| Monday, 3rd October 2022, 6:41 pm

ഒന്നിൽ പിഴച്ചു, എന്നാൽ മൂന്നിൽ കിട്ടിയോ അതുമില്ല; ഒരേ ഗോളിയുടെ മുന്നിൽ ബെൻസിമയുടെ കാലിടറുന്നത് ഇത് മൂന്നാം തവണ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ ലാ ലീഗയിൽ നടന്ന റയൽ മാഡ്രിഡ്-ഒസാസീനോ മത്സരത്തിൽ ടീമുകൾ സമനില വഴങ്ങി പിരിയുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ റയലിന്റെ വിനീഷ്യസ് ജൂനിയർ ഗോൾ നേടിയപ്പോൾ ബ്രേക്കിന് ശേഷം കീകെയാണ് ഒസാസീനോക്ക് വേണ്ടി വലകുലുക്കിയത്. മുൻ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച റയലിന് ഇതെന്ത് പറ്റി എന്ന ചോദ്യം ഉയർത്തിപ്പിടിച്ചിരിക്കുകയാണ് ആരാധകർ.

79ാം മിനിട്ടിൽ പെനാൽട്ടിക്ക് അവസരമുണ്ടായിട്ടും ബെൻസിമ അത് പാഴാക്കി കളഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഒരുപക്ഷെ താരം പെനാൽട്ടി നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഒസാസീനോയെ തളച്ചിടാൻ ലഭിച്ച മികച്ച അവസരമായിരുന്നു അത്.

പരിക്കിൽ നിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയെങ്കിലും നിരാശാജനകമായിരുന്നു ബെൻസിമയുടെ പ്രകടനം. ഇന്നലെ നടന്ന മത്സരത്തിൽ ഒസാസിനോയുടെയും ഗോൾകീപ്പറായ സെർജിയോ ഹെരേരയുടെയും മുന്നിൽ ബെൻസിമയുടെ കാലിടറുന്ന അനുഭവമാണ് ഉണ്ടായത്. മുമ്പും സമാന സാഹചര്യങ്ങളിലൂടെ കടന്നു പോയ ബെൻസിമയെയാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

2009ൽ റയൽ മാഡ്രിഡിൽ ജോയിൻ ചെയ്തതിന് ശേഷം താരം പാഴാക്കിയ അഞ്ച് പെനാൽട്ടികളിൽ മൂന്നെണ്ണം ഹെരേര വല വിരിച്ച ഒസാസീനോക്കെതിരെയായിരുന്നു. 2022ൽ തന്നെയാണ് ഈ മൂന്ന് പെനാൽട്ടികളും നഷ്ടപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിൽ നടന്ന മത്സരത്തിൽ 3-1 എന്ന നിലക്ക് റയൽ ഒസാസീനോയെ കീഴ്‌പ്പെടുത്തിയെങ്കിലും രണ്ട് തവണ വല കുലുക്കാനുള്ള അവസരമാണ് ബെൻസിമ പെനാൽട്ടിയിലൂടെ തട്ടിക്കളഞ്ഞത്. ഇതാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയത്.

തങ്ങൾ വിജയത്തിന് അർഹരായിരുന്നെന്നും ഒരു പെനാൽട്ടി നഷ്ടമായതാണ് തിരിച്ചടിയായതെന്നുമാണ് റയലിന്റെ കോച്ച് കാർലോ ആൻസലോട്ടി പറഞ്ഞത്. ഫുട്‌ബോളിൽ ഇതൊക്കെ സാധാരണമാണെന്നും അതിൽ പരിഭവമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ബെൻസിമ തന്നാലാവുന്നത് ചെയ്തിട്ടുണ്ട്. കളി പുരോഗമിക്കുമ്പോഴായിരുന്നു പെനാൽട്ടിക്ക് അവസരം ലഭിച്ചത്. പക്ഷേ എങ്ങനെയോ അത് നഷ്ടമായി. ഇത്തരം തിരിച്ചടികൾ ഇടക്ക് സംഭവിക്കാറുണ്ട്, കാരണം ഇത് ഫുട്‌ബോളാണ്. ഞങ്ങൾ ഇനിയും മുന്നോട്ട് പോകും,’ കാർലോ ആൻസലോട്ടി വ്യക്തമാക്കി.

പരിക്കിനെ തുടർന്ന് മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച് വിശ്രമത്തിൽ കഴിയുന്നത് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടിക്ക് തലവേദനയായിട്ടുണ്ടെങ്കിലും മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം ബെൻസിമ ടീമിൽ തിരിച്ചെത്തിയ ആശ്വാസത്തിലാണ് അദ്ദേഹം.

ഇതുവരെ നടന്ന മത്സരത്തിൽ 19 പോയിന്റുകളോടെ എതിരാളികളായ ബാഴ്‌സക്കൊപ്പം ഒന്നാമതാണ് റയലിന്റെ സ്ഥാനം. ഗോളുകളുടെ അടിസ്ഥാനത്തിൽ ബാഴ്‌സയാണ് മുന്നിൽ. ഇന്നലെ നടന്ന മത്സരത്തിന് ശേഷം 13 പോയിന്റുകളോടെ ഒസാസീനോ ആറാം സ്ഥാനത്തെത്തി.

Content Highlights: Karim Benzema misses penalty as Real Madrid held by Osasuno

We use cookies to give you the best possible experience. Learn more