| Tuesday, 25th October 2022, 7:18 pm

ചിരിപ്പിക്കാന്‍ മാത്രമല്ല കരയിപ്പിക്കാനും അറിയാമെഡേയ്... ഞെട്ടിച്ച് ജെറിന്‍ തരംഗമായി ജബ്‌ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘കരിക്ക്’… പേരു പോലെ നല്ല റിഫ്രഷിങ്ങ് കണ്ടന്റുകള്‍ കൊണ്ടുവന്ന് പ്രേക്ഷകരെ ആവേശത്തിലാക്കുന്ന മലയാളികളുടെ സ്വന്തം ടീമാണ് കരിക്ക്. തേരാ പാരയില്‍ തുടങ്ങി ജബ്‌ല വരെ എത്തി നില്‍ക്കുകയാണ് ഇവര്‍.

ഒരോ സീരിസിലും പുതിയ കഥാപാത്രങ്ങളെയാണ് കരിക്ക് ടീം ഹൈലൈറ്റ് ചെയ്യുന്നതെന്ന് നമുക്ക് കാണാം. ലോലനായി വന്ന ശബരീഷ് സജിന്‍, ജോര്‍ജായി എത്തിയ അനു.കെ. അനിയന്‍, ഭാരതിഅപ്പോര്‍ട്ട് മെന്റ്‌സിലെ കൃഷ്ണ ചന്ദ്രന്‍ ഇപ്പോഴിതാ ജബ്‌ലയിലെ ജെറിന്‍ എന്ന കഥാപാത്രമായി ജീവിച്ച കിരണ്‍. ഇവരുടെയെല്ലാം സ്‌പെഷല്‍ പെര്‍ഫോമന്‍സായിരുന്നു ഓരോ സീരിസിലും. ഓരോ പുതിയ വീഡിയോകളിലും നിരവധി പുതുമുഖങ്ങളെയും കരിക്ക് പരിചയപ്പെടുത്തുന്നുണ്ട്.

അടിപൊളി പെര്‍ഫോമന്‍സുമായി മലയാളികള്‍ക്കിടയില്‍ തരംഗമായ കരിക്ക് ടീമിന്റെ പുതിയ സീരിസ് ജബ്‌ലയെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗം. കരിക്ക് ഫ്‌ളിക്കില്‍ റിലീസ് ചെയ്ത സീരിസിലെ കിരണിന്റെ പ്രകടനമാണ് പ്രേക്ഷകരെ ഏറെ അതിശയിപ്പിക്കുന്നത്.

ഇതുവരെ കരിക്കിന്റെ വീഡിയോകളില്‍ കോമഡി വേഷങ്ങളില്‍ മാത്രം എത്തിയിട്ടുള്ള കിരണിന്റെ തീര്‍ത്തും വ്യത്യസ്തമായ പ്രകടനമാണ് ജബ്‌ലയില്‍ കാണാനാവുക. താന്‍ സ്നേഹിച്ച വ്യക്തിക്കൊപ്പം വീടുവിട്ട് ഇറങ്ങിപ്പോയ സഹോദരി പിന്നീട് പ്രസവശേഷം കുഞ്ഞുമായി തിരിച്ച് വീട്ടിലേക്ക് വരുമ്പോഴുള്ള സഹോദരനായി കിരണ്‍ ജീവിക്കുകയാണെന്ന് കാണുന്നവര്‍ക്ക് അറിയാതെ തോന്നിപ്പോകും.

സഹോദരന്റെ മനസിലൂടെ കടന്നുപോകുന്ന ചിന്തകളും മാനസിക പ്രയാസങ്ങളും പുതിയ സാഹചര്യത്തെ ഉള്‍ക്കൊള്ളുന്നതിലുള്ള ബുദ്ധിമുട്ടുകളുമെല്ലാം കിരണ്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമായ ആളുകളുടെ സംസാരത്തില്‍ വീണുപോകുന്ന, അവരാല്‍ എളുപ്പത്തില്‍ മാനിപ്പുലേറ്റ് ചെയ്യപ്പെടുന്ന ഒരു ചെറുപ്പക്കാരനായി കിരണ്‍ മികച്ച പ്രകടനമാണ് ജബ്‌ലയില്‍ കാഴ്ച വെക്കുന്നത്.

