| Wednesday, 17th January 2024, 2:05 pm

മുസ്‌ലിം സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപണം; ഫ്രഞ്ച് ആഭ്യന്തര മന്ത്രിക്കെതിരെ മാനനഷ്ടത്തിന് പരാതിയുമായി കരിം ബെന്‍സെമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കി ഫുട്‌ബോള്‍ താരം കരിം ബെന്‍സെമ. മുസ്‌ലിം സംഘടനകളുമായി കുപ്രസിദ്ധ ബന്ധമുണ്ടെന്ന മന്ത്രിയുടെ ആരോപണത്തിനെതിരെയാണ് മുന്‍ റയല്‍ മാഡ്രിഡ് താരമായ കരിം ബെന്‍സെമ പരാതി നല്‍കിയിരിക്കുന്നത്.

പരാതിയില്‍ തനിക്ക് മുസ്‌ലിം സംഘടനകളായും അതില്‍ അംഗമാണെന്ന് അവകാശപ്പെടുന്നവരുമായും യാതൊരു തരത്തിലുമുള്ള ബന്ധവും അടുപ്പവുമില്ലെന്ന് കരിം ബെന്‍സെമ ചൂണ്ടിക്കാട്ടി. തനിക്കെതിരെയുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയപരമായി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് നിരീക്ഷിക്കണമെന്നും കരിം ബെന്‍സെമ ആവശ്യപ്പെട്ടു.

ഇസ്രഈലില്‍ ഹമാസ് പ്രത്യാക്രമണം നടത്തിയതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ കണ്ടില്ലെന്ന് നടിയ്ക്കാന്‍ കഴിയില്ലെന്ന് താരം പറഞ്ഞു.

ജെറാള്‍ഡ് ഡാര്‍മാനിന്റെ പരാമര്‍ശങ്ങള്‍ താരത്തിന്റെ ഭാവി ജീവിതത്തെയും പ്രശസ്തിയെയും ബഹുമാനത്തെയും ബാധിക്കുമെന്ന് അഭിഭാഷകനായ ഹ്യൂഗ്‌സ് വിജിയർ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു

ഫ്രാന്‍സിന്റെ മുന്‍ സ്ട്രൈക്കറും 2022ലെ ബാലണ്‍ ഡി ഓര്‍ ജേതാവുമായ കരിം ബെന്‍സെമ ഇസ്രഈല്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഗസയിലെ ഫലസ്തീനികള്‍ക്ക് എക്‌സിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇസ്രഈല്‍ അന്യമായി നടത്തിയ ബോംബാക്രമണങ്ങളുടെ ഇരകളാണ് ഫലസ്തീനികളെന്നും ബെന്‍സേമ ചൂണ്ടിക്കാട്ടിയിരുന്നു.

‘സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കാതെ ഇസ്രഈല്‍ നടത്തുന്ന അന്യായമായി ഈ ബോംബാക്രമണത്തിന് ഇരയായ ഗസ നിവാസികള്‍ക്ക് ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും,’ ബെന്‍സെമ എക്‌സില്‍ കുറിച്ച വാക്കുകള്‍.

ഇതിനെ തുടര്‍ന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രിയടക്കമുള്ളവര്‍ താരത്തിനെതിരെ ആരോപണങ്ങള്‍ ഉയർത്തിയത്. നിലവില്‍ സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദിന് വേണ്ടിയാണ് കരിം ബെന്‍സേമ കളിക്കുന്നത്.

ഫുടബോള്‍ കരിയറിന്റെ ഭൂരിഭാഗം സമയവും റയല്‍ മാന്‍ഡ്രിഡിനൊപ്പം ചെലവഴിച്ച കരിം ബെന്‍സെമ നിരവധി ട്രോഫികള്‍ നേടിയിട്ടുണ്ട്. സ്പാനിഷ് ലീഗ്, സ്പാനിഷ് കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഫിഫാ ലോകകപ്പ് ഉള്‍പ്പെടെയുള്ള നേട്ടങ്ങളാണ് താരം കൈവരിച്ചിരിക്കുന്നത്.

Content Highlight: Karim Benzema has filed a defamation complaint against the French interior minister

We use cookies to give you the best possible experience. Learn more