'സൗദിയും മക്കയും സമാധാനം നല്‍കും'; റയല്‍ മാഡ്രിഡ് വിടാനുള്ള കാരണം വെളിപ്പെടുത്തി കരിം ബെന്‍സിമ
ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഫ്രഞ്ച് സൂപ്പര്‍ താരവും നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവുമായ കരിം ബെന്‍സിമ യൂറോപ്പ് വിട്ട് സൗദി അറേബ്യയിലേക്ക് ചേക്കേറിയത്. സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ കളിക്കുകയായിരുന്ന താരത്തെ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഇത്തിഹാദ് മോഹ വില നല്‍കി സ്വീകരിക്കുകയായിരുന്നു.
റയല്‍ മാഡ്രിഡില്‍ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി കഴിഞ്ഞപ്പോള്‍ ജീവിതത്തില്‍ പുതുതായി എന്തെങ്കിലും പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും തുടര്‍ന്ന് സൗദിയുടെ ഓഫര്‍ സ്വീകരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യ ഒരു മുസ്‌ലിം രാജ്യമാണെന്നും മക്ക വളരെയികം സമാധാനം നല്‍കുന്ന സ്ഥലമാണെന്നും ബെന്‍സിമ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഫുട്‌ബോള്‍ എസ്പാനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘റയല്‍ മാഡ്രിഡിലെ എല്ലാ നേട്ടങ്ങളിലും എനിക്ക് അഭിമാനവും സന്തോഷവും ഉണ്ട്. മാഡ്രിഡില്‍ എല്ലാം നേടിക്കഴിഞ്ഞപ്പോള്‍ ജീവിതത്തില്‍ പുതുതായി എന്തെങ്കിലും പരീക്ഷിക്കാന്‍ ഇതാണ് ഉചിതമായ സമയം എന്ന് തോന്നി.
സൗദി അറേബ്യയിലെ ഫുട്‌ബോള്‍ പ്രൊജക്ട് ആരംഭിച്ചപ്പോള്‍ അത് എല്ലാ മേഖലകളിലും വലിയ മാറ്റം ഉണ്ടാക്കുമെന്ന് തോന്നി.
എനിക്കതിലൊരു ഭാഗമാകണമെന്നും രാജ്യത്തെ ഫുട്‌ബോളിന്റെ പുരോഗമനത്തിനായി എന്തെങ്കിലും ചെയ്യണമെന്നുമുണ്ടായിരുന്നു. സൗദി അറേബ്യയുടെ നിലവാരം എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു. യൂറോപ്പില്‍ ഇവിടെയുള്ള മത്സരങ്ങള്‍ കാണാറില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ അതുണ്ട്.
ഒരു മുസ്‌ലിമിന് വലിയ സമാധാനം നല്‍കുന്ന സ്ഥലമാണ് മക്ക. അത് ഒഴിച്ചുകൂടാനാകാത്ത സ്ഥലമാണ്. സൗദി അറേബ്യ ഒരു മുസ്‌ലിം രാഷ്ട്രമാണ്. അവരെന്നെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ എനിക്കവരുടെ സ്‌നേഹം തിരിച്ചറിയാന്‍ കഴിഞ്ഞു,’ ബെന്‍സിമ പറഞ്ഞു.
Content Highlights: Karim Benzema reveals why he left Real Madrid