| Wednesday, 28th December 2022, 10:06 pm

ബെൻസെമയുടെ അഭാവം ഫ്രാൻസിന് കിരീടം നഷ്ടപ്പെടുത്തി; വിലയിരുത്തലുമായി ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ കീഴ്‌പ്പെടുത്തി അർജന്റീന വിശ്വകിരീടം ഉയർത്തുകയായിരുന്നു. ലോകകപ്പ് കിക്ക്‌ ഓഫിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഫ്രഞ്ച് സൂപ്പർതാരം കരിം ബെൻസെമ പരിക്കിനെ തുടർന്ന് പുറത്തായത്.

ലോകകപ്പ് കളിക്കാനില്ലെന്ന് താരം തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. എന്നാൽ താരം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ പരിക്കിൽ നിന്ന് മോചിതനായെന്നും ലോകകപ്പിലെ തുടർ മത്സരങ്ങളിൽ ഫ്രഞ്ച് ദേശീയ ടീമിനൊപ്പം ചേരുമെന്നുമാണ് പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ. ആരാധകർ പ്രതീക്ഷയോടെ നോക്കിയിരുന്നെങ്കിലും ബെൻസെമ ടീമിൽ തിരിച്ചെത്തിയിരുന്നില്ല.

ബെൻസെമക്ക് പകരം സൂപ്പർ താരം ജിറൂദ് ആണ് ഫ്രഞ്ച് ടീമിനായി കളത്തിലറങ്ങിയത്. ജിറൂദ് ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഫൈനലിൽ തീർത്തും നിശബ്‌ദനായിരുന്നു.

ഗോൾസ്കോറർ എന്ന നിലയിൽ കളിക്കുന്ന ജിറൂദിന് പകരം ഗോളുകൾ അടിക്കാനും കളി മുഴുവൻ നിയന്ത്രിക്കാനും കഴിയുന്ന ബെൻസെമ ഉണ്ടായിരുന്നെങ്കിൽ അർജന്റീനയുടെ തന്ത്രങ്ങളെ നേരത്തെ തന്നെ പൊളിക്കാൻ കഴിയുമായിരുന്നെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

അത്രയും മത്സരങ്ങളിൽ ദെഷാംപ്‌സ് വിശ്വസിച്ച ജിറൂദിനെ ആദ്യപകുതിയിൽ തന്നെ പിൻവലിക്കേണ്ടി വന്നത് ബെൻസെമയുടെ അഭാവത്തിനു അവർ നൽകേണ്ടി വന്ന വില വ്യക്തമാക്കുന്നു.

അതേസമയം ബെൻസെമക്ക് ഫിറ്റ്നെസ് പ്രശ്നം ഇല്ലാതിരുന്നിട്ട് കൂടി മത്സരത്തിൽ നിന്ന് മാറ്റി നിർത്തുകയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ബെൻസെമയുടെ ഏജന്റ് കരിം ജാസിരി.

ബെൻസെമയുടെ പരിക്ക് ഗുരുതരമായിരുന്നില്ലെന്നും ലോകകപ്പ് ക്വാർട്ടർ ഫൈനൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ താരം പൂർണ ആരോഗ്യവാനായി തിരിച്ചുവന്നിരുന്നെന്നും ജാസിരി കൂട്ടിച്ചേർത്തു. മൂന്ന് സ്പെഷ്യലിസ്റ്റുകളെ സമീപിച്ചിരുന്നെന്നും മൂവരും ബെൻസെമ ക്വാർട്ടറിൽ കളിക്കാൻ ഫിറ്റ് ആണെന്ന് സ്ഥിരീകരിച്ചിരുന്നെന്നും വെളിപ്പെടുത്തി.

അദ്ദേഹത്തെ ബെഞ്ചിൽ ഇരുത്തകയെങ്കിലും ചെയ്യാമായിരുന്നെന്നും പരിശീലകനും മെഡിക്കൽ സ്റ്റാഫും ചേർന്ന് ബെൻസെമയെ തിരിച്ചയക്കുകയായിരുന്നു എന്നാണ് ജാസിരിയുടെ ആരോപണം.

അതേസമയം ലോകകപ്പിന് മുന്നോടിയായി നടന്ന പരിശീലന ക്യാമ്പിലാണ് ബെൻസെമയുടെ തുടയ്ക്ക് പരിക്കേറ്റത്. ഇതിനെ തുടർന്നാണ് താരത്തെ ഫ്രഞ്ച് സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയത്. പരിശീലകൻ 25 കളിക്കാരുമായാണ് ഖത്തർ ലോകകപ്പ് ക്യാമ്പെയ്‌ൻ ആരംഭിച്ചത്.

ബെൻസെമക്ക്‌ പകരക്കാരനെ കൊണ്ടു വരാതിരുന്നത് അഭ്യൂഹങ്ങൾക്ക് ഇടയാക്കുകയായിരുന്നു. താരത്തിന് തിരിച്ച് വരാനാണ് അങ്ങനെ ചെയ്തതെന്നാണ് ആരാധകർ കരുതിയിരുന്നത്.

ഫ്രാൻസ് ചാമ്പ്യന്മാരായ 2018 ലോകകപ്പിലും ബെൻസെമക്ക് ഭാഗമാകാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. തുടർന്ന് ഇപ്രാവശ്യത്തെ ബാലൺ ഡി ഓർ ജേതാവാകാനും ബെൻസെമക്കായി.

Content Highlights: Karim Benzema’s absence was the greatest loss of France at Qatar World Cup

We use cookies to give you the best possible experience. Learn more