വീണ്ടും ഒരുമിക്കുന്നു? റയല്‍ മാഡ്രിഡ് ഇതിഹാസങ്ങളെ വീണ്ടും ചേര്‍ത്തുവെക്കാനൊരുങ്ങി അല്‍ ഇത്തിഹാദ്
കഴിഞ്ഞ ജൂണില്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ റാമോസ് നിലവില്‍ ഫ്രീ ഏജന്റാണ്.
പി.എസ്.ജിയില്‍ രണ്ട് സീസണ്‍ ചെലവഴിച്ച റാമോസ് സാമ്പത്തിക പ്രശ്നങ്ങള്‍ കാരണമാണ് പാരീസ് വിട്ടതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇനിയേത് ക്ലബ്ബുമായി സൈനിങ് നടത്തുമെന്ന കാര്യത്തില്‍ താരം ഇതുവരെ തീരുമാനം അറിയിച്ചിരുന്നില്ല.
താരത്തെ നോട്ടമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബ് രംഗത്തുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ബെന്‍സിമക്ക് പുറമെ റാമോസിനെ കൂടി അല്‍ ഇത്തിഹാദ് സ്വന്തമാക്കുമെന്നാണ് ഫൂട്ട് മെര്‍ക്കാട്ടോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
റയല്‍ ബെറ്റിസ് ഡിഫന്‍ഡര്‍ ലൂയിസ് ഫിലിപ്പിനെ സൈന്‍ ചെയ്യാന്‍ സാധിക്കാത്തതോടെ അല്‍ ഇത്തിഹാദ് റാമോസിലേക്ക് തിരിഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തിഹാദും റാമോസും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ തന്നെ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റായ ഹാവിയര്‍ ഹെറാസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘അല്‍ ഇത്തിഹാദുമായി അടുത്ത ബന്ധമുള്ള ആളുകളോട് സംസാരിക്കാന്‍ ഇടയായിരുന്നു. ബെന്‍സെമക്ക് പുറമെ സെര്‍ജിയോ റാമോസിനെ കൂടി ക്ലബ്ബിലെത്തിക്കാനാണ് അല്‍ ഇത്തിഹാദ് പദ്ധതിയിടുന്നത്. ഈയാഴ്ച തന്നെ സൈനിങ് നടത്തുമെന്നല്ല ഞാന്‍ പറഞ്ഞത്. ഫിനാന്‍ഷ്യല്‍ കാര്യങ്ങള്‍ കൂടി കണക്കിലെടുത്ത് ഉടന്‍ തന്നെ ഒരു തീരുമാനമുണ്ടെകുമെന്നാണ് അവരുടെ സംഭാഷണത്തില്‍ നിന്ന് ഞാന്‍ മനസിലാക്കിയത്,’ സ്പാനിഷ് ജേണലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
റയല്‍ മാഡ്രിഡിനായി കളിച്ച 648 മത്സരങ്ങളില്‍ നിന്ന് 353 ഗോളുകളും 165 അസിസ്റ്റുകളുമാണ് ബെന്‍സെമയുടെ സമ്പാദ്യം. ഇതിനുപുറമെ അഞ്ച് ചാമ്പ്യന്‍സ് ലീഗും നാല് ലാ ലിഗയുമടക്കം 24 മേജര്‍ കിരീടങ്ങളും ബെന്‍സെമ ലോസ് ബ്ലാങ്കോസിനായി സ്വന്തമാക്കിയിട്ടുണ്ട്.
റയലില്‍ ബെന്‍സെമക്കൊപ്പം 416 മത്സരങ്ങളില്‍ റാമോസ് ബൂട്ടുകെട്ടിയിട്ടുണ്ട്. 2021ല്‍ പി.എസ്.ജിയിലെത്തിയതിന് ശേഷം 58 മത്സരങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടു. പാരീസിയന്‍ ക്ലബ്ബിനായി ട്രോഫീ ഡെസ് ചാമ്പ്യന്‍സ് കിരീടവും രണ്ട് ലീഗ് വണ്‍ ടൈറ്റിലുകളും നേടാന്‍ റാമോസിന് സാധിച്ചു.
അല്‍ ഇത്തിഹാദുമായുള്ള സൈനിങ് പൂര്‍ത്തീകരിച്ചാല്‍ ഒരിക്കല്‍ കൂടി റാമോസിനും ബെന്‍സെമക്കും കളം പങ്കുവെക്കാനാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlights: Karim Benzema’s Al Ittihad wants to sign with Sergio Ramos