| Friday, 9th October 2020, 8:15 pm

'ജോര്‍ജ് കുമ്പിടിയാ കുമ്പിടി', പ്രിയദര്‍ശന്‍ സിനിമ കണ്ടപോലെ; അഭിനന്ദനങ്ങളുമായി അജു വര്‍ഗീസും; സോഷ്യല്‍ മീഡിയയില്‍ വൈറലായി കരിക്കിന്റെ ഉല്‍ക്ക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: വ്യാഴാഴ്ച രാത്രിയില്‍ പുറത്തുവിട്ട കരിക്കിന്റെ ഉല്‍ക്കയാണ് സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം. സ്ഥിരം ലുക്കില്‍ നിന്നും പശ്ചാത്തലത്തില്‍ നിന്നും മാറി കിടിലന്‍ മേക്ക് ഓവറിലാണ് കരിക്ക് ടീം പുതിയ വീഡിയോയുമായി എത്തിയത്.

നിരവധി പേരാണ് ടീമിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നടന്‍ അജുവര്‍ഗീസും അഭിനന്ദനങ്ങളുമായി എത്തി. ഒരോ എപ്പിസോഡ് കഴിയുന്തോറും ഇതിനോട് ഇഷ്ടം കൂടി കൂടി വരുന്നെന്നാണ് അജു ഫേസ്ബുക്കില്‍ കുറിച്ചത്.

രസകരമായ നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കരിക്കിലെ താരങ്ങള്‍ തന്നെയാണ് വീഡിയോയ്ക്ക് പിന്നിലുള്ള അണിയറയിലെ കാര്യങ്ങളും ചെയ്തിരിക്കുന്നത്. യൂട്യൂബില്‍ ഉല്‍ക്ക ഇതിനോടകം ടെന്റ്രിംഗ് ആണ്. 45 ലക്ഷം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

ഒരു ഉല്‍ക്ക കഷ്ണവും അതുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളുമാണ് പുതിയ വീഡിയോയില്‍ പറയുന്നത്. പ്രധാന കഥാപാത്രമായ മലാക്ക് അയി എത്തിയ ജീവന്‍ സ്റ്റീഫന്‍ തന്നെയാണ് ഉല്‍ക്ക സംവിധാനവും ചെയ്തിരിക്കുന്നത്. കഥയും സംഭാഷണങ്ങളും ജീവന്‍, അര്‍ജുന്‍ രത്തന്‍, അനു കെ അനിയന്‍, കിരണ്‍ എന്നിവരാണ്.

ഇതില്‍ അനു കെ അനിയന്‍ തന്നെയാണ് ഉല്‍ക്കയുടെ മേക്കപ്പും ആര്‍ട് വിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത് മിനോണും ആര്‍ട് വിഭാഗത്തിലുണ്ട്. അനു കെ അനിയന്‍ കുമ്പിടിയാണ് എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.

സിദ്ധാര്‍ത്ഥ കെ.ടിയാണ് ക്യാമറ. കരിക്കിന്റെ ഈ വീഡിയോ 90 കളിലെ പ്രിയദര്‍ശന്‍ സിനിമ കണ്ടപോലെയാണെന്നാണ് ചിലര്‍ പറയുന്നത്. മോഹന്‍ലാല്‍, മുകേഷ്, മണിയന്‍ പിള്ള രാജു തുടങ്ങിയവരെ കഥാപാത്രങ്ങളാക്കാമായിരുന്നെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരുന്നുണ്ട്.

അതേസമയം വീഡിയോയില്‍ ഇപ്രാവശ്യം കൃഷ്ണചന്ദ്രനെ മിസ് ചെയ്‌തെന്നും ആരാധകര്‍ പറയുന്നുണ്ട്. അനു കെ അനിയന്‍, ശബരീഷ് സജിന്‍, കിരണ്‍ വിയ്യത്ത്, ജീവന്‍ സ്റ്റീഫന്‍, അര്‍ജുന്‍ രത്തന്‍, ഉണ്ണി മാത്യൂസ്, ആനന്ദ് മാത്യുസ്, ബിനോയ് ജോണ്‍, റിജു രാജീവ്, ജിഷ്ണു റാം, ജോണ്‍സ് ജാക്‌സണ്‍, രാഹുല്‍ രാജഗോപാല്‍ എന്നിവരാണ് പുതിയ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.

Content Highlights: karikku new video ULKKA Comedy video

We use cookies to give you the best possible experience. Learn more