| Friday, 7th September 2018, 10:31 am

കാര്‍ഗിലിലെ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി ; ഒമ്പതിടത്ത് കെട്ടിവെച്ച പണം നഷ്ടമായി; ആകെ കിട്ടിയത് രണ്ടായിരത്തോളം വോട്ട് മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ബി.ജെ.പിയുടെ വര്‍ഗീയ, ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ തള്ളി ജമ്മു കശ്മീരിലെ കാര്‍ഗില്‍. 2019ലെ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കാര്‍ഗിലിലെ ലഡാക് ഓട്ടോണമസ് ഹില്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. ഒരേയൊരു സീറ്റുമാത്രമാണ് ബി.ജെ.പിക്ക് ഇവിടെ ലഭിച്ചത്.

30 അംഗ കൗണ്‍സിലിലേക്ക് 14 സ്റ്റാനാര്‍ത്ഥികളാണ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചത്. ആറു സീറ്റുകളില്‍ സഖ്യമായി മത്സരിക്കുകയും ചെയ്തിരുന്നു. കൗണ്‍സിലിലെ നാലു സീറ്റുകള്‍ നോമിനേറ്റഡ് സീറ്റുകളുമാണ്. എന്നാല്‍ സന്‍സ്‌കാറിലെ ഛായില്‍ മാത്രമാണ് ബി.ജെ.പിയ്ക്ക് വിജയിക്കാനായത്.

ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച ഒമ്പതു സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത് നൂറില്‍ താഴെ വോട്ടുമാത്രമാത്രമാണ്. ഇവര്‍ക്ക് കെട്ടിവെച്ച പണം നഷ്ടമാകും. 52,000 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 2100 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത് എന്നത് എത്രവലിയ തോല്‍വിയാണെന്ന് വ്യക്തമാക്കുന്നു.

Also Read:സ്വവര്‍ഗരതി: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാവും

പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച ഏക സ്ഥാനാര്‍ത്ഥിയായ സ്റ്റാന്‍സിന്‍ ലാക്പയ്ക്ക് 522 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ വെറും30 വോട്ടുകള്‍ക്കു മാത്രമാണ് അദ്ദേഹത്തിന്റെ ജയം.

പത്തുസീറ്റുകളില്‍ വിജയിച്ച നാഷണല്‍ കോണ്‍ഫറന്‍സാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എട്ടു സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്.

ബി.ജെ.പിയുടെ ഈ തകര്‍ച്ചയെ, പ്രത്യേകിച്ച് ബുദ്ധിസ്റ്റുകള്‍ക്ക് മേധാവിത്വമുള്ള സന്‍സ്‌കാര്‍ നിയമസഭാ മണ്ഡലത്തിലടക്കം നേരിട്ട തോല്‍വിയെ രാജ്യമെമ്പാടുമുള്ള ബി.ജെ.പി വിരുദ്ധ വികാരത്തിന്റെ തുടര്‍ച്ചയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഒപ്പം ഭരണഘടന കശ്മീരിന് നല്‍കിയ പ്രത്യേക പദവി എടുത്തുമാറ്റാനുള്ള നീക്കത്തിനുള്ള ശക്തമായ മറുപടിയാണിതെന്നും അവര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more