ഫിഫാ ലോകകപ്പ് തുടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ആരാധകര്‍ക്ക് വേദന നല്‍കുന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്.
നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിന്റെ സൂപ്പര്‍താരവും ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ജേതാവുമായ കരിം ബെന്‍സെമ ലോകകപ്പ് കളിക്കില്ലെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഇന്നലെ പരിശീലനത്തിനിടെ കാലിന്റെ തുടയെല്ലിന് പരിക്കേറ്റ ബെന്‍സെമയെ പ്രാഥമിക ശുഷ്രൂഷക്ക് കൊണ്ടുപോവുകയായിരുന്നു. താരത്തിന് തുടര്‍ന്ന് കളിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമാണെന്നും സ്‌കാന്‍ ചെയ്ത് ഫലം വന്നതിന് ശേഷമേ തീരുമാനം പറയാനാകൂ എന്നും ഫ്രാന്‍സ് നാഷണല്‍ ടീം അറിയിച്ചിരുന്നു.
എന്നാല്‍ ഖത്തര്‍ ലോകകപ്പ് കളിക്കാനാകില്ലെന്ന് താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്.
”ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ലക്ഷ്യങ്ങളില്‍ നിന്ന് പിന്‍മാറിയിട്ടില്ല, എന്നാല്‍ ഈ രാത്രി എനിക്കെന്റെ ടീമിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു, എല്ലായിപ്പോഴും ചെയ്യുന്നത് പോലെ.
ഈ ലോകകപ്പില്‍ ടീമിന്റെ മുന്നേറ്റത്തിനായി മറ്റൊരാള്‍ക്ക് എന്റെ സ്ഥാനമൊഴിഞ്ഞു കൊടുക്കേണ്ടി വന്നിരിക്കുകയാണ്. പിന്തുണയറിയിച്ച് സന്ദേശങ്ങളയച്ച എല്ലാവര്‍ക്കും നന്ദി,’ ബെന്‍സെമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഹാംസ്ട്രിങ് ഇഞ്ച്വറിയും കാല്‍ മുട്ടിലെ വേദനയും കാരണം അദ്ദേഹം ഫ്രാന്‍സിന്റെ മെയിന്‍ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ടായിരിന്നില്ല. ഒറ്റക്കായിരുന്നു ബെന്‍സെമ പരിശീലനം നടത്തിയിരുന്നത്.
ലോകകപ്പില്‍ ഇതിനകം പോഗ്ബയെയും കാന്റെയെയും പോലുള്ള താരങ്ങളെ നഷ്ടമായ ഫ്രാന്‍സിന് ബെന്‍സെമയുടെ അഭാവം വലിയ തിരിച്ചടിയാകും.
ഖത്തറില്‍ നവംബര്‍ 23ന് ഓസ്‌ട്രേലിയയുമായാണ് ഫ്രാന്‍സിന്റെ അരങ്ങേറ്റ മത്സരം. ഡെന്‍മാര്‍ക്കും ടുണീഷ്യയുമായാണ് ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സിനൊപ്പമുള്ള മറ്റ് രണ്ട് ടീമുകള്‍.
Content Highlights: Karim Benzema ruled out of Qatar World Cup due to thigh injury