Malayalam Cinema
ചിരിക്കൊപ്പം ഭയം നിറച്ച് റിപ്പര്‍; നെറ്റ്ഫ്‌ളിക്‌സിലും താരമായി ജോര്‍ജ്ജ്; എപ്പിസോഡ് പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 03, 10:37 am
Saturday, 3rd April 2021, 4:07 pm

കരിക്കിന്റെ പുതിയ എപ്പിസോഡായ റിപ്പര്‍ നെറ്റ്ഫ്‌ളിക്‌സിലെത്തി. നെറ്റ് ഫ്‌ളിക്‌സിന്റെ യൂട്യൂബിലാണ് വീഡിയോ വന്നിരിക്കുന്നത്.

ഇത്തവണ ചിരിയേക്കാളേറെ ഭയത്തിനാണ് സീരീസ് വഴി മാറുന്നത്. നാടിനെ നടുക്കി റിപ്പാര്‍ മോഡല്‍ കൊലപാതകം നടത്തുന്ന കില്ലറിന്റെ കഥയാണ് സീരീസ് പറയുന്നത്.

റിപ്പറിനെ പേടിച്ച് ഒരു നാടുകഴിയുന്നതും ഒടുവില്‍ അഞ്ച് സുഹൃത്തുക്കളെ തേടി റിപ്പര്‍ എത്തുന്നതുമാണ് പ്രമേയം. തുടക്കം മുതല്‍ തന്നെ പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് കഥ മുന്നോട്ടുപോകുന്നത്.

റിപ്പര്‍ മോഡല്‍ കൊലപാതകം നടക്കുന്നതിന് പിന്നാലെ ജനങ്ങളോട് ഒന്‍പത് മണിക്ക് ശേഷം പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്ന വാര്‍ത്തയോടെയാണ് സീരീസ് ആരംഭിക്കുന്നത്. ജോലി കഴിഞ്ഞ് തിരിച്ചുവരുന്ന തങ്ങളുടെ കൂട്ടുകാരനെ ഈ വിവരം വിളിച്ചറിയിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളുമാണ് കഥ. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി കഥ കൊണ്ടുപോകാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

മാത്തപ്പനെന്ന കഥാപാത്രമായി ഇത്തവണയും ജോര്‍ജ്ജ് അഭിനന്ദാര്‍ഹമായ പ്രകടനം നടത്തിയിട്ടുണ്ട്. ജോര്‍ജ്ജിനൊപ്പം തന്നെ ഓരോരുത്തരുടേയും പ്രകടനം മികവുറ്റതാകുന്നുണ്ട്.

കരിക്ക് ഫൗണ്ടറായ നിഖില്‍ പ്രസാദാണ് വീഡിയോ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അനു കെ അനിയന്‍, അര്‍ജുന്‍ രത്തന്‍, ജീവന്‍ സ്റ്റീഫന്‍, ശബരീഷ് സജിന്‍, കിരണ്‍ വിയ്യത്ത്, ഉണ്ണി മാത്യൂസ് തുടങ്ങിയവരാണ് വീഡിയോയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. വീഡിയോ പുറത്ത് വിട്ട് രണ്ട് മണിക്കൂറുകള്‍ക്കകം അഞ്ച് ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Karikku New Episode Ripper On Netflix