കോപ്പ ഡെല്‍ റേയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് റയല്‍ മാഡ്രിഡ് സൂപ്പര്‍താരം കരിം ബെന്‍സെമ പുറത്തെടുത്തത്. ക്യാമ്പ് നൗവില്‍ ബാഴ്സലോണക്കെതിരെ നടന്ന മത്സരത്തില്‍ താരം ഹാട്രിക് നേടിയിരുന്നു.
ഈ മത്സരത്തോടെ പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം. ക്യാമ്പ് നൗവില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ റയല്‍ മാഡ്രിഡില്‍ താരമെന്ന റെക്കോഡാണ് ബെന്‍സെമ പേരിലാക്കിയിരിക്കുന്നത്. 1963ല്‍ ഫെറെന്‍ക് പുസ്‌കസ് ആണ് ബാഴ്‌സയുടെ തട്ടകത്തില്‍ ഹാട്രിക് തികച്ച ആദ്യ റയല്‍ മാഡ്രിഡ് താരം. ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം അപൂര്‍വ റെക്കോഡ് ബെന്‍സെമ പേരിലാക്കിയിരിക്കുകയാണ്. അഞ്ച് ദിവസത്തിനുള്ളില്‍ ബെന്‍സെമ നേടുന്ന രണ്ടാമത്തെ റെക്കേഡാണ് ഇത്.
മത്സരത്തിന് ശേഷം നിരവധിയാളുകളാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണയും ബാലണ്‍ ഡി ഓര്‍ ബെന്‍സെമ സ്വന്തമാക്കുമെന്നാണ് റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആന്‍സലോട്ടി അഭിപ്രായപ്പെട്ടിരിക്കുന്നത്. ബെന്‍സെമ തിരിച്ചെത്തിയെന്നും അദ്ദേഹം ബാലണ്‍ ഡി ഓര്‍ നേടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ആന്‍സലോട്ടി പറഞ്ഞു. മാഡ്രിഡ് സോണിനോട് സംസാരിക്കവെയാണ് ആന്‍സലോട്ടി ബെന്‍സെമയെ പ്രശംസിച്ചത്.
ഈ സീസണില്‍ റയല്‍ മാഡ്രിഡിനായി കളിച്ച 31 മത്സരങ്ങളില്‍ 25 ഗോളുകളും ആറ് അസിസ്റ്റുമാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്. റയലിനായി ക്ലബ്ബ് വേള്‍ഡ് കപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും താരത്തിനായി.
Karim Benzema is the first Real Madrid player with a hat trick at Camp Nou since Ferenc Puskás in 1963 🤯
കഴിഞ്ഞ സീസണില്‍ 44 ഗോളും 15 അസിസ്റ്റും നേടിക്കൊണ്ടാണ് താരം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിരുന്നത്. 46 മത്സരങ്ങളില്‍ നിന്നായിരുന്നു താരത്തിന്റെ നേട്ടം. ക്ലബ്ബ് വേള്‍ഡ് കപ്പിന് പുറമെ റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, സൂപ്പര്‍ കോപ്പ ഡി എസ്പാന എന്നീ ടൈറ്റിലുകള്‍ നേടുമ്പോഴും ബെന്‍സെമ ക്ലബ്ബില്‍ പ്രധാനിയായിരുന്നു.
അതേസമയം, എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ കീഴപ്പെടുത്തിയത്. ബെന്‍സെമ ഹാട്രിക് നേടിയ മത്സരത്തില്‍ വിനീഷ്യസ് ജൂനിയറാണ് റയല്‍ മാഡ്രിഡിനായി ഗോള്‍ നേടിയ മറ്റൊരു താരം.