Sports News
ഖുര്‍ആന്‍ വായിച്ച് ഞാന്‍ പൊട്ടിക്കരഞ്ഞുപോയി; ഇസ്‌ലാം മതം സ്വീകരിച്ചതായി ബെന്‍സെമയുടെ പങ്കാളി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 01, 07:24 am
Saturday, 1st July 2023, 12:54 pm

ഇസ്‌ലാം മതം സ്വീകരിച്ചതായി സൂപ്പര്‍ താരം കരീം ബെന്‍സെമയുടെ പങ്കാളി ജോര്‍ദന്‍ ഒസുന. എ.എസ്. ടിക്ടാകാസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താന്‍ ഇസ്‌ലാമിലേക്ക് മതം മാറിയതിനെ കുറിച്ച് ഒസുന സംസാരിച്ചത്.

‘ഞാന്‍ ഇസ്‌ലാം മതം സ്വീകരിച്ചിരിക്കുന്നു. ഇവിടെ മാഡ്രിഡിലെ ഒരു പള്ളിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അവിടെ അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നുണ്ടായിരുന്നു.

വളരെ ചെറിയൊരു ചടങ്ങായിരുന്നു, അടുപ്പമുള്ള ആളുകള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. അത്. ഞാന്‍ ഒരു കൊച്ചുകുഞ്ഞിനെ പോലെ കരഞ്ഞു പോയി. അത് വളരെയധികം വൈകാരികമായ ഒരു മുഹൂര്‍ത്തമായിരുന്നു അത്,’ ഒസുന പറഞ്ഞു.

താന്‍ ഇസ്‌ലാം മതത്തെ കുറിച്ച് ഒരുപാട് പഠിച്ചുവെന്നും അത് വളരെയധികം മനോഹരമായി തോന്നിയെന്നും അവര്‍ പറഞ്ഞു.

‘ഞാന്‍ ഈ മതത്തെ കുറിച്ച് ഒരുപാട് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തിരുന്നു. അത് വളരെയധികം മനോഹരമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇസ്‌ലാം മതത്തെ കുറിച്ച് വായിച്ചറിഞ്ഞതെല്ലാം എന്നെ മുമ്പോട്ട് ചലിപ്പിച്ചു.

റമദാന്‍ മാസത്തില്‍ ഞാന്‍ ഖുര്‍ആന്‍ വായിച്ചിരുന്നു, അതെന്നെ ഒരുപാട് കരയിപ്പിച്ചു. ‘സേക്രഡ് പാത് ടു ഇസ്‌ലാം’ എന്ന പുസ്തകവും ഞാന്‍ വായിച്ചു, അത് എന്നെപ്പോലെ ഒരു ഒരു ക്രിസ്ത്യന്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുന്നതിനെ കുറിച്ചാണ്. അത് വളരെയധികം വിലപ്പെട്ട ഒരു പുസ്തകമായിരുന്നു,’ ഒസുന കൂട്ടിച്ചേര്‍ത്തു.

അതേസമയം, യൂറോപ്യന്‍ അധ്യായങ്ങളോട് വിടപറഞ്ഞ് ബെന്‍സെമ റൊണാള്‍ഡോയുടെ പാതയില്‍ സൗദി പ്രോ ലീഗ് കളിക്കാന്‍ തീരുമാനിച്ചിരുന്നു. സാദി ക്ലബ്ബായ അല്‍ ഇത്തിഹാദുമായാണ് താരം കരാറിലെത്തിയത്.

അല്‍ ഇത്തിഹാദിലെത്തിയതിന് ശേഷമുള്ള ബെന്‍സെമയുടെ ചില പ്രസ്താവനകളും ചര്‍ച്ചയായിരുന്നു. സൗദി ഒരു മുസ്‌ലിം രാജ്യമാണെന്നും ഒരു മുസ്‌ലിം എന്ന നിലയില്‍ ഒരു മുസ്‌ലിം രാജ്യത്ത് ജീവിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും ബെന്‍സെമ പറഞ്ഞിരുന്നു.

‘ഞാന്‍ മുസ്‌ലിമാണ്, ഇതൊരു മുസ്‌ലിം രാജ്യമാണ്. ഞാന്‍ എപ്പോഴും ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇതിനകം സൗദി അറേബ്യയില്‍ പോയിട്ടുണ്ട്. അതില്‍ എനിക്ക് സന്തോഷമുണ്ട്.

ഒരു മുസ്‌ലിം രാജ്യത്ത് ജീവിക്കുക എന്നത് പ്രധാനമാണ്. ഇത് ഒരു പുതിയ ജീവിതം നയിക്കാന്‍ അവസരമൊരുക്കും. മക്ക അടുത്തുള്ള സൗദി അറേബ്യയില്‍ ആയിരിക്കുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്, അത് എനിക്ക് പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ബെന്‍സെമയെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

റയല്‍ മാഡ്രിഡില്‍ 14 വര്‍ഷം പന്ത് തട്ടിയ ശേഷമാണ് ബെന്‍സെമ കളിത്തട്ടകം സൗദിയിലേക്ക് മാറ്റിയത്. ലോസ് ബ്ലാങ്കോസിനായി കളിച്ച 648 മത്സരത്തില്‍ നിന്നും താരം 353 ഗോള്‍ നേടുകയും 165 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നാല് ലാലിഗയുമടക്കം 24 മേജര്‍ ടൈറ്റിലുകളും ബെന്‍സെമ റയലിനൊപ്പം വിജയിച്ചിരുന്നു.

 

Content highlight: Karim Benzema’s partner Jordan Ozuna reveals she has converted to Islam