ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സെമ റയല്‍ മാഡ്രിഡ് വിടുന്നു. ഈ സീസണിന്റെ അവസാനത്തോടെ റയലുമായുള്ള കരാര്‍ അവസാനിക്കുന്ന ബെന്‍സെമ ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും താരം ക്ലബ്ബുമായി പിരിയുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. റയലില്‍ നിന്ന് പിരിയുന്നതോടെ ബെന്‍സെമ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേതിന് സമാനമായ വേതനം നല്‍കി ബെന്‍സെമയെ സ്വന്തമാക്കുമെന്നും വിവിധ റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 214 മില്യണ്‍ യൂറോക്ക് രണ്ട് വര്‍ഷത്തെ കരാറിലാണ് താരത്തെ ഇത്തിഹാദ് സ്വന്തമാക്കുക.
അല്‍ ഇത്തിഹാദിന്റെ ഓഫര്‍ ആദ്യം നിരസിച്ച ബെന്‍സെമ പിന്നീട് ക്ലബ്ബ് മോഹവില വാഗ്ദാനം ചെയ്തപ്പോള്‍ ക്ലബ്ബുമായി സൈനിങ് നടത്താന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബെന്‍സെമ സൗദി ക്ലബ്ബിന്റെ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ ക്രിസ്റ്റ്യാനോക്ക് ശേഷം ഉയര്‍ന്ന വേതനത്തില്‍ മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുന്ന ലോകത്തെ രണ്ടാമത്തെ താരമായി ബെന്‍സെമ മാറും.
അതേസമയം, കരിം ബെന്‍സെമക്ക് പകരം ടോട്ടന്‍ഹാം ഹോട്സ്പര്‍ അറ്റാക്കര്‍, റിച്ചാര്‍ലിസണെ റയല്‍ മാഡ്രിഡിലെത്തിക്കാന്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ലോസ് ബ്ലാങ്കോസ് പ്രസിഡന്റ് ഫ്ളോറെന്റീനോ പെരേസ് അത് നിരസിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിച്ചാര്‍ലിസണെ ടീമിലെത്തിച്ചാല്‍ റയല്‍ മാഡ്രിഡിന്റെ അറ്റാക്കിങ് നിര കൂടുതല്‍ ശക്തമാകുമെന്ന് വിശ്വസിച്ച ആന്‍സലോട്ടി വിവരം പെരേസിനെ അറിയിക്കുകയായിരുന്നെന്നും എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ലെന്നും സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
റിച്ചാര്‍ലിസണിന്റെ പെരുമാറ്റത്തിലുള്ള പോരായ്മയാണ് റയല്‍ മാഡ്രിഡുമായി സൈന്‍ ചെയ്യിക്കുന്നതില്‍ നിന്ന് പെരേസിനെ പിന്തിരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സഹതാരങ്ങളുമായും മാനേജ്മെന്റുമായും നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്ന റിച്ചാര്‍ലിസണ്‍ റയലിന്റെ സ്‌ക്വാഡുമായി ഒത്തുപോകില്ലെന്ന് പെരേസ് അഭിപ്രായപ്പെട്ടതായും എല്‍ നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2009ല്‍ ലിയോണില്‍ നിന്നുമാണ് ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ലോസ് ബ്ലാങ്കോസിന്റെ ഭാഗമാകുന്നത്. റയലിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് ടൈറ്റിലുകള്‍ സ്വന്തമാക്കിയ ബെന്‍സെമ നാല് തവണ റയലിനെ സ്പാനിഷ് ചാമ്പ്യന്‍മാരാക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
റയലിനായി കളിച്ച 647 മത്സരങ്ങളില്‍ നിന്നും 353 ഗോളുകളാണ് ബെന്‍സെമ അടിച്ചുകൂട്ടിയത്. 2022-23 സീസണില്‍ മാത്രം 42 മത്സരങ്ങളില്‍ നിന്ന് 30 ഗോളും ആറ് അസിസ്റ്റുകളും സ്വന്തമാക്കാന്‍ ബെന്‍സെമക്ക് സാധിച്ചു.
Content Highlights: Karim Benzema leaves Real Madrid