ന്യൂദല്‍ഹി: ഇന്ത്യയുടേയും ജമ്മുകശ്മീരിന്റെയും ചരിത്രത്തിലെ കരിദിനമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ദിവസമെന്ന് കാര്‍ഗില്‍ മുന്‍ എം.എല്‍.എ അസ്ഗര്‍ അലി കാര്‍ബാലി. കേന്ദ്രനീക്കം ഏകപക്ഷീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തീരുമാനത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കാര്‍ഗിലില്‍ ബന്ദായിരുന്നു. ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് കാര്‍ഗിലാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. പ്രദേശത്ത് വലിയ സ്വാധീനമുള്ള മതസംഘടനയായ ഇമാം ഖമേനി മെമ്മോറിയല്‍ ട്രെസ്റ്റ് ബന്ദിനെ പിന്തുണച്ചിരുന്നു.
എല്ലാ വിദ്യാഭ്യാസ, കച്ചവട സ്ഥാപനങ്ങളും അടച്ചിട്ട നിലയിലായിരുന്നു. ഇവിടെ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കള്‍ സംസാരിച്ചിരുന്നു. ലഡാക്കിന് കേന്ദ്രഭരണ പ്രദേശ പദവി നല്‍കിയതിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
ശിയാ ഭൂരിപക്ഷ ജില്ലയായ കാര്‍ഗില്‍ ഇപ്പോള്‍ ബുദ്ധിസ്റ്റുകളുള്ള ലഡാക്കിന്റെ ഭാഗമായി മാറ്റുകയും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ശിയാ- സുന്നി വിഭജനം നിലവിലുണ്ടെങ്കിലും സാംസ്‌കാരികമായി കശ്മീര്‍ താഴ്‌വരയിലുള്ളവരുമായി അടുത്തുനില്‍ക്കുന്നവരാണ് കാര്‍ഗില്‍ നിവാസികള്‍. അതുകൊണ്ടുതന്നെ കശ്മീരിന്റെ ഭാഗമാകാനാണ് തങ്ങള്‍ക്കും താല്‍പര്യമെന്നും ഇവര്‍ പറയുന്നു.
‘ഇത് ജനാധിപത്യത്തിന്റെ ധ്വംസനമാണ്. കശ്മീര്‍ മേഖലയില്‍ ചേരാനാണ് ഞങ്ങളുടെ താല്‍പര്യം. ഞങ്ങളുടെ സമ്മതം വാങ്ങാതെ എങ്ങനെയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുക! ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇത് സംഭവിക്കുമോ? അങ്ങേയറ്റം മോശമായ അടിച്ചമര്‍ത്തലാണിത്. ഞങ്ങള്‍ ഇതെല്ലാം കുനിഞ്ഞുനിന്ന് സഹിക്കാന്‍ പോകുന്നില്ല.’ പ്രതിഷേധക്കാരിലൊരാളായ ബക്കല്‍ അലി പറഞ്ഞതായി ഹാഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.