റൊണാൾഡോക്കും സംഘത്തിനും പുതിയൊരു എതിരാളി; സൗദിയിൽ അഴിഞ്ഞാടി റയൽ മാഡ്രിഡ് ഇതിഹാസം
Football
റൊണാൾഡോക്കും സംഘത്തിനും പുതിയൊരു എതിരാളി; സൗദിയിൽ അഴിഞ്ഞാടി റയൽ മാഡ്രിഡ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th September 2024, 3:50 pm

സൗദി പ്രോ ലീഗില്‍ അല്‍ ഇത്തിഹാദിന് തകര്‍പ്പന്‍ ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അല്‍ വെഹ്ദയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു അല്‍ ഇത്തിഹാദ് വീഴ്ത്തിയത്. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാതെയായിരുന്നു അല്‍ ഇത്തിഹാദ് പന്തുതട്ടിയത്.

മത്സരത്തില്‍ അല്‍ ഇത്തിഹാദിന് വേണ്ടി ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സിമ ഹാട്രിക് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ 2, 46, 89 എന്നീ മിനിട്ടുകളിലായിരുന്നു ബെന്‍സിമയുടെ ഗോളുകള്‍ പിറന്നത്.

ഇതിനോടകം തന്നെ ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും നാല് ഗോളുകളാണ് താരം നേടിയത്. താരത്തിന്റെ ഈ മിന്നും പ്രകടനങ്ങള്‍ വരും മത്സരങ്ങളിലും ആവർത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ബെന്‍സിമക്ക് പുറമെ ഹൗസേം ആഹര്‍ 13, ഫാബിഞ്ഞോ 45+4, ഫവാസ് അലി മര്‍സൂക്ക് അല്‍ സക്കൂര്‍ അല്‍ യാമി 55, സാലിഹ് അല്‍ഷൈഹ്രി എന്നിവരായിരുന്നു അല്‍ ഇത്തിഹാദിന്റെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍. യൂസഫ് അമിന്‍ ആയിരുന്നു അല്‍ വെഹ്ദക്ക് വേണ്ടി ഗോള്‍ നേടിയത്.

മത്സരത്തില്‍ 66 ശതമാനം ബോള്‍ പൊസിഷനും കൈവശം വെച്ച അല്‍ ഇത്തിഹാദ് 15 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ 11 എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 12 ഷോട്ടുകള്‍ അല്‍ ഇത്തിഹാദിന്റെ പോസ്റ്റിലേക്ക് ഉതിര്‍ത്ത അല്‍ വെഹ്ദക്ക് ആറെണ്ണവും ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സാധിച്ചു.

ഈ തകര്‍പ്പന്‍ വിജയത്തോടെ സൗദി പ്രോ ലീഗില്‍ മൂന്നു മത്സരങ്ങളും വിജയിച്ചുകൊണ്ട് ഒമ്പത് പോയിന്റോടെ ഒന്നാം സ്ഥാനത്തെത്താനും കരിം ബെന്‍സിമക്കും സംഘത്തിനും സാധിച്ചു. തോല്‍വിയോടെ മൂന്നു മത്സരങ്ങളില്‍ നിന്നും ഓരോ വീതം ജയവും തോല്‍വിയും സമനിലയുമായി നാലു പോയിന്റോടെ പതിനൊന്നാം സ്ഥാനത്താണ് അല്‍ വെഹ്ദ.

സെപ്റ്റംബര്‍ 21ന് രണ്ടാം സ്ഥാനക്കാരായ അല്‍ സിലാലിനെതിരെയാണ് അല്‍ ഇത്തിഹാദിന്റെ അടുത്ത മത്സരം. പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മറുഭാഗത്ത് സെപ്റ്റംബര്‍ 19 നടക്കുന്ന മത്സരത്തില്‍ അല്‍ വെഹ്ദ അല്‍ ഖുലൂദിനെയും നേരിടും. കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയമാണ് വേദി.

 

Content Highlight: Karim Benzema Score Hatric and Al Ithihad Great Win In Saudi Pro League