ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെ ഇരു പാദങ്ങളിലുമായി 6-2ന് തകർത്ത് ക്വാർട്ടർ ഫൈനലിൽ കടന്നിരിക്കുകയാണ് റയൽ മാഡ്രിഡ്. ഇതോടെ തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നതിലേക്ക് ഒരു പടി കൂടിയടുക്കാൻ റയൽ മാഡ്രിഡിനായിട്ടുണ്ട്.
രണ്ടാം പാദ മത്സരം 78 മിനിട്ട് പിന്നിട്ടപ്പോൾ ഫ്രഞ്ച് സൂപ്പർ താരമായ ബെൻസെമ നേടിയ ഗോളിലാണ് മാഡ്രിഡ് ക്ലബ്ബ് രണ്ടാം പാദ മത്സരവും വിജയിച്ചത്.
എന്നാലിപ്പോൾ റയലിന്റെ മുന്നേറ്റ നിരയുടെ കുന്തമുനയായ ബെൻസെമ ക്ലബ്ബിൽ ഒരു വർഷം കൂടി കരാർ നീട്ടാൻ സമ്മതിച്ചു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അത്ലറ്റിക്കാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ച കരിം ബെൻസെമ അടുത്ത ട്രാൻസ്ഫർ ജാലകത്തോടെ റയൽ വിടുമെന്നായിരുന്നു മുമ്പ് പുറത്ത് വന്ന വാർത്തകൾ.
2009 മുതൽ റയൽ മാഡ്രിഡിൽ കളിക്കുന്ന താരം ക്ലബ്ബിനായി ഇതുവരെ 632 മത്സരങ്ങളിൽ നിന്നും 341 ഗോളുകളും 164 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
റൊണാൾഡോ കഴിഞ്ഞാൽ റയലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്തിട്ടുള്ള താരമായ ബെൻസെമ, അഞ്ച് ചാമ്പ്യൻസ് ലീഗ് ട്രോഫിയും അഞ്ച് ക്ലബ്ബ് ലോകകപ്പും നാല് സൂപ്പർ കപ്പും നാല് ലാ ലിഗ കിരീടങ്ങളും റയലിനായി സ്വന്തമാക്കിയിട്ടുണ്ട്.
എന്നാൽ ബെൻസെമ റയലിൽ തുടരുന്നതോടെ ക്ലബ്ബിന്റെ വലിയ ടാർഗറ്റായ എംബാപ്പെ റയലിൽ എത്തില്ല എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ബെൻസെമക്ക് പകരക്കാരനായിട്ടാണ് എംബാപ്പെയെ റയലിലെത്തിക്കാൻ ക്ലബ്ബ് മാനേജ്മെന്റ് ശ്രമങ്ങൾ നടത്തിയിരുന്നത്.
എന്നാൽ ബെൻസെമയുടെ മികച്ച ഫോമും, താരത്തിന്റെ ഒരു വർഷത്തെ കരാർ നീട്ടലും എംബാപ്പെയുടെ റയൽ പ്രവേശനം തടയും എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം 25 മത്സരങ്ങളിൽ നിന്നും 17 വിജയങ്ങളോടെ 56 പോയിന്റുമായി ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ. മാർച്ച് 20ന് ബാഴ്സക്കെതിരെയുള്ള എൽ ക്ലാസിക്കോയാണ് ക്ലബ്ബിന് അടുത്തതായി കളിക്കാനുള്ളത്.
Content Highlights: Karim Benzema has agreed to extend his contract for another year in real madrid- Reports