| Saturday, 11th March 2023, 1:22 pm

'എന്തൊരു ധീരത, പുണ്യാളന്‍ ദിദിയര്‍'; ഫ്രഞ്ച് കോച്ചിനെതിരെ കരിം ബെന്‍സെമ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ നിന്നും വിരമിക്കുകയാണെന്ന ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സെമയുടെ തീരുമാനത്തെ കുറിച്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് തന്റെ അഭിപ്രായം പങ്കുവെച്ചിരുന്നു. വിഷയത്തില്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുയാണ് ബെന്‍സെമ.

വിരമിക്കല്‍ പ്രഖ്യാപനം ബെന്‍സെമയുടെ വ്യക്തിപരമായ തീരുമാനമാണെന്നും താരം ഫിറ്റ് അല്ലാത്തത് കൊണ്ടാണ് സ്‌ക്വാഡില്‍ തിരിച്ചെത്താതിരുന്നത് എന്നുമായിരുന്നു ദെഷാംപ്‌സിന്റെ വിശദീകരണം.

കോച്ചിന്റെ വാക്കുകള്‍ ഉദ്ധരിച്ച് കൊണ്ട് ബെന്‍സെമ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറി പങ്കുവെക്കുകയായിരുന്നു. ‘എന്തൊരു ധീരത’ എന്നാണ് ബെന്‍സെമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തൊട്ടുപിന്നാലെ ‘പുണ്യാളന്‍ ദിദിയര്‍. ഗുഡ്‌നൈറ്റ്’ എന്നും ബെന്‍സെമ കുറിച്ചു.

ലോകകപ്പ് കിക്ക് ഓഫിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സെമ പരിക്കിനെ തുടര്‍ന്ന് പുറത്തായത്. ലോകകപ്പ് കളിക്കാനില്ലെന്ന് താരം തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.

എന്നാല്‍ താരം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പരിക്കില്‍ നിന്ന് മോചിതനായെന്നും ലോകകപ്പിലെ തുടര്‍ മത്സരങ്ങളില്‍ ഫ്രഞ്ച് ദേശീയ ടീമിനൊപ്പം ചേരുമെന്നുമാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ആരാധകര്‍ പ്രതീക്ഷയോടെ നോക്കിയിരുന്നെങ്കിലും ബെന്‍സെമ ടീമില്‍ തിരിച്ചെത്തിയിരുന്നില്ല. എന്നാല്‍ താരത്തിന് ഫിറ്റ്‌നെസ് പ്രശ്‌നം ഇല്ലാതിരുന്നിട്ട് കൂടി മത്സരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു എന്ന് ബെന്‍സെമയുടെ ഏജന്റ് കരിം ജാസിരി ആരോപിച്ചിരുന്നു.

ലോകകപ്പിന് മുന്നോടിയായി നടന്ന പരിശീലന ക്യാമ്പിലാണ് ബെന്‍സെമയുടെ തുടയ്ക്ക് പരിക്കേറ്റത്. ഇതിനെ തുടര്‍ന്നാണ് താരത്തെ ഫ്രഞ്ച് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത്. പരിശീലകന്‍ 25 കളിക്കാരുമായാണ് ഖത്തര്‍ ലോകകപ്പ് ക്യാമ്പയ്ന്‍ ആരംഭിച്ചത്.

ബെന്‍സെമക്ക് പകരക്കാരനെ കൊണ്ടു വരാതിരുന്നത് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കുകയായിരുന്നു. ബെന്‍സെമ തിരിച്ച് വരാനാണ് അങ്ങനെ ചെയ്തതെന്നാണ് ആരാധകര്‍ കരുതിയിരുന്നത്.

ഫ്രാന്‍സ് ചാമ്പ്യന്മാരായ 2018 ലോകകപ്പിലും ബെന്‍സെമക്ക് ഭാഗമാകാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന് വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. തുടര്‍ന്ന് ഇപ്രാവശ്യത്തെ ബാലണ്‍ ഡി ഓര്‍ ജേതാവാകാനും ബെന്‍സെമക്കായി.

Content Highlights: Karim Benzema gets angry on Didier Deschamp

We use cookies to give you the best possible experience. Learn more