ഫിഫ ക്ലബ്ബ് ലോകകപ്പില്‍ സൗദി ക്ലബ്ബ് അല്‍ ഇത്തിഹാദിന് തകര്‍പ്പന്‍ ജയം. ന്യൂസിലാന്‍ഡ് ടീമായ ഒക്ക്‌ലാന്‍ഡ് സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അല്‍ ഇത്തിഹാദ് തകര്‍ത്തത്.
മത്സരത്തില്‍ ഇത്തിഹാദിന്റെ ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സിമ ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ മിന്നും പ്രകടനത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ബെന്‍സിമയെ തേടിയെത്തിയത്.
ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ നാല് ടൂര്‍ണമെന്റുകളിലും ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് ബെന്‍സിമ സ്വന്തം പേരില്‍ കുറിച്ചത്. 2014, 2016, 2022, 2023 എന്നീ സീസണുകളില്‍ നടന്ന ടൂര്‍ണമെന്റില്‍ ആണ് ബെന്‍സിമ ഗോള്‍ നേടിയത്.
സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോഴാണ് ഫ്രഞ്ച് സൂപ്പര്‍ താരം മൂന്ന് ഗോളുകള്‍ നേടിയത്. ഇതിനോടകം തന്നെ അഞ്ച് തവണയാണ് ഫ്രഞ്ച് സൂപ്പര്‍ താരം ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് സ്വന്തമാക്കിയത്.
ഈ സീസണിലാണ് റയല്‍ മാഡ്രിഡില്‍ നിന്നും നീണ്ട കരിയര്‍ അവസാനിപ്പിച്ച് ബെന്‍സിമ സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്ക് ചേക്കേറുന്നത്. സൗദി ക്ലബ്ബിനൊപ്പം ഈ സീസണില്‍ 16 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ബെന്‍സിമ പത്ത് ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തം പേരില്‍ ആക്കിയിട്ടുണ്ട്.
കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 29 മിനിട്ടില്‍ റൊമാറീഞ്ഞോയാണ് ഇത്തിഹാദിന്റെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. 34ാം മിനിട്ടില്‍ ഫ്രഞ്ച് താരം എന്‍ഗോളോ കാന്റെയും 40ാം മിനിട്ടില്‍ ബെന്‍സിമയും ഗോള്‍ നേടിയതോടെ ആദ്യപകുതി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അല്‍ ഇത്തിഹാദ് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ഗോളിന്റെ എണ്ണം കൂട്ടാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഒന്നും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ സൗദി വമ്പന്മാര്‍ 3-0ത്തിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.
ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ഡിസംബര്‍ 15ന് അല്‍ അഹ്ലിക്കെതിരെയാണ് അല്‍ ഇത്തിഹാദിന്റെ അടുത്ത മത്സരം.
Content Highlight: Karim Benzema create a record in Fifa club world cup.