മുംബൈ: 2014 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ക്യൂന്‍ ബോളിവുഡ് സിനിമാ മേഖലയില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ചിത്രമായിരുന്നു.
ചിത്രത്തിലെ നായികയായെത്തിയ കങ്കണ റണൗത്ത് ഈ ഒരൊറ്റ ചിത്രത്തിലൂടെ ബോളിവുഡിലെ ക്യൂനായി മാറി. മികച്ച നിരൂപക പ്രശംസയും ബോക്‌സ് ഓഫീസ് വിജയവുമായ ക്യൂനില്‍ പക്ഷെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് കങ്കണയെ ആയിരുന്നില്ല എന്നതാണ് വാസ്തവം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ടൈം ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തില്‍ കങ്കണ അവതരിപ്പിച്ച റാണി മെഹ്‌റ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചത് ആ സമയത്ത് ബോളിവുഡിലെ മിന്നും താരമായിരുന്ന കരീന കപൂറിനെയായിരുന്നു. എന്നാല്‍ കഥാപാത്രം തനിക്കനിയോജ്യമല്ലെന്ന് പറഞ്ഞ് കരീന ഈ ഓഫര്‍ നിരസിക്കുകയായിരുന്നു. പിന്നീടാണ് ഇക്കാലയളവില്‍ ബോളിവുഡില്‍ പച്ചപിടിക്കാതെ നിന്ന കങ്കണയുടെ അടുത്തേക്ക് ചിത്രമെത്തുന്നത്. കങ്കണ ചിത്രം സ്വീകരിക്കുകയും ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുകയും ചെയ്തു.
നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയപ്പോള്‍ വിവാഹശേഷം ഹണിമൂണ്‍ ട്രിപ്പ് പോവാന്‍ പ്ലാന്‍ ചെയ്തിരുന്ന ലണ്ടനിലേക്ക് ഒറ്റയ്ക്ക് യാത്ര പോവുന്ന റാണി എന്ന പെണ്‍കുട്ടിയുടെ കഥയായിരുന്നു ക്യൂന്‍.
ഒരു പക്ഷെ ആ സിനിമ കരീന ചെയ്തിരുന്നെങ്കില്‍ നടിയുടെ കരിയറിലെ വഴിത്തിരിവാകുമായിരുന്നു ഈ ചിത്രം. ഇതാദ്യമായല്ല കരീന മികച്ച ഓഫറുകള്‍ നിരസിക്കുന്നത്. ദീപിക പദുകോണിനെ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിയാക്കിയ രാം ലീല എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് കരീനയെയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സജ്ഞയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഓഫര്‍ കരീന സ്വീകരിച്ചില്ല. പിന്നീടാണ് ചിത്രത്തിനായി ദീപികയെ സമീപിക്കുന്നത്. താരം ഉടനടി അവസരം സ്വീകരിക്കുകയും ലീല എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കുകയും ചെയ്തു.