| Monday, 2nd May 2022, 9:21 pm

ഞാനോ കരിക്ക് ടീമോ സിനിമയുടെ ചര്‍ച്ചയ്ക്കായി സുരാജേട്ടനെ സമീപിച്ചിട്ടില്ല, അദ്ദേഹത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാം; വാര്‍ത്തകള്‍ നിഷേധിച്ച് നിഖില്‍ പ്രസാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നിഷഷേധിച്ച് കരിക്ക് ടീം. കരിക്കിന്റെ സ്ഥാപകനും ക്രിയേറ്റീവ് ഹെഡുമായ നിഖില്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നിഖില്‍ ഇക്കാര്യം അറിയിച്ചത്. സുരാജുമായി പുതിയ കോമഡി ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു നിഖില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

‘ഒരു കാര്യം വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നു. ഞാനോ എന്റെ കമ്പനിയിലെ ആരും തന്നെയോ സിനിമയുടെ ചര്‍ച്ചയ്ക്കായി സുരാജേട്ടനെ സമീപിച്ചിട്ടില്ല. ഇനി അഥവാ കരിക്കിന്റെ പേരില്‍ ആരെങ്കിലും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെങ്കില്‍ അത് ഞങ്ങളല്ല. നിങ്ങള്‍ക്കൊപ്പം വര്‍ക് ചെയ്യാനുള്ള കാലത്തിനായി ഞങ്ങള്‍ തീര്‍ച്ചയായും കാത്തിരിക്കും സുരാജേട്ടാ,’ എന്ന കുറിപ്പോടെയായിരുന്നു നിഖില്‍ സ്‌റ്റോറി പങ്കുവെച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കരിക്ക് ടീമിനൊപ്പം പുതിയ ചിത്രം വരുന്നുണ്ടെന്ന് സുരാജ് പറഞ്ഞത്.

കുറച്ച് കാലമായി കോമഡി റോളുകള്‍ക്ക് പകരം സീരിയസ് കഥാപാത്രങ്ങളാണല്ലോ ചെയ്യുന്നത്, ഇനി തമാശ ചെയ്യില്ലേ എന്ന ചോദ്യത്തിനുത്തരമായായിരുന്നു സുരാജ് കരിക്കിനൊപ്പമുള്ള സിനിമയുടെ കാര്യം പറഞ്ഞത്.

‘എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്, സുരാജ് കോമഡി നിര്‍ത്തിയോ എന്നുള്ളത്. ശരിക്കും പറഞ്ഞാല്‍ സീരിയസ് ചെയ്ത് എനിക്കും ഏകദേശം ഒക്കെ മടുത്തു. തമാശയാണ് എന്റെ ജീവവായു.

തുടക്കസമയത്ത് കുറേ ക്യാരക്ടേഴ്സ് കിട്ടി. അതെല്ലാം കൂട്ടുകാരനായിട്ടാണ്. അന്നൊന്നും സ്‌ക്രിപ്റ്റൊന്നും നമുക്ക് പറഞ്ഞ് തന്നിരുന്നില്ല, സിനിമയുടെ ഐഡിയ ഒന്നും കിട്ടില്ല.

മമ്മൂക്കയുടെ കൂടെ നടക്കുന്ന പയ്യന്‍ അല്ലെങ്കില്‍ ലാലേട്ടന്റെ കൂടെയുള്ള പയ്യന്‍ എന്ന രീതിയിലുള്ള കഥാപാത്രങ്ങളായിരുന്നു. അല്ലാതെ ക്യാരക്ടറെന്താണ് എന്നുള്ളതിന്റെ ഡീറ്റെയ്ലിങ്ങ് ഒന്നും കിട്ടില്ല. അങ്ങനെ ഒരുപാട് ചിരിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആ തിരിച്ചറിവ് വരുന്നത് കുറേ കാലം കഴിഞ്ഞിട്ടാണ്. അങ്ങനെ നല്ലൊരു കഥാപാത്രം ചെയ്യണമെന്ന് ഭയങ്കര ആഗ്രഹിച്ചിട്ട് പല ആള്‍ക്കാരോടും ചോദിച്ചിട്ടുണ്ട്. അങ്ങനെയാണ് എബ്രിഡ് ഷൈനിന്റെ പടത്തില്‍ എനിക്കൊരു രണ്ട് സീന്‍ കിട്ടിയത്.

അതിന് ശേഷം എനിക്ക് കിട്ടുന്നതെല്ലാം സീരിയസ് കഥാപാത്രമാണ്. ഒരു പാവപ്പെട്ടവനാണ് എന്നുണ്ടെങ്കില്‍ നേരെ എന്നെ വിളിക്കും. കുറേ ചെയ്യുമ്പോള്‍ നമുക്ക് തന്നെ ഒന്ന് മാറ്റിപ്പിടിക്കണം എന്ന് തോന്നും.

കോമഡി ഇപ്പോള്‍ ചെയ്യാത്തത് എനിക്ക് താല്‍പര്യമില്ലാത്തത് കൊണ്ടല്ല. എന്റെ അടുത്ത് വരുന്ന തിരക്കഥയില്‍ നിന്ന് മാത്രമേ എനിക്ക് സെലക്ട് ചെയ്യാന്‍ പറ്റൂ. അതുകൊണ്ടാണ്.

ഇനിയിപ്പൊ കോമഡി വരുന്നുണ്ട്. നമ്മുടെ കരിക്ക് ടീമിന്റെ പടം ഞാനാണ് ചെയ്യുന്നത്. വിനീത് ശ്രീനിവാസനൊപ്പം ഒരു പടം ചെയ്തു. അതും ഹ്യൂമറാണ്. ഹ്യൂമറ് വിട്ട് ഒരു പരിപാടിയുമില്ല,” എന്നായിരുന്നു താരം പറഞ്ഞത്.

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങിയ ജന ഗണ മനയാണ് താരത്തിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. സുരാജിന് പുറമെ പൃഥ്വിരാജ്,

മംമ്ത മോഹന്‍ദാസ്, ധ്രുവന്‍, വിന്‍സി അലോഷ്യസ്, ശാരി എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Karikku team denies rumors that he is going to do a film with actor Suraj Venjarammoodu.

We use cookies to give you the best possible experience. Learn more