കരിക്ക് എന്ന യൂട്യൂബ് ചാനലിന്റെ ഫൗണ്ടറായ നിഖില്‍ പ്രസാദ് തങ്ങളുടെ കണ്ടന്റിനെ കുറിച്ചും അതിലെ അഭിനേതാക്കളെ കുറിച്ചുമൊക്കെ സംസാരിക്കുകാണ്. കരിക്കില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള അവസരം കിട്ടിയിട്ടും അവരാരും അതിന് ശ്രമിച്ചിട്ടില്ലെന്നും തന്നോടുള്ള വിശ്വാസമാണ് അതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.
കരിക്കിലുള്ള എല്ലാവര്‍ക്കും സിനിമയില്‍ നിന്നും ഓഫേഴ്‌സ് വന്നിട്ടുണ്ടെന്നും എന്നാല്‍ അവര്‍ തന്നെ അത് വേണ്ടെന്ന് വെച്ചെന്നും അതൊന്നും ഒരിക്കലും താന്‍ പറഞ്ഞിട്ടല്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നിഖില്‍ പറഞ്ഞു.
‘എന്റെ കൂടെയുള്ള ആളുകള്‍ അത്ര നല്ലവരാണെന്ന് ഞാന് വിശ്വസിക്കുന്നുണ്ട്. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും ഇങ്ങനെയൊരു സ്‌പേസ് നിലനിര്‍ത്തിക്കൊണ്ട് പോവുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്റെ കൂടെ നില്‍ക്കുന്നവര്‍ക്ക് ഇനിയും മുമ്പോട്ട് പോകാനും ഇതിന് പുറത്തേക്ക് പോകാനുമുള്ള അവസരങ്ങളുണ്ട്. എന്നാല്‍ ഞാന്‍ പറയുന്ന കാര്യങ്ങളിലുള്ള വിശ്വാസം കൊണ്ടാണ് അവരൊക്കെ ഇവിടെ തന്നെ നില്‍ക്കുന്നത്.
ഭാവിയിലേക്കുള്ള ഒരുപാട് കാര്യങ്ങള്‍ ഇവിടെ ചെയ്യുന്നു എന്ന വിശ്വാസം അവര്‍ക്കുണ്ട്. അതിന്റെ പുറത്താണ് അവര്‍ കരിക്കില്‍ തന്നെ തുടരുന്നത്. അത് മാത്രമല്ല, അവര്‍ ഇവിടെ നില്‍ക്കുന്നതില്‍ സന്തോഷിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ആ ബന്ധം ഞങ്ങള്‍ നന്നായി നിലനിര്‍ത്തുന്നുണ്ട്.
നമ്മുടെ സ്വന്തം കുടുംബം പോലെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. മുതലാളി തൊഴിലാളി വ്യത്യാസമൊന്നും ഇവിടെയില്ല. ഓഫീസിലായാല്‍ പോലും നമ്മള്‍ ഒരുമിച്ച് കൂടുന്നതും ചര്‍ച്ചകള്‍ നടത്തുന്നതുമൊക്കെ ഒരു കുടുംബം എന്ന നിലയില്‍ തന്നെയാണ്. ഞങ്ങള്‍ക്കിടയിലെ ആ റാപ്പോ ഒരുപാട് സഹായിച്ചിട്ടുണ്ട്.
കരിക്കിലുള്ള എല്ലാവര്‍ക്കും സിനിമയില്‍ നിന്നും ഓഫേഴ്‌സ് വന്നിട്ടുണ്ട്. എന്നാല്‍ ഇവര്‍ തന്നെയാണ് ആ അവസരങ്ങള്‍ വേണ്ടെന്ന് വെക്കുന്നത്. ഒരിക്കലും ഞാന്‍ അവരെ വിടാതിരിക്കുന്നതല്ല. കണ്ടന്റ് ഇറക്കിയാലും ഇല്ലെങ്കിലും ഇവര്‍ക്കൊക്കെ സാലറി നല്‍കും,’ നിഖില്‍ പ്രസാദ് പറഞ്ഞു.
content highlight: karikku faounder nikhil prasad about his team