| Wednesday, 18th October 2023, 5:57 pm

'മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധം'; ബെന്‍സിമക്കെതിരെ ഗുരുതര ആരോപണവുമായി ഫ്രാന്‍സ് ആഭ്യന്തര മന്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സിമ സൗദി അറേബ്യയിലേക്ക് ചേക്കേറിയതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. ഈ വര്‍ഷമാണ് താരം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ നിന്ന് സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്ക് കൂട് മാറിയത്.

സൗദിയിലെത്തിയതിന് ശേഷം ബെന്‍സിമ അറേബ്യന്‍ രാജ്യത്തെ സംസ്‌കാരത്തെ പ്രശംസിച്ച് സംസാരിച്ചിരുന്നു. മുസ് ലിങ്ങളുടെ പുണ്യ ഭൂമിയില്‍ താമസിക്കുന്നത് വലിയ സമാധാനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍, ബെന്‍സിമ  മുസ്‌ലിം ബ്രദര്‍ഹുഡുമായാണ്‌ ബന്ധം പുലര്‍ത്തുന്നതെന്നും തീവ്രവാദ ബന്ധമുള്ള ഗ്രൂപ്പാണ് അതെന്നും ആരോപിച്ചിരിക്കുകയാണ് ഇപ്പോള്‍ ഫ്രാന്‍സിലെ ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍. സി ന്യൂസിനോട് (cnews) സംസാരിക്കുമ്പോഴാണ് ഡര്‍മാനിന്‍ ബെന്‍സിമയെ വിമര്‍ശിച്ച് സംസാരിച്ചത്.

രാജ്യത്തെ സര്‍ക്കാര്‍ പദവിയിലിരിക്കുന്ന ഒരാള്‍ ബെന്‍സിമക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുമ്പോള്‍ താരം അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. വിഷയത്തില്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഫ്രഞ്ച് സൂപ്പര്‍ താരവും നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവുമായ കരിം ബെന്‍സിമ യൂറോപ്പ് വിട്ട് സൗദി അറേബ്യയിലേക്ക് ചേക്കേറിയത്. സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ കളിക്കുകയായിരുന്ന താരത്തെ അല്‍ ഇത്തിഹാദ് മോഹ വില നല്‍കി സ്വീകരിക്കുകയായിരുന്നു.

റയല്‍ മാഡ്രിഡില്‍ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി കഴിഞ്ഞപ്പോള്‍ ജീവിതത്തില്‍ പുതുതായി എന്തെങ്കിലും പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും തുടര്‍ന്ന് സൗദിയുടെ ഓഫര്‍ സ്വീകരിക്കുകയായിരുന്നെന്നുമാണ് കൂടുമാറ്റത്തിന് ശേഷം ബെന്‍സിമ പറഞ്ഞത്.

Content Highlights: Karim Benzema accused of having terrorist links by French minister

We use cookies to give you the best possible experience. Learn more