സ്പാനിഷ് ലീഗിലെ വമ്പൻ ക്ലബ്ബുകളിലൊന്നാണ് റയൽ മാഡ്രിഡ്. ചരിത്രം കൊണ്ടും, ടൈറ്റിലുകളുടെ എണ്ണം കൊണ്ടും, സ്‌ക്വാഡ് ഡെപ്ത്ത് കൊണ്ടും ലോകത്തെ ഏത് വമ്പൻ ഫുട്ബോൾ ക്ലബ്ബിനെയും ഭയപ്പെടുത്തുന്ന ടീമാണ് അവർ.
എന്നാൽ ക്ലബ്ബിന്റെ ഇതിഹാസ താരങ്ങളായ നാല് പേർ ഉടൻ ക്ലബ്ബ് വിടാൻ പോകുന്നതായും ഇവരോട് ഭാവി തീരുമാനിക്കാൻ ക്ലബ്ബ് അധികൃതർ നിർദേശം നൽകിയതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
സ്പാനിഷ് മാധ്യമമായ ഡിയാരോയാണ് കരീം ബെൻസെമ, ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ്, നാച്ചോ ഫെർണാണ്ടസ് എന്നീ താരങ്ങളോട് ക്ലബ്ബ് അവർക്ക് താല്പര്യമുണ്ടെങ്കിൽ മറ്റു ക്ലബ്ബുകൾ നോക്കാൻ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കിൽ കരാർ നീട്ടി നൽകാമെന്ന് പറഞ്ഞെന്നുമാണ് ഡിയാരോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റയലിന്റെ മുന്നേറ്റ നിരയുടെ കുന്തമുനയായി പ്രവർത്തിക്കുന്ന താരമാണ് കരീം ബെൻസെമ. ക്ലബ്ബിനെ കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗ് ട്രോഫി വിജയിപ്പിക്കുന്നതിൽ നിർണായകമായ പ്രകടനമാണ് ബെൻസെമ കാഴ്ചവെച്ചത്.
12 ഗോളുകളും 18 അസിസ്റ്റുകളുമാണ് താരം റയലിനായി ഈ സീസണിൽ സ്വന്തമാക്കിയത്.
കൂടാതെ റയൽ മധ്യ നിരയിൽ ഒഴിച്ചു കൂടാനാവാത്ത താരങ്ങളാണ് ലൂക്കാ മോഡ്രിച്ചും ടോണി ക്രൂസും. മോഡ്രിച്ച് ക്ലബ്ബ് വിടുമെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ക്രൂസിന് റയലിൽ തന്നെ തുടരണമെന്നും ക്ലബ്ബിൽ വിരമിക്കണമെന്നുമാണ് ആഗ്രഹം എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
സാധാരണയായി 30 വയസ് പിന്നിട്ട താരങ്ങൾക്ക് റയൽ ഒരു വർഷത്തെ കോൺട്രാക്ട് മാത്രമാണ് നൽകുന്നത്. പിന്നീട് കോൺട്രാക്ട് നീട്ടിയാണ് ആ താരങ്ങളെ റയൽ മാഡ്രിഡ് സ്‌ക്വാഡിൽ നിലനിർത്തുന്നത്.
അതേസമയം തിങ്കളാഴ്ച നടന്ന മത്സരത്തിൽ ബിൽബാവോ ക്ലബ്ബിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർക്കാൻ റയൽ മാഡ്രിഡിന് സാധിച്ചു. കരീം ബെൻസെമ സ്കോർ ചെയ്ത മത്സരത്തിൽ വിജയിക്കാൻ സാധിച്ചതോടെ പോയിന്റ് ടേബിളിൽ ഒന്നാമതുള്ള ബാഴ്സലോണയുമായി പോയിന്റ് വ്യത്യാസം മൂന്നായി കുറക്കാൻ മാഡ്രിഡ് ക്ലബ്ബിനായി.