ഫ്രഞ്ച് സൂപ്പര്‍താരം കരീം ബെന്‍സെമയെ ജിദ്ദയില്‍ ഒത്തുകൂടിയ അറുപതിനായിരത്തോളം വരുന്ന ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദ്. റെക്കോഡ് പ്രതിഫലത്തില്‍ മൂന്ന് വര്‍ഷത്തെ കരാറില്‍ ടീമിലെത്തിയ മുന്‍ റയല്‍ താരം 2026 വരെയാണ് സൗദി ക്ലബ്ബിനൊപ്പം കളിക്കുക.
‘ജിദ്ദ, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി. എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത സവിശേഷമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച രാത്രിയാണിത്, അല്‍ഹംദുലില്ലാഹ്’ എന്നായിരുന്നു ബെന്‍സെമയുടെ ആദ്യ പ്രതികരണം. സ്വീകരണത്തിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങലില്‍ പങ്കുവെച്ചു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കുന്ന അല്‍ നസറിനെ പിന്നിലാക്കി സൗദി പ്രോ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ടീമാണ് അല്‍ ഇത്തിഹാദ്. റയല്‍ മാഡ്രിഡിന്റെ ഗോള്‍ മെഷീന്‍ കൂടി അറേബ്യന്‍ മണ്ണിലേക്ക് വരുന്നതോടെ സൗദി ലീഗിന്റെ പ്രൗഡി ഒന്നുകൂടി വര്‍ധിക്കും.
സൗദി അറേബ്യയിലെ രണ്ടാമത്തെ വലിയ സ്റ്റേഡിയമായ, ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയിലാണ് ബെന്‍സെമയുടെ പ്രസന്റേഷന്‍ ചടങ്ങുകള്‍ നടന്നത്. 62,345 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയത്തില്‍ വെച്ചാണ് അല്‍ ഇത്തിഹിദിന്റെ ഹോം മത്സരങ്ങളെല്ലാം നടക്കുക.
സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനൊപ്പമുള്ള നീണ്ട 14 വര്‍ഷത്തെ കരിയറിന് വിരാമമിട്ടാണ് 35കാരനായ ഫ്രഞ്ച് താരം സൗദിയിലേക്ക് വരുന്നത്. 2009ല്‍ 35 മില്യണ്‍ യൂറോക്കാണ് റയല്‍ ബെന്‍സെമയെ റയല്‍ മാഡ്രിഡില്‍ എത്തിക്കുന്നത്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും കക്കയേയും റയല്‍ അവതരിപ്പിച്ച അതേവര്‍ഷം തന്നെയായിരുന്നു വലിയ കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ ബെന്‍സെമയും ടീമിലെത്തിയത്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ റയല്‍ മുന്നേറ്റനിരയിലെ എണ്ണം പറഞ്ഞ താരങ്ങളിലൊന്നായി അദ്ദേഹം പരുവപ്പെട്ടിരുന്നു.
അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നാല് ലാ ലിഗ കിരീടങ്ങളുമടക്കം റയലിനൊപ്പം 24 കിരീടനേട്ടങ്ങളിലും പങ്കാളിയായി. റയലിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരില്‍ രണ്ടാമന്‍ കൂടിയാണ് ഈ ഫ്രഞ്ച് താരം. 2022ലെ ബാലണ്‍ ഡി ഓര്‍ ജേതാവുമാണ് താരം.