സൗദി മുസ്‌ലിം രാജ്യം, എപ്പോഴും ഒരു മുസ്‌ലിം രാജ്യത്ത് ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ബെന്‍സിമ
football news
സൗദി മുസ്‌ലിം രാജ്യം, എപ്പോഴും ഒരു മുസ്‌ലിം രാജ്യത്ത് ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ബെന്‍സിമ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th June 2023, 4:49 pm

സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി വിടപറഞ്ഞ കരിം ബെന്‍സെമ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദുമായി കഴിഞ്ഞ ദിവസമാണ് കരാറിലേര്‍പ്പെട്ടത്. ഫ്രണ്ട് ഓഫീസ് സ്പോര്‍ട്സിന്റെ റിപ്പോര്‍ട്ട് പ്രകാരം 643 മില്യണ്‍ യൂറോക്ക് മൂന്ന് വര്‍ഷത്തെ കരാറിലാണ് ബെന്‍സെമയെ അല്‍ ഇത്തിഹാദ് സൈന്‍ ചെയ്യുന്നത്.

താരം അല്‍ ഇത്തിഹാദുമായി കരാര്‍ ഒപ്പുവെച്ചതിന് ശേഷമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ക്ലബ്ബ് പുറത്തുവിട്ടിരുന്നു. അല്‍ ഇത്തിഹാദ് പ്രസിഡന്റ് അന്‍മര്‍ ബിന്‍ അബ്ദുല്ല അല്‍ഹൈലെ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ബെന്‍സിമ നല്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

അല്‍ ഇത്തിഹാദിലേക്കുള്ള കൂടുമാറ്റത്തിന് ശേഷം സൗദി ഒരു മുസ്‌ലിം രാജ്യമാണെന്നും അവിടെ ജീവിക്കുക എന്നത് എല്ലാഴ്‌പ്പോഴും തന്റെ ആഗ്രഹമാണെന്ന് പറയുകയാണ് ബെന്‍സിമ.

‘ഞാന്‍ മുസ്‌ലിമാണ്, ഇതൊരു മുസ്‌ലിം രാജ്യമാണ്. ഞാന്‍ എപ്പോഴും ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇതിനകം സൗദി അറേബ്യയില്‍ പോയിട്ടുണ്ട്. അതില്‍ എനിക്ക് സന്തോഷമുണ്ട്.

 

ഒരു മുസ്‌ലിം രാജ്യത്ത് ജീവിക്കുക എന്നത് പ്രധാനമാണ്. ഇത് ഒരു പുതിയ ജീവിതം നയിക്കാന്‍ അവസരമൊരുക്കും. മക്ക അടുത്തുള്ള സൗദി അറേബ്യയില്‍ ആയിരിക്കുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്, അത് എനിക്ക് പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ബെന്‍സിമ പറഞ്ഞതായി വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, 14 വര്‍ഷത്തിന് ശേഷമാണ് ബെന്‍സിമ റയല്‍ വിട്ട് സൗദി ക്ലബ്ബിലേക്ക് പോകുന്നത്. റയല്‍ മാഡ്രിഡിനായി കളിച്ച 648 മത്സരങ്ങളില്‍ നിന്ന് 353 ഗോളുകളും 165 അസിസ്റ്റുകളുമാണ് ബെന്‍സെമയുടെ സമ്പാദ്യം. ഇതിനുപുറമെ അഞ്ച് ചാമ്പ്യന്‍സ് ലീഗും നാല് ലാ ലിഗയുമടക്കം 24 മേജര്‍ കിരീടങ്ങളും ബെന്‍സെമ ലോസ് ബ്ലാങ്കോസിനായി സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Karim Benzema says Saudi Muslim country, I always want to live in a Muslim country