| Tuesday, 13th July 2021, 6:49 pm

ആദ്യമൊന്നും സാമ്പത്തിക ലാഭമുണ്ടായില്ല, നിഖിലിന്റെ ബാങ്ക് ബാലന്‍സ് കൊണ്ടായിരുന്നു ശമ്പളം വരെ നല്‍കിയത്; കരിക്ക് വിശേഷങ്ങളുമായി ഉണ്ണി മാത്യൂസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ മലയാളം സീരീസ് ടീമാണ് കരിക്ക്. സീരീസിലെ ഓരോ കഥാപാത്രങ്ങളെയും മലയാളി ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ കരിക്കിന്റെ തുടക്കകാലം അത്ര സുഗമമായിരുന്നില്ലെന്ന് പറയുകയാണ് അഭിനേതാവായ ഉണ്ണി മാത്യൂസ്. ആദ്യമൊന്നും അധികം സാമ്പത്തിക ലാഭമൊന്നുമുണ്ടായിരുന്നില്ലെന്നും ഉണ്ണി പറഞ്ഞു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉണ്ണിയുടെ വെളിപ്പെടുത്തല്‍.

‘കരിക്ക് പെട്ടെന്നുതന്നെ പ്രേക്ഷകരെ ആകര്‍ഷിച്ചുവെങ്കിലും അത് സാമ്പത്തികമായി ലാഭകരമാവാന്‍ യുട്യൂബില്‍ നിന്നുള്ള വരുമാനം മതിയാവില്ലായിരുന്നു.

നിഖിലിന്റെ ബാങ്ക് ബാലന്‍സ് കൊണ്ടായിരുന്നു എല്ലാവര്‍ക്കുമുള്ള ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകളെല്ലാം നടത്തിയിരുന്നത്. ബ്രാന്‍ഡ് ഇന്റഗ്രേഷന്റെ സാധ്യതകള്‍ മനസ്സിലാക്കിയപ്പോള്‍, അത് പരസ്യകാമ്പയിന്‍ പ്ലാനില്‍ ഉള്‍പ്പെടുത്താന്‍ സംരംഭകര്‍ തയ്യാറായതോടെ കരിക്ക് വരുമാനം ഉണ്ടാക്കിത്തുടങ്ങി.

ബ്രാന്‍ഡ് ഇന്റഗ്രേഷന്‍ എന്നറിയപ്പെടുന്ന ഈ രീതി ദേശീയ യുട്യൂബ് ചാനലുകളിലും മറ്റും മുമ്പ് പരീക്ഷിച്ചിരുന്നുവെങ്കിലും മലയാളത്തിലെ യുട്യൂബ് ചാനലില്‍ ആദ്യമായി നടപ്പിലായത് കരിക്കിലൂടെയാണ്,’ ഉണ്ണി പറഞ്ഞു.

കരിക്ക് എന്ന പേരില്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തുടങ്ങണമെന്ന ആശയം മുന്നോട്ടുവെച്ചത് നിഖിലായിരുന്നുവെന്നും നിഖിലിന്റെ മനസ്സില്‍ മുഴുവന്‍ പ്ലാനുമുണ്ടായിരുന്നുവെന്നും ഉണ്ണി പറഞ്ഞു.

‘ഒരുദിവസം വൈകുന്നേരം നിഖില്‍ എന്നെ വിളിച്ചുപറഞ്ഞു, ഇങ്ങനെയൊരു ഒരു ഐഡിയ ഉണ്ടെന്ന്. പിന്നെ ഞങ്ങള്‍ കുറെ ചര്‍ച്ചചെയ്തു.

നിഖിലിന്റെ മനസ്സില്‍ മുഴുവന്‍ പ്ലാനുമുണ്ടായിരുന്നു. അത് എക്‌സിക്യൂട്ട് ചെയ്യാന്‍ ആളുവേണം. 2017-ലാണത്. ആ സമയത്ത് കരിക്കിന്റെ ഫേസ്ബുക്കിലൂടെ നിഖില്‍ തന്നെ ഇരുന്നുണ്ടാക്കിയ ഇന്‍ഫോര്‍മേറ്റിവ് കണ്ടന്റ് പബ്ലിഷ് ചെയ്തിരുന്നു.

തുടക്കത്തില്‍ യൂടൂബില്‍ 60 സബ്‌ക്രൈബേഴ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കരിക്കുപോലെ ഒരു ഡിജിറ്റല്‍ എന്റര്‍ടൈന്‍മെന്റ് പ്‌ളാറ്റ്‌ഫോമിന് മലയാളത്തില്‍ വലിയ സാധ്യതയുണ്ട്,’ ഉണ്ണി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Karikku Actor Unni Mathews About Karikk Journey

Latest Stories

We use cookies to give you the best possible experience. Learn more