| Thursday, 30th September 2021, 10:50 am

നടി കരീന കപൂറിന്റെ കാറും മോന്‍സന്റെ കയ്യില്‍; പോര്‍ഷെ കാര്‍ ഒരു വര്‍ഷമായി ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും മോന്‍സന്റെ പക്കല്‍. പോര്‍ഷെ ബോക്‌സ്റ്റര്‍ കാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ആണ് ഉള്ളത്. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനെ തുടര്‍ന്നാണ് വാഹനം പൊലീസ് പിടിച്ചെടുത്തത്. വാഹനത്തിന്റെ രേഖകള്‍ മോന്‍സന്‍ ഹാജരാക്കിയിട്ടുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്.

ഏകദേശം 20 കാറുകളാണ് ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിന്റെ പേരില്‍ മോന്‍സനില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. അതില്‍ ഒരു കാറാണ് കരീന കപൂറിന്റെ പേരിലുള്ള രജിസ്‌ട്രേഷനില്‍ ഇപ്പോഴും തുടരുന്നത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള വണ്ടിയാണ് ഇത്. ഈ കാര്‍ എങ്ങനെ മോന്‍സന്റെ കയ്യില്‍ വന്നു എന്നതും ഇതുവരെ വാഹനത്തിന്റെ രേഖകള്‍ എന്തുകൊണ്ട് മാറ്റിയില്ല എന്ന കാര്യത്തിലും പൊലീസിനും വ്യക്തതയില്ല.

കാറുകളുടെ വലിയ ശേഖരം ഉള്ളതുകൊണ്ട് ഏതൊക്കെ രേഖകള്‍ ഇയാളുടെ കൈവശം ഉണ്ട് എന്നതില്‍ വ്യക്തതയില്ലെന്നും ആധികാരിക രേഖകളെ കുറിച്ച് അറിയില്ലെന്നുമാണ് പൊലീസ് പറയുന്നത്.

കരീനയുടെ മുംബൈയിലുള്ള വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. എങ്ങനെയാണ് വി.ഐ.പികളുടെ വാഹനങ്ങള്‍ മോന്‍സന്റെ കയ്യില്‍ വരുന്നത് എന്നത് സംബന്ധിച്ച് അന്വേഷണം നടന്നിട്ടില്ല. ഒരു കാരവനും മോന്‍സന്റേതായി ചേര്‍ത്തലയില്‍ കിടക്കുന്നുണ്ട്. ഇതിന്റെ ടാക്‌സുമായി ബന്ധപ്പെട്ടോ രേഖകളെ കുറിച്ചോ പൊലീസിനും അറിയില്ല.

അതിനിടെ, മോന്‍സന്‍ നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വാങ്ങിയതിലേറെയും പണമായിട്ടാണ്. സഹായികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ചു. സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും കൂടി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

മോന്‍സന്റെ ശബ്ദംസാംപിളുകള്‍ പരിശോധിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളിലുള്ളത് മോന്‍സന്റെ ശബ്ദം തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാണിത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദം പരിശോധിക്കുക. ഇന്നലെ ഡി.ജി.പി അനില്‍കാന്ത്, എ.ഡി.ജി.പിമാരായ ശ്രീജിത്ത്, മനോജ് എബ്രഹാം എന്നിവരുമായി കേസ് അന്വേഷണപുരോഗതി വിലയിരുത്തിയിരുന്നു.

മോന്‍സനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ് ശ്രീജിത്ത് ഇന്ന് കൊച്ചിയിലെത്തും. മോന്‍സന്റെ മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയ്ക്കുശേഷം മോന്‍സനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. ആവശ്യമെങ്കില്‍ രണ്ടാമതു രജിസ്റ്റര്‍ ചെയ്ത കേസില്‍ മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Kareena kapoor vehicle Monson Mavunkal Cherthala Police station

We use cookies to give you the best possible experience. Learn more