില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്താനെ സാധിച്ചുള്ളൂ. ക്വാര്‍ട്ടറില്‍ ഉറുഗ്വായോട് പെനാല്‍ട്ടിയില്‍ പരാജയപ്പെട്ടാണ് ബ്രസീല്‍ പുറത്തായത്.

മറുഭാഗത്ത് യൂറോ കപ്പില്‍ ഇംഗ്ലണ്ടിനൊപ്പം ഫൈനല്‍ വരെ എത്താന്‍ ജൂഡിന് സാധിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം യൂറോ ഫൈനലിലും ഇംഗ്ലണ്ട് കാലിടറി വീഴുകയായിരുന്നു. കലാശ പോരാട്ടത്തില്‍ സ്‌പെയ്‌നിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.

Content Highlight: Karim Benzema Talks About Vinicius Juniour

We use cookies to give you the best possible experience. Learn more