മലയാളത്തില്‍ സിനിമകള്‍ പോലെ ഏറെ ആരാധകരുള്ള ഒന്നാണ് കരിക്കിന്റെ വെബ് സീരീസുകള്‍.ഒരു സമയത്ത് തുടര്‍ച്ചയായി എപ്പിസോഡുകള്‍ ചെയ്ത് യൂട്യൂബില്‍ നിറഞ്ഞ് നിന്നിരുന്ന കരിക്ക് ടീം ഈയിടെയായി ഓരോ വീഡിയോയ്ക്ക് ശേഷവും വലിയ ഗ്യാപ് എടുക്കാറുണ്ട്. ആരംഭകാലത്ത് കോമഡി സ്‌ക്രിപ്റ്റുകള്‍ മാത്രം ചെയ്തിരുന്ന കരിക്ക് സീരിയസായിട്ടുള്ള സബ്ജക്ടുകളാണ് ഇപ്പോള്‍ കൂടുതലായി തെരഞ്ഞെടുക്കാറുള്ളത്.
കരിക്കിന്റെ എല്ലാ വീഡിയോയിലും കാണുന്ന കമന്റുകളിലൊന്നാണ് പ്ലസ് ടുവിന് ടൂര്‍ പോയ പിള്ളേര്‍ എവിടെ എന്നത്. കരിക്കിന്റെ സീരീസുകളില്‍ ഏറ്റവുമധികം ആരാധകരുള്ള എപ്പിസോഡായിരുന്നു പ്ലസ് ടു ക്ലാസ്. 2020ലാണ് പ്ലസ് ടു സീരീസായി പുറത്തിറക്കിയത്. പ്ലസ് ടുവിന് പഠിക്കുന്ന ഒരു കൂട്ടം കുട്ടികള്‍ ഒരു യാത്ര പോകുന്നിടത്താണ് പ്ലസ് ടുവിന്റെ ഏറ്റവുമൊടുവിലത്തെ എപ്പിസോഡ് അവസാനിച്ചത്.
കൊവിഡും ലോക്ക്ഡൗണും കഴിഞ്ഞതിന് ശേഷം പ്ലസ് ടു സീരീസിന്റെ യാതൊരു വിവരവുമില്ലായിരുന്നു. കൊവിഡിന് ശേഷം കോമഡി സബ്ജക്ടുകള്‍ക്ക് പകരം സീരിയസായിട്ടുള്ള കഥകളിലാണ് കരിക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തത്. അപ്പോഴും പ്ലസ് ടു സീരീസിന് എന്തായെന്നറിയാന്‍ പലരും താത്പര്യം കാണിക്കുന്നുണ്ടായിരുന്നു.
ഇപ്പോഴിതാ പ്ലസ് ടു സീരീസിലെ പുതിയ എപ്പിസോഡ് അധികം വൈകാതെ പുറത്തിറങ്ങുമെന്ന സൂചന കരിക്ക് നല്‍കിയിരിക്കുകയാണ്. സീരീസിന്റെ ചെറിയൊരു ഭാഗം യൂട്യൂബില്‍ ഷോര്‍ട്‌സിന്റെ രൂപത്തില്‍ കരിക്കിന്റെ ടീം പുറത്തുവിട്ടിരിക്കുകയാണ്. കരിക്കിന്റെ സ്ഥിരം കോമഡി ശൈലിയിലുള്ള വീഡിയോയാണ് വന്നിരിക്കുന്നത്.
എന്നാല്‍ പുതിയ എപ്പിസോഡ് എപ്പോള്‍ പുറത്തിറങ്ങുമെന്ന കാര്യത്തില്‍ ഒരു അപ്‌ഡേറ്റും വന്നിട്ടില്ല. വിഷുവിന് പുതിയ എപ്പിസോഡ് വരുമെന്നാണ് ആരാധകര്‍ കരുതുന്നത്. കരിക്ക് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ജാം എന്ന സീരീസ് കരിക്കിന്റെ പഴയ കോമഡിയുടെ ട്രാക്കിലേക്ക് തിരിച്ചെത്തിയെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
2018ലാണ് കരിക്ക് വെബ് സീരീസ് ലോകത്തേക്ക് കാലെടുത്തുവെച്ചത്. തേരാ പാര എന്ന മിനി വെബ് സീരീസ് ട്രെന്‍ഡ്‌സെറ്ററായി മാറിയിരുന്നു. പിന്നീട് കരിക്കിന്റെ പാത പിന്തുടര്‍ന്ന് പല യൂട്യൂബ് ചാനലുകളും മലയാളത്തില്‍ സജീവമായി. കരിക്കിന്റെ ഭാഗമായിട്ടുള്ള ഓരോ ആര്‍ട്ടിസ്റ്റുകള്‍ക്കും വലിയ ഫാന്‍ബേസുണ്ട്.
Content Highlight: Karikku Plus Two series new episode releasing soon