ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ഫ്രഞ്ച് സൂപ്പര്‍താരവും നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവുമായ കരിം ബെന്‍സെമ വിരമിക്കല്‍ പ്രഖ്യാപിച്ചത്. കരിയറില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും, ഫ്രാന്‍സ് 2018ലെ ലോക ചാമ്പ്യന്മാരായിരുന്നിട്ടും വലിയ ബഹുമതി ലഭിക്കാതെയാണ് ബെന്‍സെമക്ക് വിരമിക്കേണ്ടി വന്നത്.
2015ല്‍ സെക്‌സ് ടേപ്പ് വിവാദത്തെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്ന് പുറത്തായതാണ് അതിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സെക്‌സ് ടേപ്പ് ഉപയോഗിച്ച് സഹതാരം വാല്‍ബുനയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഗൂഢാലോചന നടത്തി എന്നതായിരുന്നു കേസ്.
ഫ്രഞ്ച് ഫുട്‌ബോളിനെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു അത്. വിവാദത്തെ തുടര്‍ന്ന് ബെന്‍സെമക്കും വാല്‍ബ്യൂനക്കും ഫ്രഞ്ച് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു.
അഞ്ച് വര്‍ഷത്തോളം ദേശീയ ടീമില്‍ നിന്ന് പുറത്തായിരുന്ന ബെന്‍സിമ 2021ലെ യൂറോ കപ്പിലൂടെയാണ് വീണ്ടും ദേശീയ ടീമിന്റെ ഭാഗമായി തിരിച്ചെത്തിയത്.
അതേസമയം, വിവാദത്തെ താരം എതിര്‍ത്തിരുന്നു. കേസിനെത്തുടര്‍ന്ന് കോടതിയില്‍ ബെന്‍സെമ ഹാജരായിരുന്നില്ല. 2015 ഒക്ടോബറില്‍ ടീമില്‍ നിന്ന് പുറത്തായതിന് ശേഷം 2016ല്‍ നടന്ന യൂറോ കപ്പിലും 2018 ലോകകപ്പിലും താരത്തിന് പങ്കെടുക്കാനായിരുന്നില്ല. 2022ല്‍ നടന്ന ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് താരം വിട്ടുനിന്നെങ്കിലും ഫൈനലില്‍ സ്‌ക്വാഡിനൊപ്പം ചേരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ബെന്‍സെമക്ക് തിരികെ ടീമിനൊപ്പം ചേരാന്‍ സാധിച്ചിരുന്നില്ല. ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയോട് തോല്‍വി വഴങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായ ബെന്‍സെമ ഇതിഹാസ താരം സിനഡിന്‍ സിദാന് ശേഷം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ഒരേയൊരു ഫ്രഞ്ച് താരമാണ്. 97 മത്സരങ്ങളില്‍ നിന്ന് 37 ഗോളുകളാണ് ബെന്‍സെമ ഫ്രാന്‍സിനായി നേടിയത്.
ക്ലബ്ബ് ഫുട്‌ബോളില്‍ അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ് വിന്നര്‍ ആകുന്നതിനോടൊപ്പം 86 ഗോളുകള്‍ നേടി നാലാം സ്ഥാനത്താണ് താരം.
ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ബെന്‍സെമ റയല്‍ മാഡ്രിഡിനൊപ്പം ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Karim benzema retires from French team