ജെറിനും ഇളയ സഹോദരനും തമ്മിലുള്ള കെമിസ്ട്രിയും ജബ്‌ലയില്‍ വളരെ മനോഹരമായി വര്‍ക്കൗട്ടായിട്ടുണ്ട്. അമ്മ, അച്ഛന്‍, സഹോദരി എന്നിവരുമായുള്ള ജെറിന്റെ ഇമോഷണല്‍ കണക്ഷനുകളും സീരീസില്‍ കൃത്യമായി വരച്ചിടുന്നുണ്ട്.

കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ മാത്രമല്ല ഇമോഷണലാക്കി കരയിപ്പിക്കാനും തനിക്ക് പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് കിരണ്‍. ഇമോഷണല്‍ രംഗങ്ങള്‍ അതിഗംഭീരമായ കയ്യടക്കത്തോടെയാണ് കിരണ്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.

കരിക്ക് ഫ്‌ളിക്കില്‍ തന്നെ പുറത്തിറങ്ങിയ സ്‌കൂട്ട് എന്ന സീരിസിലും കിരണ്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കൂടാതെ റിപ്പര്‍, ഓണസദ്യ, ജിം ബോയ്‌സ്, പ്ലസ് റ്റൂ ക്ലാസ് തുടങ്ങി മിക്ക സീരീസിലും പ്രേക്ഷകരെ ചിരിപ്പിക്കുന്ന കഥാപാത്രമായി കിരണിനെ കാണാം. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ കഥാപാത്രമായാണ് ജബ്‌ലയിലെ ജെറിനായുള്ള കിരണിന്റെ പെര്‍ഫോമന്‍സ്.

അടുത്തതായി സീരിസില്‍ കയ്യടി വാങ്ങിക്കൂട്ടുന്നത് ജെറിന്റെ അനിയത്തിയായ ഷെറിന്‍ എന്ന കഥാപാത്രമായി എത്തിയ നടിയാണ്. പെര്‍ഫെക്ട് കാസ്റ്റിങ്ങാണ് ഈ നടിയുടേതെന്നാണ് ഉയരുന്ന അഭിപ്രായം. ഓരോ സീരിസിലും ഇതുപോലെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന കഥാപാത്രങ്ങളെ കരിക്ക് നല്‍കാറുള്ളതിനാല്‍ ഇവരുടെ എപ്പിസോഡിനായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ സ്‌നേഹവും പിന്തുണയും കമന്റില്‍ കാണാന്‍ സാധിക്കാറുണ്ട്.

നേരത്തെ ‘സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച’ എന്ന സീരീസിലെ ടൈറ്റില്‍ കഥാപാത്രമായുള്ള അനു കെ. അനിയന്റെ പ്രകടനവും ഏറെ കയ്യടി നേടിയിരുന്നു. കരിക്കില്‍ ഇതുവരെ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയ നടന്മാരിലൊരാള്‍ കൂടിയാണ് അനു കെ. അനിയന്‍ എന്ന ജോര്‍ജ്. സീരിസിലെ സെബാസ്റ്റ്യനായുള്ള നമ്മുടെ ജോര്‍ജിന്റെ പെര്‍ഫോമന്‍സ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇന്നും പല സീരിസിലും പേര് മാറുന്നുണ്ടെങ്കിലും ജോര്‍ജ് എന്ന് തന്നെയാണ് അനുവിനെ ആരാധകര്‍ വിളിക്കുന്നത്.

കരിക്കിന്റെ ഓരോ സീരിസ് കഴിയുമ്പോഴും സിനിമ കണ്ട അനുഭവമാണ് കാണുന്നവര്‍ക്ക് ലഭിക്കുന്നത്. സാധാരണ ഇവരുടെ ഒരു സീരിസിലെ എപ്പിസോഡ് ഇറങ്ങി കുറച്ച് കഴിഞ്ഞാണ് അടുത്തത് ഇറക്കാറുള്ളത്. ഇതിനായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഒരാഴ്ച്ചക്കുള്ളില്‍ മുഴുവന്‍ എപ്പിസോഡും ഇറങ്ങിയതിന്റെ ആവേശവും കാഴ്ചക്കാരിലുണ്ട്. മലയാളികള്‍ക്ക് അത്രക്കും പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ് കരിക്കിലെ താരങ്ങള്‍. ഇനിയും പ്രേക്ഷകര്‍ക്കായി പല വിസ്മയങ്ങള്‍ കരിക്ക് ടീമിന്റെ വക ഒരുക്കിവെച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല.

content highlight: karikku webseries new jabla performance

We use cookies to give you the best possible experience. Learn more