ഈ സീസണിൽ മികച്ച പ്രകടനമാണ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസെമ കാഴ്ചവെക്കുന്നത്. 2022ലെ ബാലൺ ഡി ഓർ പുരസ്കാര ജേതവായ ബെൻസെമയെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്.
എന്തുകൊണ്ടും താരം ബാലൺ ഡി ഓർ പുരസകാരത്തിന് അർഹനാണെന്ന് ആളുകൾ ഒരേ സ്വരത്തിൽ പറയാൻ പാകത്തിലായിരുന്നു അദ്ദേഹത്തിന്റെ പെർഫോമൻസ്.
താരം തന്റെ 35ാം വയസിലും മികച്ച ഫോമിൽ തുടരുകയാണ്. ഇന്ന് ലോക ഫുട്ബോളിൽ പേരുകേട്ട സ്ട്രൈക്കർമാരിൽ ഒരാളായി മാറിക്കഴിഞ്ഞു അദ്ദേഹം.
അതേസമയം ലോകം കാത്തിരിക്കുന്ന ഖത്തർ ഫുട്ബോൾ മാമാങ്കത്തിന് ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ ബെൻസെമയിലാണ് ടീം ഫ്രാൻസ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.
മിന്നുന്ന പ്രകടനമാണ് താരം കാഴ്ച വെക്കുന്നതെങ്കിലും ലോകകപ്പിന്റെ ചരിത്രം പരിശോധിച്ചാൽ, നിരാശ മാത്രമാണ് താരത്തിനുണ്ടായിട്ടുള്ളത്. 2008 യൂറോ കപ്പിൽ ഫ്രാൻസിന്റെ ദേശീയ ടീമിനായി ബെൻസെമ കളിച്ചിരുന്നു.
2010ൽ നടന്ന ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിലും താരം ഫ്രാൻസിന്റെ ഭാഗമായിരുന്നെങ്കിലും ചില കാരണങ്ങളാൽ ഫ്രാൻസ് ടീമിൽ ബെൻസെമയെ ഉൾപ്പെടുത്തിയിരുന്നില്ല.
പിന്നീട് ടീമിൽ തിരിച്ചെത്തിയ ബെൻസെമ 2012 യൂറോ കപ്പിലും 2014 ലോകകപ്പിലും ഫ്രാൻസിനായി കളിച്ചു. 2014 ലോകകപ്പിൽ അദ്ദേഹം രണ്ട് ഗോളുകൾ നേടിയിരുന്നു.
അന്താരാഷ്ട്ര ഫുട്ബോളിൽ ബെൻസെമ കൂടുതലും തിരിച്ചടികളായിരുന്നു നേരിട്ടിരുന്നത്. റയലിന് വേണ്ടി മികച്ച നിലയിൽ കളിച്ചിട്ടും 2018ലെ ലോകകപ്പിൽ താരത്തെ ഉൾപ്പെടുത്താതിരുന്നത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
എന്നാൽ ഫ്രാൻസ് അന്ന് ലോക ചാമ്പ്യൻമാരായതോടെ ചർച്ചകൾ അപ്രസക്തമാവുകയായിരുന്നു.
പിന്നീട്, 2021-ൽ ഫ്രാൻസ് ദേശീയ ടീമിലേക്ക് ബെൻസെമ തിരിച്ചെത്തി. ഫ്രാൻസിന്റെ 26 അംഗ ലോകകപ്പ് ടീമിനെ ദെഷാംപ്‌സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2022 ലോകകപ്പിനുള്ള ഫ്രാൻസിന്റെ ടീമിൽ ബെൻസിമ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ഫ്രഞ്ച് പത്രപ്രവർത്തകൻ സാക്ക് നാനിക്ക് നൽകിയ അഭിമുഖത്തിൽ ബെൻസെമ തന്റെ ഒരു ആഗ്രഹത്തെക്കുറിച്ച് അടുത്തിടെ പറയുകയുണ്ടായി.
ഇതിഹാസ താരങ്ങളിൽ ആരുടെ കൂടെയാണ് കളിക്കാൻ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഫ്രഞ്ച് ഇതിഹാസം സിദാൻ, മുൻ റയൽ മാഡ്രിഡ് താരം റൊണാൾഡോ നസാരിയോ എന്നിവർക്ക് പുറമെ ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോക്കൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ബെൻസെമ മറുപടി നൽകിയത്.
“ലോകകപ്പിൽ കളിക്കുന്നത് അസാധാരണമാണ്, എല്ലാവരും അത് ചെയ്യാൻ ആഗ്രഹിക്കുന്നു. 2022 ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഫ്രഞ്ച് ദേശീയ ടീമിനൊപ്പം തിളങ്ങാനും അസാധാരണമായ കാര്യങ്ങൾ ചെയ്യാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്” ബെൻസെമ കൂട്ടിച്ചേർത്തു.
Content HIghlights: Karim Benzema speaks about his favorite players