കൊച്ചി: കരിക്ക് സീരിസുകളില്‍ ഷിബു എന്ന കഥാപാത്രമായി എത്തി പ്രേക്ഷകശ്രദ്ധ നേടിയയാളാണ് ബിനോയ് ജോണ്‍. ടീമിലേക്ക് ബിനോയ് എത്തിയതിനെക്കുറിച്ച് പറയുകയാണ് അഭിനേതാവായ ഉണ്ണി മാത്യൂസ്. മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉണ്ണി മനസ്സുതുറന്നത്.
‘അച്ഛന്റെ അനിയന്റെ മകനുണ്ട് ബിനോയി. അന്നവന്‍ നെസ്റ്റില്‍ വര്‍ക്ക് ചെയ്യുകയാണ്. ഒരു ദിവസം ഇവിടെ വന്നപ്പോള്‍ പറഞ്ഞു, ഇപ്പോഴത്തെ ജോലി മതിയായി. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണം.
അവന്റെ അച്ഛന്‍ ജോണി അങ്കിളാണ് ആനിമേഷന്‍ സീരീസായ കാട്ടിലെ കണ്ണനൊക്കെ ചെയ്തത്. ബിനോയിക്ക് ക്യാമറ വളരെ താത്പര്യമുള്ള മേഖലയാണ്. അനുവാദത്തിനായി ജോണി അങ്കിളിനെ കണ്ടു.
അങ്കിള്‍ പറഞ്ഞു, ഒരു വര്‍ഷം അവന് കൊടുക്കാം. അവന്‍ ചെയ്തുനോക്കട്ടെ. അങ്ങനെ ബിനോയിയെ നെസ്റ്റില്‍നിന്ന് രാജിവെപ്പിച്ച് കൊണ്ടുവന്നു.
കുടുംബത്തില്‍നിന്നുള്ള ആളായതുകൊണ്ട് സംഗതി ക്ലിക്കായില്ലെങ്കിലും ഉള്ള വരുമാനം മുട്ടിച്ചുവെന്ന് പറഞ്ഞ് പുറത്തുനിന്ന് അടികിട്ടില്ലെന്നതായിരുന്നു അപ്പോഴത്തെ ആശ്വാസം.
നിഖില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത് വെച്ചിരുന്നു. ഇപ്പോഴും കരിക്കില്‍ കാണിക്കുന്ന വീട് തന്നെ. അഭിനേതാക്കള്‍ക്കു വേണ്ടിയുള്ള അന്വേഷണമായിരുന്നു പിന്നെ.
നിഖില്‍ പറഞ്ഞു, നീ അഭിനയിച്ചാല്‍ മതി. നമ്മുടെ ക്യാരക്ടറിന് കറക്ടാണ്. അങ്ങനെ ഞാനും അനുവും കൂടി അഭിനയിച്ച ഏപ്രില്‍ ഫൂള്‍ എന്ന എപ്പിസോഡില്‍ നിന്നാണ് കരിക്കിന്റെ തുടക്കം. 2018 ഏപ്രില്‍ ഒന്നിന് തന്നെ അത് റിലീസ് ചെയ്തു,’ ഉണ്ണി പറഞ്ഞു.