| Tuesday, 15th November 2022, 8:41 pm

'സംതിങ് ഫിഷി'; സാമര്‍ത്ഥ്യ ശാസ്ത്രവുമായി കരിക്ക്, ജോര്‍ജ് എവിടെയെന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ കരിക്ക് വെബ് സീരിസിന്റെ പുതിയ സീരിസ് നാളെ 7മണിക്ക് റിലീസ് ചെയ്യും. സാമര്‍ത്ഥ്യ ശാസ്ത്രം എന്നാണ് പുതിയ സീരിസിന്റെ പേര്. റിലീസ് വിവരവും പോസ്റ്ററും സോഷ്യല്‍ മീഡിയ വഴി അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

കരിക്കിന്റേതായി നേരത്തെ പുറത്തെത്തിയ പല ഉള്ളടക്കവും പോലെ ത്രില്ലര്‍ കോമഡി സ്വഭാവത്തിലുള്ളതാവും സാമര്‍ത്ഥ്യ ശാസ്ത്രവുമെന്നാണ് നേരത്തെ പുറത്ത് വിട്ട ടീസര്‍ നല്‍കുന്ന സൂചന. ടീസറിന് വന്‍ പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. ഒരു സിനിമയുടെ ട്രെയ്‌ലര്‍ പോലെയുണ്ടെന്നും കരിക്കിന്റെ കണ്ടന്റുകളുടെ നിലവാരം വര്‍ധിക്കുകയാണെന്നുമൊക്കെയാണ് ആരാധകരുടെ പ്രതികരണം.

കിരണ്‍ വിയ്യത്ത്, കൃഷ്ണചന്ദ്രന്‍, നിലീന്‍ സാന്ദ്ര, ശബരീഷ് സജിന്‍, സ്‌നേഹ ബാബു, ഷൈനി സാറ, ഉണ്ണി മുത്യൂസ്, ഷിന്‍സ് ഷാന്‍, നീതു ചന്ദ്രന്‍, റിജു രാജീവ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിങ് പോസ്റ്ററില്‍ ജോര്‍ജ് എന്ന പേരില്‍ ശ്രദ്ധേയനായ അനു.കെ.അനിയന്‍ ഇല്ല. അദ്ദേഹത്തെ ചോദിച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്ററിന് താഴെ കൂടുതലും ഉള്ളത്.

കരിക്ക് എന്ന ചാനലിലൂടെ അവര്‍ പുറത്തിറക്കിയ കലക്കാച്ചിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് ഭാഗങ്ങളായി ഒന്നേകാല്‍ മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള കോമഡി കണ്ടന്റ് ആയിരുന്നു ഇത്. അതുപോലെ തന്നെ കരിക്ക് ഫ്‌ളിക്കില്‍ ഇറങ്ങിയ ജബ്‌ലക്കും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു.

കിരണ്‍ വിയ്യത്തായിരുന്നു സീരിസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതുവരെ കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കിരണ്‍ ജബ്‌ലയില്‍ വേറിട്ട കഥാപാത്രത്തെയാണ് ചെയ്തത്.

നിലീന്‍ സാന്ദ്ര രചന നിര്‍വ്വഹിച്ചിരിക്കുന്ന സാമര്‍ത്ഥ്യ ശാസ്ത്രം സീരിസിന്റെ സംവിധാനം ശ്യാമിന്‍ ഗിരീഷ് ആണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഖില്‍ പ്രസാദ്, ക്രിയേറ്റീവ് ഡയറക്ടര്‍, എഡിറ്റര്‍ രാകേഷ് ചെറുമഠം, ഛായാഗ്രഹണം അഖില്‍ സേവ്യര്‍, കലാസംവിധാനം ശിവദാസ് കാവുള്ളപുരയില്‍, സംഗീതം ലിയോണല്‍ ആന്‍ഡ് ഗോപു, വസ്ത്രാലങ്കാരം കരോളിന്‍ ജോസഫ് ആലപ്പാട്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ റിയാസ്, ജോര്‍ജ്, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, സൗണ്ട് മിക്‌സ് അനീഷ് പി. ആനന്ദ് മാത്യൂസ്.

content highlight: karikk new series releasing poster out

We use cookies to give you the best possible experience. Learn more