| Saturday, 4th June 2022, 5:27 pm

മെസി അത് പറഞ്ഞത് എന്നെ ഒരുപാട് മോട്ടിവേറ്റ് ചെയ്തു; കരീം ബെന്‍സിമ.

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിന്റെ നിലവിലെ സൂപ്പര്‍ താരം ആരാണെന്ന് ചോദിച്ചാല്‍ അതിനൊരൊറ്റ ഉത്തരം മാത്രമേയുള്ളു, ഫ്രാന്‍സിന്റെ സട്രൈക്കര്‍ കരീം ബെന്‍സിമ. റയലിനെ അവരുടെ 14ാം ചാമ്പ്യന്‍സ് ലീഗിലേക്ക് നയിച്ചത് ബെന്‍സിമയുടെ ടോപ് ക്ലാസ് പ്രകടനമായിരുന്നു.

ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡിന് ഏറ്റവും അര്‍ഹനും അദ്ദേഹം തന്നെയാണെന്നാണ് ഫുട്‌ബോള്‍ ലോകം ഒന്നാകെ വിശ്വസിക്കുന്നത്. അര്‍ജന്റീനയുടെ ഇതിഹാസ താരമായ മെസിയും ബെന്‍സിമയാണ് ബാലണ്‍ ഡി ഓറിന് അരഹനെന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ മെസിക്ക് നന്ദി പറഞ്ഞിരിക്കുകയാണ് റയലിന്റെ സൂപ്പര്‍താരം. തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണായിരുന്നു ഇതെന്നും മെസിയുടെ വാക്കുകള്‍ തന്നെ മികച്ച പ്രകടനം നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്ന് ഫ്രഞ്ച് താരം പറഞ്ഞു.

‘ഞാന്‍ മെസിയുടെ വാക്കുകള്‍ കേട്ടിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു. അയാളെ പോലെയുള്ള ഒരു കളിക്കാരനില്‍ നിന്നും ഇതുപോലുള്ള അഭിന്ദനങ്ങള്‍ വരുന്നത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് പ്രചോദനം നല്‍കുന്നു. ഇത് എന്റെ കരിയറിലെ ഏറ്റവും മികച്ച സീസണായിരിക്കാം, പക്ഷേ ഞാന്‍ എപ്പോഴും പറയുന്നതുപോലെ, എല്ലാ വര്‍ഷവും ഞാന്‍ നന്നായി കളിക്കാന്‍ ശ്രമിക്കുന്നു,’ ബെന്‍സിമ പറഞ്ഞു.

യുവേഫ നാഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കിനെതിരായ ഫ്രാന്‍സിന്റെ തോല്‍വിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബെന്‍സിമ.

നേരത്തെ ബെന്‍സിമയെ സപ്പോര്‍ട്ട് ചെയതുകൊണ്ട് മെസി സംസാരിച്ചിരുന്നു. ബെന്‍സിമക്ക് ഇത് മികച്ച സീസണായിരുന്നുവെന്നും അദ്ദേഹം തീര്‍ച്ചയായും ബാലണ്‍ ഡി ഓര്‍ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സംശയങ്ങള്‍ ഒന്നുമില്ല; ബെന്‍സിമയുടെ മികച്ച വര്‍ഷമായിരുന്നു ഇത്. ചാമ്പ്യന്‍സ് ലീഗില്‍ വിജയിച്ചതില്‍ അയാളുടെ പങ്ക് വളരെ വ്യക്തമാണ്. റൗണ്ട് ഓഫ് 16 മുതല്‍ എല്ലാ മത്സരങ്ങളിലും അദ്ദേഹം മികച്ചുനിന്നിരുന്നു. ഈ വര്‍ഷം ബാലണ്‍ ഡി ഓര്‍ വിജയിയെ കുറിച്ച് ഒരു സംശയവുമില്ലെന്ന് ഞാന്‍ കരുതുന്നു,’ ഇങ്ങനെയായിരുന്നു മെസിയുടെ വാക്കുകള്‍.

റയലിനായി മികച്ച പ്രകനമായിരുന്നു ബെന്‍സിമ ഈ സീസണില്‍ കാഴ്ചവെച്ചത്. ഈ സീസണില്‍ എണ്ണം പറഞ്ഞ 44 ഗോളുകളാണ് താരം റയലിനായി സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 15 ചാമ്പ്യന്‍സ് ലീഗ് ഗോളുകളും ഉള്‍പ്പെടും.

Content Highlights: Karim Benzema says Messi’s words gave him  motivation

We use cookies to give you the best possible experience. Learn more