കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളിനെ റയല്‍ മാഡ്രിഡ് കീഴ്പ്പെടുത്തിയിരുന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം.
വിനീഷ്യസ് ജൂനിയറിന്റെയും കരിം ബെന്‍സെമയുടെയും ഇരട്ട ഗോളുകളാണ് റയലിനെ വിജയക്കുതിപ്പിലേക്ക് നയിച്ചത്. എഡര്‍ മിലിറ്റാവോയാണ് റയലിനായി ഗോള്‍ നേടിയ മറ്റൊരു താരം.
മത്സരത്തിന്റെ 55ാം മിനിട്ടില്‍ റയല്‍ മാഡ്രിഡിനായി ഗോള്‍ നേടിയതോടെ ചാമ്പ്യന്‍സ് ലീഗില്‍ അത്യപൂര്‍വ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ബെന്‍സെമ.
ഈ ഗോളോടെ തുടര്‍ച്ചയായ 18 ചാമ്പ്യന്‍സ് ലീഗ് സീസണുകളില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമാകാന്‍ ബെന്‍സെമക്കായി.
അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ് ഈ നേട്ടത്തില്‍ ഒന്നാമത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ മറ്റാര്‍ക്കും ഈ നേട്ടത്തിലെത്താനായിട്ടില്ല.
അതേസമയം, മത്സരത്തിന്റെ തുടക്കത്തില്‍ ആന്‍ഫീല്‍ഡില്‍ സ്വപ്നതുല്യമായ തുടക്കമായിരുന്നു സ്വന്തം കാണികള്‍ക്കായി ചെമ്പട കാഴ്ചവെച്ചിരുന്നത്. കളിയുടെ നാലാം മിനിട്ടില്‍ ഡാര്‍വിന്‍ നൂനസിന്റേതായിരുന്നു ആദ്യ ഗോള്‍.
പത്താം മിനിട്ടില്‍ മുഹമ്മദ് സലായുടെ ഗോളിലൂടെ അവര്‍ക്ക് ലീഡുയര്‍ത്താനായി. ആദ്യ 14 മിനിട്ടില്‍ രണ്ട് ഗോളുകള്‍ വഴങ്ങേണ്ടി വന്നത് റയലിനെ തകര്‍ക്കുമെന്ന് കരുതിയെങ്കിലും സ്പാനിഷ് വമ്പന്മാരുടെ കിടിലന്‍ തിരിച്ചുവരവാണ് കണ്ടത്.
മാര്‍ച്ച് 16ന് മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് രണ്ടാം പാദ മത്സരം.
Content Highlights: Karim Benzema scores in 18 consecutive Champions League seasons after Lionel Messi