| Monday, 10th April 2023, 11:50 am

സൗദി അറേബ്യയില്‍ ക്രിസ്റ്റിയാനോക്കൊപ്പം കളിക്കാനുള്ള വമ്പന്‍ ഓഫര്‍ നിരസിച്ച് റയല്‍ മാഡ്രിഡ് സൂപ്പര്‍താരം; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ജനുവരിയിലാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറിയത് ലോക ഫുട്‌ബോള്‍ ആരാധകരെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു. പ്രതിവര്‍ഷം 225 മില്യണ്‍ യൂറോ പ്രതിഫലം നല്‍കിയാണ് താരത്തെ ക്ലബ്ബ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

കളിക്കളത്തിലെ പ്രകടനങ്ങള്‍ക്കൊപ്പം താരത്തിന്റെ ബ്രാന്‍ഡ് മൂല്യവും മറ്റും പരമാവധി ഉപയോഗിക്കുക എന്നതായിരുന്നു റൊണാള്‍ഡോയുടെ സൈനിങ്ങിലൂടെ അല്‍ നസര്‍ ലക്ഷ്യമിട്ടത്. താരത്തിന്റെ പ്രവേശനത്തോടെ ക്ലബ്ബിന്റെ ഓഹരിമൂല്യത്തിലും ബ്രാന്‍ഡ് മൂല്യത്തിലും വര്‍ധനവുണ്ടായി.

അല്‍ നസറിന് പുറമെ സൗദി പ്രോ ലീഗിനും രാജ്യത്തിനും നിരവധി നേട്ടങ്ങളുണ്ടാക്കാന്‍ പോര്‍ച്ചുഗല്‍ ഇതിഹാസത്തിന്റെ വരവ് സഹായകമായതോടെ യൂറോപ്പില്‍ നിന്ന് കൂടുതല്‍ താരങ്ങളെ അറേബ്യന്‍ മണ്ണിലെത്തിക്കുകയെന്നതായി സൗദി ക്ലബ്ബുകളുടെ ലക്ഷ്യം.

സൗദി അറേബ്യന്‍ ക്ലബ്ബുകള്‍ നോട്ടമിട്ടവരില്‍ പ്രധാനിയായിരുന്നു റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സെമ. ഈ സീസണോടെ ലോസ് ബ്ലാങ്കോസുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ തകര്‍പ്പന്‍ പ്രകടനമാണ് ബെന്‍സെമ ക്ലബ്ബില്‍ കാഴ്ചവെക്കുന്നത്. താരത്തിന് റയല്‍ മാഡ്രിഡുമായുള്ള കരാര്‍ അവസാനിക്കാനായിട്ടും കോണ്‍ട്രാക്ട് എക്‌സ്റ്റന്‍ഡ് ചെയ്യാത്ത പശ്ചാത്തലത്തില്‍ ട്രാന്‍സ്ഫര്‍ സംബന്ധ അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

ഞെട്ടിക്കുന്ന വേതനത്തിന് പുറമെ താരത്തിന്റെ പേരില്‍ ഒരു അക്കാദമി നിര്‍മിക്കാമെന്ന വാഗ്ദാനവുമാണ് സൗദി ക്ലബ്ബ് ബെന്‍സെമക്ക് മുന്നില്‍ വെച്ചുനീട്ടിയിരിക്കുന്നത്. എന്നാല്‍ 2024 വരെ റയല്‍ മാഡ്രിഡില്‍ തുടരാനാണ് 35കാരനായ താരത്തിന്റെ ആഗ്രഹമെന്നാണ് സ്പോര്‍ട്സ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

താനുമായി സൈനിങ് നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ (സൗദി അറേബ്യന്‍ ക്ലബ്ബ്) കാത്തിരിക്കട്ടേയെന്നും അതിനെ പറ്റി പിന്നീട് ആലോചിക്കാമെന്ന് ബെന്‍സെമ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം റൊണാള്‍ഡോക്ക് ശേഷം റയല്‍ മാഡ്രിഡില്‍ കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത താരമാണ് ബെന്‍സെമ. 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകള്‍ റോണോ റയല്‍ മാഡ്രിഡ് ജേഴ്‌സിയില്‍ സ്വന്തമാക്കിയപ്പോള്‍ 637 മത്സരങ്ങളില്‍ നിന്ന് 348 ഗോളാണ് ബെന്‍സെമയുടെ സമ്പാദ്യം.

Content Highlights: Karim Benzema refuses offer from Saudi Arabian Club

Latest Stories

We use cookies to give you the best possible experience. Learn more