| Sunday, 15th January 2023, 1:10 pm

അതെല്ലാം ഇന്‍സ്റ്റഗ്രാമിനും ട്വിറ്ററിനും വേണ്ടിയുള്ളത്, റൊണാള്‍ഡോക്കൊപ്പം ഫോട്ടോയെടുക്കേണ്ട ആവശ്യം എനിക്കില്ല: ബെന്‍സെമ

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിന്റെ പരിശീലന സെഷനിലേക്ക് ടീമിന്റെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ റൊണാള്‍ഡോ വന്നിട്ടും അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി ലോസ് ബ്ലാങ്കോസ് നായകന്‍ കരീം ബെന്‍സെമ.

ചിരവൈരികളായ ബാഴ്‌സലോണയെ സൂപ്പര്‍ കോപ്പ ഡെ എസ്പാനയുടെ ഫൈനലില്‍ നേരിടാനായിട്ടാണ് റയല്‍ സൗദിയിലെത്തിയത്. കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ഇതിനായുള്ള പ്രാക്ടീസിനിടെയാണ് റൊണാള്‍ഡോ റയല്‍ ക്യാമ്പിലെത്തിയത്.

നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന്റെ താരമായ റൊണാള്‍ഡോ തന്റെ കരിയറിലെ സിംഹഭാഗവും ചെലവഴിച്ചത് റയലിലായിരുന്നു. ബാലണ്‍ ഡി ഓറുകളടക്കം കരിയറിലെ പല നേട്ടങ്ങളും റൊണാള്‍ഡോ സ്വന്തമാക്കിയതും മാഡ്രിഡില്‍ വെച്ചാണ്.

റൊണാള്‍ഡോയും ബെന്‍സെമയും ഒപ്പം ബെയ്‌ലും ചേരുന്ന ബി.ബി.സി ത്രയം ലോകത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റ നിരയായിരുന്നു.

ഇത്രയും അടുപ്പം റൊണാള്‍ഡോയുമായി ഉണ്ടായിട്ടും താരം ക്യാമ്പിലെത്തിയപ്പോള്‍ ബെന്‍സെമ ഒപ്പം ഫോട്ടോയെടുത്തിരുന്നില്ല. ഇതോടെ ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ തങ്ങള്‍ തമ്മില്‍ ഒരു പിണക്കവുമില്ലെന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും എന്നാല്‍ ഫോട്ടോ എടുക്കാതിരിക്കാനുള്ള കാരണം മറ്റൊന്നാണെന്നും ബെന്‍സെമ പറഞ്ഞു. ഗോളിന് നല്‍കിയ അഭിമുഖത്തിലാണ് ബെന്‍സെമ ഇക്കാര്യം പറയുന്നത്.

‘സുഹൃത്തുക്കളാണെന്ന് പറയാന്‍ വേണ്ടി ഫോട്ടോ എടുക്കേണ്ട കാര്യം ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമില്ല. ഫോട്ടോകളെല്ലാം ഇന്‍സ്റ്റഗ്രാമിനും ട്വിറ്ററിനും വേണ്ടിയുള്ളതാണ്, അത് വേറെ തന്നെ ഒരു ലോകമാണ്.

ഞാന്‍ പ്രാക്ടീസ് ചെയ്യുന്നത് കാരണം ഞങ്ങള്‍ക്ക് പരസ്പരം കണ്ട് സംസാരിക്കാനുള്ള സമയം പോലും ലഭിച്ചിരുന്നില്ല. അദ്ദേഹവും പെട്ടെന്ന് തന്നെ ട്രെയിനിങ്ങിനായി പോയിരുന്നു. സ്‌റ്റേഡിയത്തില്‍ വെച്ച് അദ്ദേഹത്തെ കാണാന്‍ സാധിക്കുമെന്നും കുറച്ച് നേരം സംസാരിക്കാന്‍ സാധിക്കുമെന്നുമാണ് ഞാന്‍ കരുതുന്നത്,’ ബെന്‍സെമ പറഞ്ഞു.

സെമി ഫൈനലില്‍ വലന്‍സിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് റയല്‍ സൂപ്പര്‍ കോപ്പ ഡെ എസ്പാനയുടെ ഫൈനലില്‍ പ്രവേശിച്ചത്. 1-1ന് സ്‌കോര്‍ സമനിലയില്‍ കലാശിച്ചതോടെ ഷൂട്ടൗട്ടില്‍ റയല്‍ 4-3ന് വിജയം സ്വന്തമാക്കുകയായിരുന്നു.

രണ്ടാം സെമിയില്‍ റയല്‍ ബെറ്റിസ്-ബാഴ്‌സ പോരാട്ടവും സമനിലയില്‍ കലാശിച്ചതിന് പിന്നാലെ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ തന്നെയായിരുന്നു ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.

നിശ്ചിത സമയത്തും അധിക സമയത്തും 2-2ല്‍ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. 4-2നായിരുന്നു ഷൂട്ടൗട്ടില്‍ ബാഴ്‌സയുടെ വിജയം.

Content highlight: Karim Benzema says he doesn’t need to take a photo with Cristiano Ronaldo

We use cookies to give you the best possible experience. Learn more