|

സുരനമ്പൂതിരിയും വേണുവുമായത് 25 പോലും തികയാത്ത പയ്യനോ!!!; കൃഷ്ണ ചന്ദ്രന്റെ പ്രകടനത്തില്‍ അമ്പരന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിക്കിലെ കഥാപാത്രങ്ങളും, താരങ്ങളും പ്രേക്ഷകരുടെ പ്രിയങ്കരരാണ്. ഓരോ എപ്പിസോഡിലും മിന്നും പ്രകടനമാണ് അഭിനേതാക്കള്‍ കാഴ്ചവെക്കാറുള്ളത്. കുറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടനാണ് കരിക്കിലെ കൃഷ്ണചന്ദ്രന്‍. പേര് ഇതാണെങ്കിലും നടന്‍ അറിയപ്പെടുന്നത് സുര നമ്പൂതിരി, ഭവാനിയമ്മ, രതീഷ് സാര്‍ തുടങ്ങിയ പേരുകളിലാണ്. കൃഷ്ണയുടെ വയസ് കേട്ട് ഞെട്ടിയിരിക്കുകയാണ് കരിക്കിന്റെ ആരാധകര്‍. 24 വയസാണ് കൃഷ്ണ ചന്ദ്രന്.

പുതിയ സീരിസായ സാമര്‍ത്ഥ്യ ശാസ്ത്രം പുറത്തിറങ്ങിയപ്പോള്‍ തന്നെ കൃഷ്ണ ചന്ദ്രന്റെ പെര്‍ഫോമന്‍സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തകൃതിയായിരുന്നു. വേണു എന്ന കഥാപാത്രമായാണ് ഈ സീരിസില്‍ താരം എത്തിയത്.

ഒരുപാട് പ്രാരബ്ദങ്ങളുള്ള പലചരക്ക് കടക്കാരന്റെ ജീവിതം സ്വഭാവികതയോടെ വരച്ചിടാന്‍ നടന് സാധിക്കുന്നുണ്ട്. കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിക്കുന്ന കൃഷ്ണ വളരെ സീരിയസായ വേഷമാണ് സാമര്‍ത്ഥ്യ ശാസ്ത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഇതുവരെ ചെയ്ത ഓരോ കഥാപാത്രങ്ങളെയും എടുത്ത് പറഞ്ഞായിരുന്നു താരത്തിനെ ആരാധകര്‍ പ്രശംസിച്ചത്. അറേഞ്ച് മാരേജ് എന്ന എപ്പിസോഡില്‍ സുര നമ്പൂതിരിയായി എത്തിയ കൃഷ്ണയുടെ മേക്കോവര്‍ പ്രായം ചെന്ന വ്യക്തിയുടേതായിരുന്നു. അതില്‍ നിന്നും വേണു എന്ന പലചരക്ക് കടക്കാരനിലേക്ക് വന്നപ്പോള്‍ കഥാപാത്രത്തിന്റെതായ മാറ്റം കൊണ്ടുവരുന്നതില്‍ കൃഷ്ണ വിജയിച്ചിട്ടുണ്ട്.

മീശയും വിഗ്ഗും വെക്കുമ്പോള്‍ അത്യാവശ്യം പ്രായം തോന്നിക്കുമെന്ന കണ്ടെത്തലാണ് കരിക്കിലെ അച്ഛന്‍, അമ്മൂമ്മ, അമ്മാവന്‍, ബോസ് തുടങ്ങിയ സീനിയര്‍ കഥാപാത്രങ്ങള്‍ തന്നിലേക്ക് എത്താന്‍ കാരണമെന്ന് താരം ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. അറേഞ്ച് മാരേജിലെ പ്രായം കൂടിയ സുര തന്നെയാണോ ഗൗരവക്കാരനായ വേണു ചേട്ടന്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകളാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്.

സാമര്‍ത്ഥ്യ ശാസ്ത്രത്തിന്റെ മൂന്ന് എപ്പിസോഡുകളാണ് കരിക്ക് ഇതുവരെ റിലീസ് ചെയ്തിരിക്കുന്നത്. മൂന്നിനും നല്ല പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. കിരണ്‍ വിയ്യത്ത്, നിലീന്‍ സാന്ദ്ര, ശബരീഷ് സജിന്‍, സ്‌നേഹ ബാബു, ഷൈനി സാറ, ഉണ്ണി മാത്യൂസ്, ഷിന്‍സ് ഷാന്‍, നീതു ചന്ദ്രന്‍, ആനന്ദ് മാത്യൂസ്, റിജു രാജീവ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content highlight: karikk webseries and krishna chandran