മലയാളത്തിലെ ഏറ്റവും പോപ്പുലറായ യൂട്യൂബ് ചാനലാണ് കരിക്ക്. നര്‍മ്മം കലര്‍ന്ന വെബ് സീരിസുകളും സ്‌കെച്ച് വീഡിയോകളുമായി കരിക്ക് ഓണ്‍ലൈന്‍ ലോകം കീഴടക്കിയിരിക്കുകയാണ്.
കരിക്കിലെ ഓരോ അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളും മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ ഏറെ പ്രചാരം നേടിക്കഴിഞ്ഞു. കരിക്കിന്റെ ഓരോ വീഡിയോയും ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷകണക്കിന് വ്യൂവാണ് നേടുന്നത്.
കരിക്കിലെ ഏവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് അനു കെ. അനിയന്‍. കരിക്കിന്റെ തേരാ പേരാ സീരിസിലെ ജോര്‍ജ് എന്ന കഥാപാത്രത്തിലൂടെയാണ് അനു കെ. അനിയന്‍ മലയാളികള്‍ക്ക് പ്രിയങ്കരാനാകുന്നത്. ഇപ്പോള്‍ താന്‍ കരിക്കിലെത്തിയത് എങ്ങനെയെന്ന് പറയുകയാണ് നടന്‍. ക്ലബ് എഫ്.എമ്മിലെ സ്റ്റാര്‍ ജാം അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനു.
‘ബിനോയ് വഴിയാണ് ഞാന്‍ കരിക്കിലെത്തുന്നത്. ബിനോയ്‌യോടൊപ്പം നെസ്റ്റില്‍ തന്നെയാണ് ഞാനും ആ സമയത്ത് ജോലി ചെയ്തിരുന്നത്. ഞാന്‍ ബി.ടെക് കഴിഞ്ഞ് കുറേ നാള്‍ സിനിമയിലേക്കും മറ്റും അവസരം ലഭിക്കാന്‍ ഓഡിഷനൊക്കെ പോയി നോക്കി. പക്ഷെ ഒന്നും സെറ്റായില്ല. കുറെ സ്‌കൂള്‍ കലോത്സവങ്ങള്‍ക്കൊക്കെ പിള്ളേരെ ട്രെയ്ന്‍ ചെയ്യാന്‍ നോക്കി. ഈ ഫീല്‍ഡില്‍ തന്നെ പിടിച്ചുനില്‍ക്കാന്‍ നോക്കുകയായിരുന്നു.
എന്തെങ്കിലും ഒക്കെ ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ നടന്നില്ല. അപ്പോള്‍ പിന്നെ ബി.ടെക് വെച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. അങ്ങനെ നെസ്റ്റില്‍ കയറി. ഞാനും ബിനോയിയും ഒരുമിച്ചാണ് ജോലിയ്ക്ക് കയറുന്നത്.
ബിനോയ് വേറെ സെക്ഷനിലായിരുന്നു. ഞാന്‍ ബിനോയ്‌യോട് ഷോര്‍ട്ട് ഫിലിമിനെ കുറിച്ചൊക്കെ ചെറുതായി സംസാരിക്കുമായിരുന്നു. ബിനോയ് ക്യാമറയൊക്കെ എടുത്ത് കമ്പനിയില്‍ നടന്ന ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോയൊക്കെ നല്ല രസത്തില്‍ എടുക്കുമായിരുന്നു.
ഇവന്‍ മുടിയൊക്കെ വളര്‍ത്തി ഒരു ഭ്രാന്തനെപ്പോലെ നടക്കും. നല്ല ഓളമായിരുന്നു. ഇവനോട് ഷോര്‍ട്ട് ഫിലിമിനെ കുറിച്ചൊക്കെ പറഞ്ഞപ്പോള്‍ കണക്ടായി.
അപ്പോഴാണ് ബിനോയ് ഫില്‍ട്ടര്‍ കോപ്പിയൊക്കെ പോലെ മലയാളത്തില്‍ ഒരു പ്ലാറ്റ്‌ഫോം തുടങ്ങാനുള്ള നിഖിലിന്റെ ഐഡിയയെ കുറിച്ച് പറയുന്നത്. നമുക്ക് പോയി കാണാമെന്ന് പറഞ്ഞു. എനിക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.
അങ്ങനെ ഒരു ദിവസം ഷിഫ്റ്റ് കഴിഞ്ഞ് ഞങ്ങള്‍ രണ്ടാളും നിഖിലേട്ടനെ കാണാന്‍ പോയി. ആള്‍ കഥയുടെ ചില കാര്യങ്ങളൊക്കെ പറഞ്ഞു. നിഖിലേട്ടന്‍ മൂന്നാല് വര്‍ഷമായി ഇതൊക്കെ ചിന്തിച്ച് സെറ്റാക്കി വെച്ചിട്ടുണ്ട്. കുറച്ച് അഭിനേതാക്കളെയാണ് വേണ്ടിയിരുന്നത്. അങ്ങനെ അടുത്ത ആഴ്ച തുടങ്ങാം എന്ന ആ മീറ്റിംഗില്‍ പറഞ്ഞു. ഏപ്രില്‍ ഫൂളിന് ഒരു വീഡിയോ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ഞാനും ഉണ്ണിച്ചേട്ടനും കൂടിയാണ് ആദ്യത്തെ വീഡിയോ ചെയ്യുന്നത്.
നമുക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ഉണ്ടാകുന്നത് അത്ര പ്രധാനപ്പെട്ടതായിരുന്നു. പിന്നെ നിഖിലേട്ടന്‍ മുന്‍പത്തെ ജോലി വിടുകയാണെന്ന് പറഞ്ഞു. അപ്പോള്‍ പിന്നെ നമ്മളും ജോലി വിട്ടു പോന്നു,’ അനു കെ. അനിയന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക